
പ്രചരണം
ആലത്തൂർ എം പി രമ്യ ഹരിദാസിന്റെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് തോളിലും മറ്റൊരു കിറ്റ് കൈയ്യിലും തൂക്കിയെടുത്ത് രമ്യ നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എം.പി സംസ്ഥാന സർക്കാർ നൽകുന്ന കിറ്റ് ചുമന്നുകൊണ്ടു പോകുകയാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: കുറ്റം പറയും പക്ഷേ കിറ്റ് വേണ്ട എന്ന് പറയില്ല
കിറ്റ്ലും രമ്യയടി 😁

അതായത് സംസ്ഥാന സർക്കാരിനെ പല കാര്യങ്ങളിലും കുറ്റപ്പെടുത്തുമ്പോഴും സർക്കാർ നൽകുന്ന കിറ്റ് എംപി സ്വീകരിക്കുന്നു എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വാദം.
ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. രമ്യ ഹരിദാസിന്റെ പഴയ ഒരു ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണ് എന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2019 മെയ് 26 മനോരമ ഓൺലൈൻ ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു

സംസ്ഥാന സർക്കാർ കിറ്റ് വിതരണം ആരംഭിച്ചത് 2020 ഏപ്രിൽ മാസത്തിലാണ്. ഒന്നാം പിണറായി സർക്കാരാണ് കോവിഡ് ആശ്വാസമായി കിറ്റ് വിതരണം ആരംഭിച്ചത്. 2020 മാര്‍ച്ചില്‍ കേന്ദ്രസർക്കാർ ആദ്യ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഇത്. എന്നാല്‍ പോസ്റ്റിലെ രമ്യ ഹരിദാസിന്റെ ചിത്രം 2019 മുതല്‍ ലഭ്യമാണ്. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ രമ്യ ഹരിദാസ് എം പിയുമായി സംസാരിച്ചു. എംപി ആകുന്നതിനും മുമ്പ് ആലത്തൂരിലെ ഒരു കോളനിയിൽ ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിനായി പോകുന്ന വേളയില്‍ എടുത്തതാണെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. ഏകദേശം 2019 ലെ പ്രളയ സമയത്ത് ആണ് എന്ന് എംപി പറഞ്ഞു.
ഈ സൂചനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന പേരില്‍ 2019 മാര്‍ച്ച് 18 ന് പ്രസിദ്ധീകരിച്ച ഒരു ചിത്രം ലഭിച്ചു.
ചിത്രത്തില്‍ രമ്യ ഹരിദാസ് കിറ്റുകള്‍ തയ്യാരാക്കുന്നതായി കാണാം. ഇതേ വസ്ത്രം തന്നെയാണ് പോസ്റ്റിലെ ചിത്രത്തിലുള്ളത്. തയ്യാറാക്കിയ കിറ്റുകള്‍ വിതരണം ചെയ്യുന്ന വേളയില്‍ ഉള്ളതാണ് ചിത്രം.

ഏതായാലും കേരളത്തില്‍ കിറ്റ് വിതരണം ആരംഭിക്കുന്നതിന് മുമ്പുള്ള ചിത്രമാണിത്. അതിനാല്‍ സര്‍ക്കാര്‍ നല്കിയ കിറ്റ് ആണ് രമ്യ ഹരിദാസ് എംപിയുടെ കൈയ്യിലുള്ളത് എന്നത് വസ്തുതാപരമായി തെറ്റാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ദുഷ്പ്രചരണത്തിന് പഴയ ചിത്രം ഉപയോഗിക്കുകയാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. രമ്യ ഹരിദാസ് 2019 ലെ പ്രളയ സമയത്ത് ആലത്തൂരിലെ ഒരു കോളനിയിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്ന ചിത്രമാണിത്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന കിറ്റ് ആണ് രമ്യ ഹരിദാസ് പിടിച്ചിട്ടുള്ളത് എന്ന് തെറ്റായി പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:രമ്യ ഹരിദാസ് എംപി 2019 ലെ പ്രളയകാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ചിത്രവുമായി വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
