
അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ വീണ്ടും മഴക്കെടുതികൾ രൂക്ഷമാവുകയാണ്. മഴക്കെടുതി കളുടെ ചിത്രങ്ങളും വാര്‍ത്തകളും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാവുകയാണ്. പഴയ രണ്ടു ചിത്രങ്ങൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
പ്രചരണം
പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജലവിഭവ വകുപ്പ് ഓഫീസ് പകുതിയോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചിത്രവും കൃഷിവകുപ്പിന്‍റെ ഒരു ജീപ്പ് വള്ളിച്ചെടികൾ പടർന്നു കയറി ഉപയോഗശൂന്യമായി കിടക്കുന്ന മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്. ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെ: പരമാവധി ജലം സംരക്ഷിച്ച് ജലവകുപ്പും… കൃഷി വകുപ്പിന്‍റെ ഉപയോഗശൂന്യമായ ജീപ്പിന്‍റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: സ്വന്തം വാഹനത്തിൽ കൃഷിചെയ്ത് കൃഷിവകുപ്പും മാതൃകയായി.

ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സർക്കാർ ഓഫീസ് മുങ്ങിക്കിടക്കുന്നു എന്നാണ് പോസ്റ്റിലെ അവകാശവാദം. അതുപോലെ പോലെ ഉപയോഗശൂന്യമായി വള്ളിപ്പടർപ്പുകൾ കയറി തുടങ്ങിയ കൃഷിവകുപ്പിന്‍റെ ജീപ്പിന്‍റെ ചിത്രവും അടുത്തകാലത്തെതാണ് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പഴയ ചിത്രങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് എന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
പലരും ചിത്രം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ചിത്രം-1
ഞങ്ങൾ ആദ്യ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചിത്രം 2018 മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി.

2018 ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ജല വിഭവ വകുപ്പ് ഓഫീസ് മുങ്ങി പോയതിന്‍റെ ചിത്രമാണിത്. ഇക്കാര്യം കടുത്തുരുത്തി വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഞങ്ങളോട് വ്യക്തമാക്കി. “രണ്ടായിരത്തി പതിനെട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ജനലിന്‍റെ ഉയരം വരെ വെള്ളം കയറിയിരുന്നു. അപ്പോഴത്തെ ചിത്രമാണിത്. ഓര്‍ക്കാപ്പുറത്ത് വന്ന പ്രളയമായതിനാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ സാധിച്ചില്ല. കുറെ നാശനഷ്ടങ്ങള്‍ ഉണ്ടായി. പിന്നീട് 2019, 2020 കാലങ്ങളിലും ചെറുതായി വെള്ളപ്പൊക്കം വന്നു. ഇപ്പോള്‍ ഓഫീസ് അവിടെയല്ല പ്രവര്‍ത്തിക്കുന്നത്, കടുത്തുരുത്തി ക്ഷേത്രത്തിന് സമീപം മിനി സിവില്‍ സ്റ്റെഷനുണ്ട്. അവിടെയാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.” ജലവിഭവ വകുപ്പിന്‍റെ കടുത്തുരുത്തിയിലെ പഴയ ഓഫീസ് ആണിത്.
2018 ല്‍ വെള്ളപ്പൊക്കം ഉണ്ടായതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ്സ് സന്ദർശിച്ച് വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ഡച്ച് മാതൃക പരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചത്.
ചിത്രം 2
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2013 ഏപ്രിൽ മാസത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു.

അക്കാലത്ത് ഭരണത്തിൽ ഉണ്ടായിരുന്നത് യുഡിഎഫ് സർക്കാരാണ്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ആയിരുന്നില്ല കേരളം ഭരിച്ചിരുന്നത്.
ചിത്രം എപ്പോൾ പകർത്തിയതാണ് എന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏതു നാട്ടിലെ കൃഷി വകുപ്പിന്‍റെ കീഴിലാണിത് എന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും 2013 മുതൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഇപ്പോഴത്തെ സർക്കാരുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
പഴയ ചിത്രങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്, 2018ലെയും 2013 ലെയും ചിത്രങ്ങളാണ് ഇപ്പോഴത്തേത് എന്ന മട്ടിൽ പോസ്റ്റിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കെടുകാര്യസ്ഥതയുടെ പ്രതീകമായി നല്‍കിയിരിക്കുന്ന ഈ ചിത്രങ്ങള്‍ ഏറെ പഴയതാണ്… സത്യമറിയൂ…
Fact Check By: Vasuki SResult: Misleading
