ഈ ചിത്രം ജശോദാ ബെൻ ഷാഹീൻബാഗിൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്‍റെതല്ല

ദേശീയം രാഷ്ട്രീയം

വിവരണം 

RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 20 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഒരു മണിക്കൂർ കൊണ്ട് 700  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്നത് മോദിയുടെ ഭാര്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജശോദാബേന്‍ കുറച്ചു സ്ത്രീകൾക്കൊപ്പം മുദ്രാവാക്യം മുഴക്കുന്ന രീതിയിൽ കൈകൾ മുകളിലേക്കുയർത്തി ഇരിക്കുന്ന ചിത്രവും   “മോദിയുടെ ഭാര്യ #യശോദബെൻ

ഷഹീൻ ബാഗിൽ

സമരക്കാർക്കൊപ്പം” എന്ന അടിക്കുറിപ്പുമാണ്. 

archived linkFB post

യശോദാ ബെൻ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുക്കുന്ന ചിത്രമാണിത് എന്നാണ്  പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. സമരത്തെ അനുകൂലിച്ചാണോ പ്രതികൂലിച്ചാണോ സമരം നടത്തുന്നത് എന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ എന്ന് വിശേഷണമുള്ള യശോദാ ബെൻ പൗരത്വ ബിൽ വിഷയത്തിൽ സമരത്തിനിറങ്ങിയോ…? ഈ ചിത്രം ഏതാണെന്ന് നമുക്ക് അന്വേഷിച്ചു കണ്ടെത്താം…. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ  റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പോസ്റ്റിൽ നല്‍കിയിരിക്കുന്ന അവകാശവാദം പൂർണ്ണമായും തെറ്റാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. കാരണം ഇതേ ചിത്രം 2016  ഫെബ്രുവരി 13 നു ഡെക്കാൻ ക്രോണിക്കിൾ പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്. “ചേരി നിവാസികൾക്കും  അനാഥർക്കുമായി നരേന്ദ്ര മോദിയുടെ ഭാര്യ ഉപവസിച്ചു” എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്:

deccanchroniclearchived link

വാര്‍ത്തയുടെ വിവരണം : “മുംബൈ: ഏറ്റവും വലിയ ബിസിനസ്സ് ഇവന്‍റ് ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിന് ഒരു ദിവസം മുമ്പ്, ഭാര്യ യശോദബെൻ മോദി വെള്ളിയാഴ്ച നഗരത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടിയ്ക്കിടെ നഗരത്തിലേക്കുള്ള അവരുടെ സന്ദർശനം മറ്റൊരു പ്രധാനപ്പെട്ട ഒരു കാര്യത്തിനായിരുന്നു.  ചേരികൾ തകർക്കുന്നതിനെതിരെയും നിരാലംബരായ അനാഥരായ കുട്ടികളെ സംരക്ഷിക്കുവാനും ആഹ്വാനം ചെയ്യുന്ന സമരത്തെ പിന്തുണച്ച് ഉപവസിക്കാന്‍ എത്തിയതാണ് യശോദ ബെന്‍. 

വിക്രോളിയിൽ ട്രസ്റ്റ് ഗുഡ് സമരിറ്റൻ മിഷൻ ആരംഭിച്ച നിരാഹാര സമരത്തിലാണ് യശോദബെൻ പങ്കെടുത്തത്. ആസാദ് മൈതാനത്ത് നടന്ന സമരത്തില്‍ പട്ടുസാരിയും കണ്ണടയും മംഗൾസൂത്രയും ധരിച്ച് യശോദബെൻ സംഘാടകരോടൊപ്പം ശാന്തമായി ഇരുന്നു. മാധ്യമങ്ങളുമായി സംവദിക്കാൻ അവർ വലിയ താൽപര്യം പ്രകടിപ്പിച്ചില്ല. അവര്‍ക്ക് കേൾവിക്കുറവുണ്ടെന്നു പറഞ്ഞ് യശോദബെനോട് ചോദിച്ച മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകിയത് സഹോദരൻ അശോക് മോദി ആയിരുന്നു.

സംഘാടകൻ എസ്. പീറ്റർ പോൾ രാജിനൊപ്പം ആസാദ് മൈതാനത്തിന് യശോദ ബെന്നിന്‍റെ വലിയ കട്ടൌട്ടുകൾ ഉണ്ടായിരുന്നു.

യശോദബെൻ സംസാരിക്കണമെന്ന് മാധ്യമങ്ങളിൽ നിന്ന് ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷം,  തന്‍റെ സാമൂഹിക പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. “അനാഥരായ കുട്ടികൾക്കും നിരാലംബർക്കും ചേരി നിവാസികൾക്കുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചേരികൾ പൊളിക്കരുത്. ഞാൻ അവർക്കായി ഇന്ന് ഉപവസിക്കുന്നു. ഒരു സാമൂഹിക ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ”അവർ ഗുജറാത്തിയിൽ പറഞ്ഞു. വളരെയധികം ചോദ്യങ്ങൾ അവരോടു ചോദിക്കുന്നത്തില്‍ നിന്ന് മാധ്യമങ്ങളെ സംഘാടകനായ രാജ് വിലക്കി. 

“അവര്‍ വിദ്യാസമ്പന്നയായ സ്ത്രീയാണ്, വിരമിച്ച അധ്യാപികയാണ്. സാമൂഹിക ലക്ഷ്യത്തിനായി അവർ പ്രവർത്തിക്കും. പരിപാടിക്കായി സംഘാടകർ ഞങ്ങളുടെ അടുത്തെത്തിയതാണ്,. അവർ നല്ല കാര്യമാണ് ചെയ്യുന്നത്, ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നു, ”അശോക് മോദി പറഞ്ഞു. അശോക് മോദിയും നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതില്‍ നിന്ന് മാധ്യമപ്രവർത്തകരെ തടഞ്ഞു

ഇങ്ങനെ വാർത്തയുടെ വിവരണം നൽകിയിട്ടുണ്ട്. ഇതേ വാർത്തയും സമാന ചിത്രങ്ങളും  പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്കുകൾ : 

archived linkmid-day.com
archived linkthehindu
archived linkteluguin

2016 ഫെബ്രുവരിയിൽ മുംബൈയിലെ വിക്രോളിയിൽ നിന്നുള്ള ട്രസ്റ്റ് ഗുഡ് സമരിറ്റൻ മിഷൻ ആരംഭിച്ച നടന്ന നിരാഹാര സമരത്തിന്‍റെ ഭാഗമായി യശോദബെൻ ആസാദ് മൈതാനത്ത് പങ്കെടുത്ത ചിത്രം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇപ്പോൾ നടക്കുന്ന പൗരത്വ ബിൽ സമരങ്ങളുമായി യാതൊരു ബന്ധവുമില്ല.

നിഗമനം ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്.  2016 ഫെബ്രുവരി മാസം മുബൈയിലെ വിക്രോളിയിൽ ചേരി നിവാസികളുടെ സംരക്ഷണാര്‍ത്ഥം സംഘടിപ്പിച്ച ഉപവാസത്തിൽ പങ്കെടുക്കാനെത്തിയ യശോദാ ബെന്നിന്‍റെ ചിതമാണിത്. തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. ഇപ്പോൾ നടക്കുന്ന പൗരത്വ ബിൽ സമരങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണിത്.

Avatar

Title:ഈ ചിത്രം ജശോദാ ബെൻ ഷാഹീൻബാഗിൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്‍റെതല്ല

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •