
വിവരണം
ഇറ്റലിയിൽ നിന്നും ഒരു കാഴ്ച നമ്മുടെ ജനങ്ങൾ ഇപ്പോഴും ഒരു തമാശ ആയി എടുത്തിരിക്കുവാ ഇതു ഒരു വിലാപം ആവാതെ സൂക്ഷിക്കുക കരുതിയിരിക്കുവാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😭😭😭എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പള്ളിയുടേത് പോലെ തോന്നുന്ന ഒരു വലിയ ഹാളിൽ നിരനിരയായി അടുക്കി വച്ചിരിക്കുന്ന ശവപ്പെട്ടികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

archived link | FB post |
ഈ ശവപ്പെട്ടികളിൽ ഇറ്റലിയിൽ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടേതാണ്, ഈ അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്നാണ് പോസ്റ്റിലൂടെ നൽകാൻ ശ്രമിക്കുന്ന സന്ദേശം. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ കോവിഡ് 19 മൂലം മരിച്ചത് ഇറ്റലിയിലാണ്. ഇപ്പോഴും സ്ഥിതി നിയന്ത്രിക്കാൻ ആയിട്ടില്ല. ഇന്നലെ മാത്രം ഇറ്റലിയിൽ 3500 ലധികം വൈറസ് ബാധ പുതിയതായി റിപ്പോർട്ട് ചെയ്തു. എന്നാൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ മൃതശരീരങ്ങൾ വഹിച്ച ശവപ്പെട്ടിയുടെ ചിത്രമല്ല ഇത്. ചിത്രം മറ്റൊരു സന്ദർഭത്തിലേതാണ്. വിശദാംശങ്ങൾ ഇങ്ങനെ;
വസ്തുതാ വിശകലനം
ഈ ചിത്രത്തിൻറെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഞങ്ങൾക്ക് ചിത്രവുമായി ബന്ധപ്പെട്ട, സ്പാനിഷ് ഭാഷയിൽ 2013 ഒക്ടോബർ 8 ന് പ്രസിദ്ധീകരിച്ച താഴെ പറയുന്ന വാർത്ത ലഭിച്ചു. വാർത്തയുടെ സ്ക്രീൻഷോട്ട് :

Archived |
വാർത്തയുടെ പരിഭാഷ
നിയമവിരുദ്ധ കുടിയേറ്റം
ലാംപെഡൂസ ദുരന്തത്തിലെ മനുഷ്യകടത്തുകാരനെ അറസ്റ്റ് ചെയ്തു
കപ്പലിന്റെ ക്യാപ്റ്റനും ടുണീഷ്യൻ സ്വദേശിയുമായ 35 കാരൻ, , 500 പേരെ അനധികൃതമായി കപ്പലിൽ കടത്തുന്നതിനിടെ കപ്പൽ മുങ്ങി. ഇയാൾക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുക്കും.
കഴിഞ്ഞ വ്യാഴാഴ്ച ഇറ്റാലിയൻ തീരത്ത് തകർന്ന കപ്പൽ 500 പേരെ ലിബിയയിൽ നിന്ന് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നയായിരുന്നു. സംഭവത്തിൽ 35 കാരനായ ടുണീഷ്യൻകാരനെ ” മനപൂർവ്വമായ നരഹത്യ” ചുമത്തി
അറസ്റ്റ് ചെയ്തു. 300 പേർ മരിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ കഴിഞ്ഞയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ളവരെ ലാംപെഡൂസയിലെ ഒരു രക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു, എന്നാൽ ഇന്ന് ഔദ്യോഗിക അറസ്റ്റ് നടക്കുകയും അദ്ദേഹത്തെ സിസിലിയൻ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കപ്പൽ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട 155 പേരിൽ ചിലരുടെ സാക്ഷ്യപ്രകാരം ടുണീഷ്യക്കാരനായ ക്യാപ്റ്റൻ ബെൻസലേം ഖാലിദ് അവർ സഞ്ചരിച്ച കപ്പലിന്റെ ക്യാപ്റ്റനായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സംഘത്തെ മരുഭൂമിയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ലിബിയയിലെ മിസുരാത നഗരത്തിലേക്ക് മാറ്റാനുള്ള ചുമതലയാണ് ഖാലിദ് ഏറ്റെടുത്തത്. അവർ അവിടെ നിന്നാണ് പുറപ്പെട്ടതെന്ന് കാസ്റ്റേവേസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഖാലിദ് തന്നെ ഒരു പുതപ്പിന് തീയിട്ടെന്നും പിന്നീട് തീഉയർന്നതിനെ തുടർന്നുള്ള ബഹളത്തിൽ കപ്പൽ മറിഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റനെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുക്കാമെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, വെള്ളത്തിനടിയിലായ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി 40 ഓളം മുങ്ങൽ വിദഗ്ധർ 50 മീറ്റർ താഴ്ചയിൽ അന്വേഷണം നടത്തുന്നു. ഇന്നത്തെ ആദ്യ മണിക്കൂറിൽ 13 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ആകെ ഇരകളുടെ എണ്ണം 249 ആയി. ഇതേ വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് കൊറോണ വൈറസ് ബാധമൂലം മരിച്ച ആളുകളുടെ മൃതദേഹങ്ങൾ വഹിക്കുന്ന ശവപ്പെട്ടികളല്ല. 2013 ൽ അനധികൃത മനുഷ്യക്കടത്തിനിടെ മരിച്ച 300 റോളം പേരുടെ മൃതദേഹങ്ങൾ അടങ്ങിയ ശവപ്പെട്ടികളുടെ ചിത്രമാണിത്. ഈ ചിത്രത്തിന് ഇറ്റലി ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയുമായി യാതൊരു ബന്ധവുമില്ല. കൊറോണ വൈറസ്ബാധയ്‌ക്കെതിരെ സ്ഥിരീകരണമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ കരുതലോടെ പാലിക്കുകയും പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക. രോഗവ്യാപനം ഫലപ്രദമായി തടയാനാകും.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ചിത്രത്തിന് ഇറ്റലിയിൽ കോവിഡ് 19 മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ അടങ്ങിയ ശവപ്പെട്ടികളുട ചിത്രമല്ലിത്. 2013 ൽ അനധികൃത മനുഷ്യക്കടത്തിനിടെ മരിച്ച 300 പേരുടെ മൃതദേഹങ്ങൾ അടങ്ങിയ ശവപ്പെട്ടികളുടെ ചിത്രമാണിത്. തെറ്റായ വാർത്ത പ്രചരിപ്പിക്കാതിരിക്കുക

Title:ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….
Fact Check By: Vasuki SResult: False
