FACT CHECK: ഹോട്ടലില്‍ അന്യമതസ്ഥർക്ക് ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

അന്തര്‍ദേശിയ൦ സാമൂഹികം

ഹലാൽ എന്ന വാക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആണ്  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  എന്നാല്‍ ലണ്ടനിൽ 2015 ല്‍ നടന്ന ഒരു സംഭവത്തിന് സാമുദായിക മാനങ്ങള്‍  കൂട്ടിച്ചേർത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ് വസ്തുത. 

പ്രചരണം

അന്യമതസ്ഥർക്ക് സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ… ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത് അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ വരുന്ന അന്യമതസ്ഥർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു. എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഇതിനു തെളിവായി പോസ്റ്റില്‍ പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന്‍റെ ലിങ്കും വാർത്തയുടെ ഒരു ചെറിയ സ്ക്രീൻഷോട്ടും നൽകിയിട്ടുണ്ട് . മാനുഷികമൂല്യങ്ങൾ അറിയാത്ത ഇത്തരം മതഭ്രാന്തന്മാരുടെ കടകൾ ജനങ്ങൾ ബഹിഷ്കരിക്കണം ഇത്തരം സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാതെ ഇരിക്കുക എന്നൊരു ആഹ്വാനവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

archived linkFB post

ഞങ്ങൾ വാർത്തയെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ഈ വാർത്ത ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി. 

വസ്തുത ഇതാണ് 

വാര്‍ത്ത പലരും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

പോസ്റ്റിൽ നൽകിയിരിക്കുന്ന ലിങ്ക് തുറന്നു നോക്കിയപ്പോൾ ഈ വാർത്ത 2020 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ചതാണ് എന്ന് കണ്ടു. പോസ്റ്റിലെ വാർത്ത വായിച്ചു നോക്കിയപ്പോൾ ഉള്ളടക്കം ഇതാണ്:

“മുഹമ്മദ് അബ്ദുൾ ബാസിത്, അംജദ്, എന്നീ മതഭ്രാന്തന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇരുവരും വളരെക്കാലമായി ഹോട്ടലുകൾ നടത്തിവരുന്നു അവിടെ ആളുകൾ ഇരുന്നു ഭക്ഷണം കഴിക്കുകയോ പാഴ്സല്‍  വാങ്ങുകയോ ചെയ്യാറുണ്ടായിരുന്നു. ഡെയ്‌ലിമെയിലിന്‍റെ റിപ്പോർട്ട് അനുസരിച്ച്, അവരുടെ 50 ഓളം ഉപഭോക്താക്കൾ വിവിധ തരത്തിലുള്ള അണുബാധകൾ ഉണ്ടായി, അന്വേഷണത്തില്‍, എല്ലാവർക്കും ഭക്ഷ്യവിഷബാധയുണ്ടെന്ന് കണ്ടെത്തി, കഴിച്ച ഭക്ഷണത്തില്‍ മനുഷ്യന്‍റെ വിസർജ്ജനം ആണെന്ന് കണ്ടെത്തി.  ഖൈബര്‍ പാസ് എന്ന കടയിൽ നിന്ന് ഭക്ഷണം വാങ്ങിയവര്‍ക്കാണ്  വിഷബാധയേറ്റത്. അന്വേഷണ സംഘം ഹോട്ടലിലെത്തി മനുഷ്യ വിസർജ്യം കലർന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ ഹോട്ടൽ നടത്തുന്ന മുഹമ്മദ് അബ്ദുൾ ബാസിത്, അംജദ് എന്നിവരെ അറസ്റ്റ് ചെയ്തു, സംഭവം യുകെയിലെ നോട്ടിംഗ്ഹാമിലാണ്. ഹോട്ടലിൽ 2 വ്യത്യസ്‌ത സ്ഥലങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നു, ഒരിടത്ത് ശുദ്ധമായ ഭക്ഷണം ഉണ്ടാക്കുന്നു, മറ്റൊരിടത്ത് മനുഷ്യ വിസർജ്യം ചേര്‍ത്തും, ഈ മതഭ്രാന്തന്മാർ അവരുടെ മതം ഒഴികെയുള്ള എല്ലാ ആളുകൾക്കും മനുഷ്യ വിസർജ്യം കലര്‍ന്ന ഭക്ഷണം നൽകി”.

റിപ്പോർട്ടിൽ  നിന്നുള്ള സൂചന പിന്തുടര്‍ന്ന് ഞങ്ങൾ ഡെയിലി മെയിൽ യുകെയില്‍ പ്രസ്തുത വാർത്ത തിരഞ്ഞു: 

അവരുടെ വാര്‍ത്ത ഇങ്ങനെ: ഭക്ഷ്യ വിഷബാധയേറ്റ 150 ഓളം ഉപഭോക്താക്കൾക്ക് കബാബ് ഷോപ്പുടമകൾ 28,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. മനുഷ്യവിസർജ്യം കലര്‍ന്നതുമൂലമാണ് വിഷബാധയേറ്റത്. നോട്ടിംഗ്ഹാമിലെ ഖൈബർ പാസ് ടേക്ക്എവേയിലെ മുഹമ്മദ് അബ്ദുൾ ബാസിത്, അംജദ് ഭാട്ടി എന്നിവരാണ് ഭക്ഷണശാല ഉടമകള്‍. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട 13 വയസ്സുള്ള ഒരു പെൺകുട്ടി മരിക്കുകയും 142 പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. മനുഷ്യ മലം കലർന്ന ഭക്ഷണം കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് ഭക്ഷ്യ ശുചിത്വ ഇൻസ്പെക്ടർമാർ പറഞ്ഞു.

ഭക്ഷണശാല ഉടമകള്‍ കുറ്റം സമ്മതിച്ചു. അവർക്ക് നാല് മാസത്തെ ജയിൽ ശിക്ഷ, ഭക്ഷണശാലയ്ക്ക് 12 മാസത്തേക്ക് സസ്പെൻഷന്‍, നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ 25,000 പൗണ്ട് പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇരകളായ ഓരോരുത്തര്‍ക്കും 200 പൗണ്ട് നഷ്ടപരിഹാരം ലഭിക്കും.

വിധി പ്രഖ്യാപിച്ച ജഡ്‌ജി ജെറമിലിയ പറഞ്ഞത് ഇങ്ങനെ: ഇത് വളരെ ഗുരുതരമായ ഭക്ഷ്യവിഷബാധയാണ്, ഭക്ഷ്യ ബിസിനസ്സ് നടത്തിപ്പുകാർ എന്ന നിലയില്‍, നിങ്ങളുടെ ഭക്ഷ്യ സുരക്ഷാ, ആരോഗ്യ ചട്ടങ്ങളുടെ ലംഘനം മൂലം ഉണ്ടായതാണ്. ടേക്ക്‌എവേയിൽ ഭക്ഷണം കഴിച്ചവരിൽ വളരെ ഗുരുതരമായ വിഷബാധ ഉണ്ടായെങ്കില്‍  ഗണ്യമായ അളവിൽ മാലിന്യം കലര്‍ന്നിരിക്കാം. പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്തുകൊണ്ട് നിങ്ങൾ പണം സമ്പാദിക്കുകയാണെങ്കിൽ, ഭക്ഷ്യസുരക്ഷ, ശുചിത്വം, ചട്ടങ്ങൾ എന്നിവ പാലിച്ച് ആളുകൾക്ക് അസുഖം വരില്ലെന്ന് ഉറപ്പാക്കാനുള്ള കടമ പൊതുജനങ്ങളോടുണ്ട്.

ജീവനക്കാര്‍ ആവശ്യത്തിന് കൈകഴുകുന്നില്ലെന്നും മൈക്രോവേവുകളുടെ പ്രതലങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ട് മലിനമായതായും ഇൻസ്പെക്ടർമാർ കണ്ടെത്തി. മുന്‍ കൊല്ലം മുതല്‍ തന്നെ അവിടത്തെ ശുചിത്വ നിലവാരം കുറവായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ബെർണാഡ് തോറോഗുഡ് പറഞ്ഞു.

നോട്ടിംഗ്‌ഹാം സിറ്റി കൗൺസിലിന്റെ ഫുഡ്, ഹെൽത്ത്, സേഫ്റ്റി ടീമിൽ നിന്നുള്ള പോൾ ഡെയ്‌ൽസ്, പറഞ്ഞത് ഇങ്ങനെ: ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധയാണ്, ധാരാളം ആളുകളെ ബാധിക്കുന്നു, ചിലർക്ക് ഗുരുതരമായ ലക്ഷണങ്ങൾ വികസിച്ചു. വികസിത രാജ്യങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഇ.കോളിയുടെ ഇനമായതിനാൽ, മാരകങ്ങളൊന്നും ഉണ്ടാകാതിരുന്നത് ഭാഗ്യമാണ്. ചില തൊഴിലാളികളുടെ കൈകഴുകൽ രീതികൾ അപര്യാപ്തമാണെന്നും ഇത് ഭക്ഷണം മലിനമാക്കുന്നതിലേക്ക് നയിച്ചെന്നും വ്യക്തമാണ്.”

അമുസ്‌ലിം ഉപഭോക്താക്കൾക്ക് ഭക്ഷണശാല ഉടമകൾ മലം കലര്‍ത്തിയ  ഭക്ഷണം വിളമ്പിയിരുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് പറയുന്നില്ല. ബിബിസിയും ദി ഗാർഡിയനും സംഭവം  2015-ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളിലും മതപരമായകോണുകള്‍ സംഭവത്തിനുണ്ട് എന്ന് ഒരിടത്തും പരാമര്‍ശിക്കുന്നില്ല.

ദി ഗാർഡിയൻ  പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “100-ലധികം ടേക്ക്എവേ ഉപഭോക്താക്കൾ രണ്ട് മാസത്തോളം ഇ-കോളിയുടെ അപൂർവമായ ഇനം ബാധിച്ച് രോഗികളായിരുന്നു – ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം  ജീവനക്കാർ കൈ കഴുകാത്തതിനെത്തുടർന്നാണ് വിഷബാധ ഉണ്ടായത്. റിപ്പോർട്ട് പ്രോസിക്യൂട്ടറെ ഉദ്ധരിച്ചു ഇങ്ങനെ പറയുന്നു – “ടേക്ക് എവേയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന 12 ജീവനക്കാരിൽ ഒമ്പത് പേർക്കും ബാക്ടീരിയയുടെ അംശം കണ്ടെത്തി, ജീവനക്കാരില്‍ ഒരാളുടെ  മകള്‍ക്ക് ഇതേ അസുഖം ബാധിച്ചു.”

നോട്ടിംഗ്‌ഹാം സിറ്റി കൗൺസിലിന്‍റെ ഫുഡ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ടീമിൽ നിന്നുള്ള പോൾ ഡെയ്‌ൽസിന്‍റെ ഒരു പ്രസ്താവന ബിബിസിയുടെ  റിപ്പോർട്ടിലുണ്ട്.- “ചില തൊഴിലാളികളുടെ കൈ വൃത്തിയാക്കല്‍  പൂർണ്ണമായും അപര്യാപ്തമാണെന്നും ഇത് ഭക്ഷണം മലിനമാകാൻ ഇടയാക്കിയെന്നും വ്യക്തമാണ്.” റസ്റ്റോറന്‍റ് ഉടമകളെ 12 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.

അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ മനുഷ്യവിസർജ്ജനം മനപ്പൂർവ്വം ചേർത്തതാണെന്ന വാദം തെറ്റാണ്. ദി ഖൈബർ പാസ്’ ഭക്ഷണശാലയുടെ ഫേസ്ബുക്ക്  പേജുകള്‍ സജീവമാണ്.  ഇപ്പോള്‍ സുഗമമായി ഖൈബർ പാസ് പ്രവര്‍ത്തിക്കുന്നു എന്ന് അനുമാനിക്കുന്നു.

പ്രസ്തുത സംഭവം നടന്നത് 2015 ലാണ്. ഇപ്പോഴല്ല. ബ്രിട്ടനിലെ രണ്ട് റസ്റ്റോറന്‍റ് ഉടമകൾക്കെതിരെ  മനുഷ്യവിസർജ്യം കലർന്ന ഭക്ഷണം വിളമ്പിയതിന് കേസ് എടുത്തു എങ്കിലും ഇതില്‍ മതപരമായതോ സാമുദായികമായതോ ആയ പ്രേരണയോ ലക്ഷ്യമോ  ഉണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ പറയുന്നില്ല. ജീവനക്കാർ ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകൾ ശരിയായി കഴുകാത്തിരുന്നതാണ് വിഷബാധയ്ക്ക് കാരണമായി കോടതി കണ്ടെത്തിയത്.

വസ്തുതാ അന്വേഷണ മാധ്യമമായ ആള്‍ട്ട് ന്യൂസ് ഇതിനു മുമ്പ് ഈ പ്രചാരണത്തെ കുറിച്ച് അന്വേഷണം നടത്തുകയും തെറ്റിധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് എന്ന നിഗമനത്തില്‍ എത്തുകയും ചെയ്തിരുന്നു.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ലണ്ടനിലെ നോട്ടിംഗ്ഹാമിലെ ദി ഖൈബർ പാസ് റസ്റ്റോറന്റിലെ ആഹാരത്തിൽ മനുഷ്യവിസര്‍ജ്യം കണ്ടെത്തിയ സംഭവത്തിന് മതപരമായ  മാനഗല്‍ ഒന്നും തന്നെയില്ല.  ജീവനക്കാരുടെ വൃത്തിയില്ലായ്മ മൂലമാണ്  സംഭവിച്ചതാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. അമുസ്ലീങ്ങൾക്ക് മാത്രമാണ് മനുഷ്യവിസര്‍ജ്യം കലര്‍ന്ന ഭക്ഷണം നൽകിയത് എന്ന വാദം പൂർണമായും തെറ്റാണ്.ഭക്ഷണം പാഴ്സലായി വാങ്ങി കൊണ്ട് പോയവരിൽ ആണ് പ്രശ്നം ഉണ്ടായത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹോട്ടലില്‍ അന്യമതസ്ഥർക്ക് ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •