യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2016 ലേതാണ്…

ദേശീയം രാഷ്ട്രീയം

ഉത്തർപ്രദേശില്‍ സര്‍ക്കാര്‍ തകർത്ത മുസ്ലീം വീടുകളുടെ സമീപകാല ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം വൈറല്‍ ആകുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ്  മുസ്ലിങ്ങള്‍ക്ക് എതിരെയാണ് എന്ന് വാദിച്ചാണ് ചിത്രം പങ്കിടുന്നത്.  

പ്രചരണം 

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മനഃപൂർവം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അവരുടെ വീടുകൾ ബുൾഡോസർ ചെയ്യുകയാണെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. ഇത് സൂചിപ്പിച്ച് ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: 

“ഇന്ത്യയിൽ ഒരു യുദ്ധം നടക്കുന്നുണ്ട് , അത് ഭരണകൂടം മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന യുദ്ധമാണ്. താഴെയുള്ളത് ഉത്തർ പ്രദേശിൽ നിന്നുള്ള ദൃശ്യമാണ്. മുസ്ലീങ്ങൾ ഒന്നിച്ച് താമസിക്കുന്ന ഒരു പ്രദേശം ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നതാണ് ദൃശ്യത്തിലുള്ളത്.”

സമാനമായ അവകാശവാദവുമായി കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാല്‍ പഴയ ഫോട്ടോ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ  

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  മാധ്യമ പ്രവർത്തകനായ ശുഭം നിഗം 2016 മെയ് 26 ന്  ഫേസ്ബുക്കില്‍ ഇതേ ചിത്രങ്ങൾ പങ്കിട്ട ചിത്രങ്ങളുടെ കൂടെ ഈ ചിത്രവും കണ്ടെത്തി. 

ഉന്നാവോയിൽ നടന്ന ഒരു കുടിയൊഴിപ്പിക്കല്‍ നീക്കത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ശുഭം നിഗം പങ്കുവച്ചത്.. 2016ൽ അഖിലേഷ് യാദവായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. 2017 മാർച്ചിലാണ് യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് ‘അമർ ഉജാല‘ വാർത്താ വെബ്‌സൈറ്റില്‍ 2016 മെയ് മാസത്തിൽ ഒന്നിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 

ഉന്നാവോയിലെ അതാവുള്ളയ്ക്കും ഛോട്ടാ ചൗരാഹയ്ക്കും ഇടയിലുള്ള ലോഹ മാണ്ഡി, ബർതൻ ബസാർ പ്രദേശങ്ങളിൽ കുടിയൊഴിപ്പിക്കല്‍  നടത്തിയതായാണ്  റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം പ്രദേശങ്ങളിൽ നിർമ്മിച്ച 85 ഓളം അനധികൃത കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.

അടുത്തിടെ യോഗി ആദിത്യനാഥ് സർക്കാർ ഫറൂഖാബാദിലും ഉന്നാവോയിലും കോടികളുടെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ഈ കയ്യേറ്റശ്രമങ്ങളിൽ മുസ്ലീം വീടുകള്‍ക്ക് നേരെ മാത്രം ബുൾഡോസർ ഉപയോഗിച്ചതായി  വാര്‍ത്തകളില്ല. 

പോസ്റ്റിൽ പങ്കുവെച്ച ചിത്രം അഖിലേഷ് യാദവിന്‍റെ ഭരണകാലത്ത് നടത്തിയ കയ്യേറ്റ വിരുദ്ധ നടപടിയുടെ പഴയ ചിത്രങ്ങളാണ് എന്നു അന്വേഷണത്തില്‍ വ്യക്തമാകുന്നു. 

 നിഗമനം 

പോസ്റ്റില്‍ നല്കിയിരിക്കുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പഴയ ചിത്രമാണ് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് മുസ്ലീം വീടുകള്‍ തകര്‍ക്കുന്ന ചിത്രം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. സമീപകാല സംഭവങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2016 ലേതാണ്…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.