
വിവരണം
സഖാവേ അഭിനന്ദനങ്ങൾ.. മനസ്സിൽ തൊട്ട് ഒരു റെഡ് സല്യൂട്ട് ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക്… കേരള മുഖ്യമന്ത്രി പിണറായി വിജയൻ.. എന്ന തലക്കെട്ട് നല്‍കി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം ദീപം തെളിയിച്ച് വസതിയില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അഹ്വാനപ്രകാരം ഞായര്‍ രാത്രിയില്‍ 9 മണി മുതല്‍ 9 മിനിറ്റ് പിണറായി വിജയന്‍ ദീപം തെളിയിച്ചു എന്ന അവകാശവാദം ഉയര്‍ത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ജോസഫ് ബി.ജെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 851 ഷെയറുകളും 427ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം തന്‍റെ വസതിയില്‍ തിരി തെളിയിച്ച മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചിത്രമാണോ ഇത്? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
മുഖ്യമന്ത്രി വിളക്ക് തെളിയിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇത് പഴയ ചിത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പിആര്‍ഡിയുടെ വെബ്‌സൈറ്റ് രണ്ട് വര്‍ഷം മുന്‍പ് പങ്കുവെച്ച ചിത്രമാണിതെന്നും ഉള്‍പ്പടെയുള്ള മറുപടികളും സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ പിആര്‍ഡിയുമായി ബന്ധപ്പെട്ട് തന്നെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇതുപ്രകാരം ചിത്രം 2018 മാര്‍ച്ച് മാസം 24ന് പിആര്‍ഡി വെബ്‌സൈറ്റില്‍ പങ്കുവെച്ച ഭൗമമണിക്കൂര്‍ ആചരണത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പിആര്‍ഡ് വെബ്‌സൈറ്റില്‍ ഈ ചിത്രം കാണാനും കഴിഞ്ഞു. പിആര്‍ഡി വെബ്‌സൈറ്റിലെ ചിത്രവും ഫെയ്‌സ്ബുക്ക് പ്രചരിക്കുന്ന ചിത്രവും ഒന്ന് തന്നെയാണെന്ന് വ്യക്തമായെങ്കിലും ചിത്രങ്ങളും രണ്ട് ആങ്കിളില്‍ നിന്നും പകര്‍ത്തിയതാണ്. ഭൗമ മണിക്കൂര്‍ ദിനാചരണത്തിന്‍റെ ഭാഗമായുള്ള ചിത്രം മെട്രോ വാര്‍ത്ത എന്ന ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ കെ.ബി.ജയചന്ദ്രന്‍ പകര്‍ത്തിയിരുന്നു. അദ്ദേഹം അന്ന് പകര്‍ത്തിയ ചിത്രം മെട്രോ വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തതായും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രിയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം കെ.ബി.ജയചന്ദ്രന്‍ പകര്‍ത്തിയ ഇതെ ചിത്രം തന്നെയാണ്. ചിത്രം വൈറലായതോടെ കെ.ബി.ജയചന്ദ്രന്‍ തന്നെ ചിത്രത്തിന്‍റെ സന്ദര്‍ഭത്തെ കുറിച്ച് വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഐ ആൻഡ് പിആര്‍ഡി വകുപ്പ് വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം-

വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് (തീയതി കാണാം)-

മെട്രോ വാര്‍ത്ത ഫോട്ടോഗ്രാഫര്‍ കെ.ബി.ജയചന്ദ്രന്‍ പകര്‍ത്തിയ ചിത്രവും ഫെയ്‌സ്ബുക്ക് പോസ്റ്റും


നിഗമനം
2018 മാര്‍ച്ച് 24ലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്‍റെ ഭാഗമായി ലൈറ്റുകള്‍ അണച്ച് വിളക്ക് തെളിയിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കുടുംബത്തിന്‍റെയും ചിത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച്ച അദ്ദേഹം വിളക്ക് തെളിയിച്ചതാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പ്രധാന മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രിയും കുടുംബവും വിളക്ക് തെളിയിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം..
Fact Check By: Dewin CarlosResult: False
