
വിവരണം
പൊതുമരാമത്ത് മന്ത്രി ജി സുധാകരന് തലയില്‍ മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഒരു വേദിയില്‍ പ്രസംഗിക്കുന്ന ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഒപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “ഞങ്ങൾ സഖാക്കൾക്ക് മതം ഇല്ല്യ എങ്കിലും മലപ്പുറത്തു പോയി പ്രസംഗിക്കാൻ മുസ്ലിം തൊപ്പി നിർബന്ധം ആണ്….”
അതായത് മന്ത്രി ജി സുധാകരന് മലപ്പുറത്ത് പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മുസ്ലിം തൊപ്പി ധരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.
ഈ പ്രചരണം 2018 ലും ഫേസ്ബുക്കില്‍ വ്യാപകമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു, ഇത് വെറും വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം.
വസ്തുതാ വിശകലനം
പഴയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതും ഈയടുത്ത ദിവസങ്ങളില്‍ വൈറലായിട്ടുണ്ട്.
ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയിട്ട് ഞങ്ങള്‍ക്ക് ഫലങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. വാര്‍ത്തകള്‍ തിരഞ്ഞെങ്കിലും ലഭ്യമായില്ല. അതിനാല്‍ വാര്‍ത്തയുടെ വസ്തുത അറിയാന്‍ ഞങ്ങള്‍ മന്ത്രി ജി സുധാകരനുമായി സംസാരിച്ചു. അദ്ദേഹം ഫാക്റ്റ് ക്രെസണ്ടോയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ഞാന്‍ എംഎല്‍എ ആയിരുന്ന കാലത്ത് അതായത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിസി ജോര്‍ജ് എംഎല്‍എയുടെ കൂടെ ഈരാറ്റുപേട്ടയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത സമയത്തെ ചിത്രമാണിത്. വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പിസി ജോര്‍ജ് എന്റെ തലയില്‍ കൊണ്ടുവന്ന് വച്ചതാണ് ഈ തൊപ്പി.”
തുടര്‍ന്ന് ഞങ്ങള്‍ പിസി ജോര്‍ജ് എംഎല്‍എയോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഞാന്‍ തന്നെയാണ് ആ തൊപ്പി അദ്ദേഹത്തിന്റെ തലയില്‍ വച്ച് കൊടുത്തത്. പ്രസംഗിക്കാന്‍ ചെല്ലുമ്പോള്‍ പലര് സ്നേഹപൂര്‍വ്വം ഇത്തരം സമ്മാനങ്ങള്‍ തരാറുണ്ട്. ഈ തൊപ്പിയും അങ്ങനെ ലഭിച്ചതാണ്. ഇസ്ലാം മതക്കാരുടെ തൊപ്പി ആണെങ്കിലും ഇത് ധരിച്ചതിന് പിന്നില്‍ യാതൊരു മത സൂചനകളുമില്ല.”
മന്ത്രി ജി സുധാകരന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എംഎല്‍എ ആയിരുന്ന കാലത്ത് പിസി ജോര്‍ജ് എംഎല്‍എയുടെ സ്ഥലമായ പൂഞ്ഞാറില്‍ ഒരു പൊതുപരിപാടിയില്‍ നിന്നുള്ള 6-7 വര്‍ഷം പഴക്കമുള്ളതാണ് ചിത്രം. മലപ്പുറത്ത് നിന്നുള്ളതല്ല.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത വെറും വ്യാജ പ്രചരണമാണ്. മന്ത്രി സുധാകരന്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ എംഎല്‍എ ആയിരുന്ന കാലത്ത് പൂഞ്ഞാറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത വേളയിലെ ചിത്രമാണിത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Title:മന്ത്രി ജി സുധാകരന് തലയില്‍ തൊപ്പി ധരിച്ചുകൊണ്ട് നില്ക്കുന്ന പഴയ ചിത്രം മലപ്പുറത്ത് നിന്നുള്ളതല്ല…
Fact Check By: Vasuki SResult: False
