യുക്രെയ്ന്‍ പ്രസിഡന്‍റ്  യുദ്ധമുഖത്ത് സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പഴയതാണ്… നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

അന്തര്‍ദേശിയ൦

ഉക്രെയ്ൻ പരമാധികാരവും സ്വയംഭരണവും സംരക്ഷിക്കാൻ റഷ്യൻ സൈനികരോട് പൊരുതുമ്പോൾ, യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ട്  ചിത്രങ്ങളും വീഡിയോകളും  സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉക്രെയ്‌നിലെ യുദ്ധ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന  വീഡിയോകളിലും ഫോട്ടോകളിലും ഞങ്ങള്‍ അന്വേഷണം നടത്തി തെറ്റായ അവകാശവാദങ്ങളാണ് പലതുമെന്ന് കണ്ടെത്തിയിരുന്നു. യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുടെ ചിത്രങ്ങള്‍ യുദ്ധവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. 

പ്രചരണം 

സൈനികരോടൊപ്പം സൈനിക യൂണിഫോമിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പ്രസിഡന്‍റ്  യുദ്ധമുന്നണിയിൽ സൈന്യത്തോടൊപ്പം നില്‍ക്കുന്നുവെന്ന വാര്‍ത്ത നല്കിയ മനോരമ ന്യൂസ് ടിവിയുടെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. പ്രസിഡന്‍റിന്‍റെ ചിത്രങ്ങള്‍ക്ക്  ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: 

ഹെൽമെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമൊക്കെ ധരിച്ച് യുദ്ധമുഖത്ത് പ്രസിഡന്‍റ് നേരിട്ട് എത്തുന്നത് രാജ്യത്തിനാകെ ആവേശം ജനങ്ങൾക്കൊപ്പം നിന്ന് പോരാടാൻ മുന്നിട്ടിറങ്ങി.. volodymyr zelensky വെറുംവാക്കല്ല ആക്ഷൻ…  സൈനികർക്ക് ഒപ്പം യുദ്ധത്തിനിറങ്ങി പ്രസിഡന്‍റ്…  ഹീറോ

archived linkFB post

ഞങ്ങൾ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ഫോട്ടോകൾ സമീപകാലത്തേതല്ലെന്ന് കണ്ടെത്തി. ചിത്രങ്ങളുടെ യഥാർത്ഥ സന്ദർഭം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത ഇങ്ങനെ 

യുക്രെയ്ന്‍ പ്രസിഡന്‍റ്  വോളോഡിമർ സെലൻസ്‌കി യുദ്ധ മുഖത്ത് നില്‍ക്കുന്ന രണ്ടു ചിത്രങ്ങളാണ്  പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ചിത്രങ്ങൾക്കായി ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  ചിത്രങ്ങൾ പഴയതാണെന്ന് കണ്ടെത്തി. വാസ്തവത്തിൽ, ഉക്രെയ്നില്‍ ഇപ്പോള്‍ റഷ്യ അധിനിവേശത്തിന് തയ്യാറെടുക്കുന്നതിനും ഏറെനാള്‍ മുമ്പ് പകര്‍ത്തിയതാണ് ഇവ. 

ഇമേജ് സ്റ്റോക്ക് വെബ്‌സൈറ്റായ ഗെറ്റി ഇമേജസില്‍ ഞങ്ങൾ പോസ്റ്റിലെ ഒരു ചിത്രം കണ്ടെത്തി. ഗെറ്റി ഇമേജസിൽ നൽകിയിരിക്കുന്ന വിവരണമനുസരിച്ച്, 2021 ഡിസംബർ 06-ന് ഉക്രേനിയൻ പ്രസിഡന്‍റ് വോലോഡിമർ സെലൻസ്‌കി യുക്രെയ്‌നിലെ ഡോൺബാസിൽ സൈന്യത്തിന്‍റെ മുൻനിര സ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്. 

ചിത്രങ്ങള്‍ പഴയതാണെന്ന് പലരും സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. മനോരമ ന്യൂസ് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ പോസ്റ്റ് കാണാനില്ല. നീക്കം ചെയ്തുവെന്ന് അനുമാനിക്കുന്നു 

അടുത്ത ചിത്രം ന്യൂസ് വെബ്‌സൈറ്റായ ദി കണ്‍സര്‍വേറ്റര്‍ 2021 ഡിസംബര്‍ 9 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഉക്രെയ്നിലും പരിസരത്തും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും രണ്ട് മണിക്കൂർ “വെർച്വൽ ഉച്ചകോടി” നടത്തി. ഉക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തെ വിന്യസിപ്പിക്കുന്നതില്‍  ബൈഡൻ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം നാറ്റോയുടെ കിഴക്കോട്ട് വിപുലീകരണത്തിനെതിരെ ഉറപ്പ് നൽകാൻ പുടിൻ ശ്രമിച്ചു. വളരെക്കുറച്ച് പരിഹരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ “സങ്കീർണ്ണവും സംഘർഷഭരിതവുമായ ഈ സാഹചര്യത്തെക്കുറിച്ച് വേഗത്തിൽ ചർച്ച ആരംഭിക്കുന്നതിന് പ്രതിനിധികളെ നിയമിക്കാൻ രണ്ട് നേതാക്കളും സമ്മതിച്ചു.

അതിനാൽ, ഈ ചിത്രങ്ങള്‍ സമീപകാലത്തേതല്ല, കഴിഞ്ഞ വർഷം പ്രസിഡന്‍റ് സെലൻസ്‌കി അതിർത്തിയിൽ സൈനികരെ സന്ദർശിച്ചപ്പോൾ എടുത്തതാണ്.

ഇതേ ഫാക്ട് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍: 

Old Images Of Ukrainian President Zelenskyy In Military Uniform Shared As Him Joining His Soldiers On The War Front… 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. റഷ്യയുമായുള്ള യുദ്ധത്തിന്‍റെ മുൻനിരയിൽ യുക്രെയ്ൻ പ്രസിഡന്‍റ് എന്ന നിലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന ചിത്രങ്ങൾ അടുത്തിടെയുള്ളതല്ല. കഴിഞ്ഞ വർഷം പ്രസിഡന്‍റ് സെലെൻസ്‌കി സൈനികരെ സന്ദർശിച്ചപ്പോള്‍  പകര്‍ത്തിയ ചിത്രങ്ങളാണിത്. യുക്രെയ്നിലെ നിലവിലെ യുദ്ധവുമായി ഈ ചിത്രങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:യുക്രെയ്ന്‍ പ്രസിഡന്‍റ് യുദ്ധമുഖത്ത് സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പഴയതാണ്… നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •