
പ്രചരണം
കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സിആർപിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഛത്തീസ്‌ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സുക്മ, ബീജാപുർ അതിർത്തിയിലെ വനമേഖലയിലാണ് മാവോവിസ്റ്റ് ആക്രമണം ഉണ്ടായത്. അതേ സമയം 15 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തിഎന്നും വാർത്തകൾ അറിയിക്കുന്നു.
അക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ഒരു ചിത്രം സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ച തുടങ്ങിയിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ അടങ്ങിയ പേടകങ്ങൾ ദേശീയ പതാക പുതപ്പിച്ച് നിരത്തി വെയ്ക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റിലെ ചിത്രത്തില്‍ കാണാൻ സാധിക്കുന്നത്. ഒപ്പം അടിക്കുറിപ്പായി അവസാന യാത്രയുടെ ഒരുക്കത്തിൽ.😪😪
ആത്മനിർവൃതിയോടെ പിറന്ന നാടിന് വേണ്ടി ജീവൻ ബലികഴിച്ച പ്രിയ സഹോദരന്മാർ.
ഛത്തീസ്‌ഗഢിൽ വീരമൃത്യു വരിച്ച 22 ധീരസൈനികർക്ക് കണ്ണീർപ്രണാമം 🌹🌹എന്ന് നൽകിയിട്ടുണ്ട്.

സിആർപിഎഫ് ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് പലരും ഇതേ ചിത്രം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ashokepandit | drpawanjaiswal | trendsmap
ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ഒരു പഴയ ചിത്രമാണ് എന്ന് വ്യക്തമായി. വിശദാംശങ്ങൾ പറയാം
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ 2010 ല്‍ റായ്പൂരിൽ ഉണ്ടായ നക്സൽ ആക്രമണത്തിന്‍റെ ഒരു വാര്‍ത്ത ലഭിച്ചു. വാർത്തയിൽ ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

2010 ലെ ആക്രമണത്തില്‍ 27 സിആർപിഎഫ് ജവാൻമാർ ആണ് വീരമൃത്യു വരിച്ചത്. ഛത്തീസ്ഗഡിലെ നാരായണൻപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. അതിക്രൂരമായ ആക്രമണമാണ് നക്സലുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേർക്ക് അന്ന് നടത്തിയത്. മരിച്ച 27 ഉദ്യോഗസ്ഥരുടെ ശരീരത്തിൽ നിന്നും മൂന്നുനാല് ബുള്ളറ്റുകൾ വീതമാണ് കണ്ടെത്താൻ കഴിഞ്ഞതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി വാർത്തകളിൽ എഴുതിയിട്ടുണ്ട്. മൂന്ന് ജവാന്മാരുടെ തൊണ്ട മുറിക്കുകയും മറ്റു മൂന്നുപേരുടെ തല തകർക്കുകയും ചെയ്തിരുന്നു. ധോഡാവി എന്നാ സ്ഥലത്തെ ഘോരവനത്തിനുള്ളില്‍ നിന്നാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചുള്ള ഫയറിങ്ങിൽ പതിനഞ്ചോളം നക്സലുകൾ കൊല്ലപ്പെട്ടു എന്ന് കരുതുന്നു. റോഡ് ഓപ്പണിങ് ഡ്യൂട്ടിക്ക് ശേഷം കാൽനടയായി മടങ്ങുകയായിരുന്ന 63 സുരക്ഷാ സംഘത്തിന് നേരെ കനത്ത ആയുധങ്ങളുമായി നിരവധി നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. എന്നിങ്ങനെയുള്ള വിവരങ്ങളാണ് വാർത്തയിൽ ഉള്ളത്.
ഈ കഴിഞ്ഞ ദിവസം സിആർപിഎഫ് ജവാൻമാർക്ക് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വീരമൃത്യു വരിച്ച 22 ജവാന്മാരുടെ മൃതദേഹങ്ങളുടെ ചിത്രമല്ല ഇത്. 2010 ല്‍ നടന്ന മറ്റൊരു നക്സല്‍ ആക്രമണത്തിന്‍റെതാണ്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം നിരന്തരം നടക്കുന്നതാണ്. എങ്കിലും പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം പഴയതാണ്. ഇപ്പോഴത്തെതല്ല.
നിഗമനം
പോസ്റ്റിലെ ചിത്രം ചത്തീസ്ഗഡിലെ നാരായണൻപൂരില്‍ 2010 ല്‍ സിആർപിഎഫ് ജവാൻമാർക്ക് നേരെ നടന്ന നക്സൽ ആക്രമണത്തിന്‍റെതാണ്. ചിത്രം ഇന്നലെ ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വഹിക്കുന്ന പേടകങ്ങളുടെതല്ല. ഈ ചിത്രം 2010 മുതൽ ഇൻറർനെറ്റിൽ ലഭ്യമാണ്. ഇപ്പോഴത്തെ മാവോയിസ്റ്റ് ആക്രമണവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇത് ഇന്നലെ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വഹിക്കുന്ന പേടകങ്ങളുടെതല്ല. 2010 ലെ ചിത്രമാണിത്
Fact Check By: Vasuki SResult: Misleading
