മാരക രാസവസ്‌തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശര്‍ക്കരയില്‍ (വെല്ലം) വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശര്‍ക്കര വിപണനം നിരോധിച്ചു എന്ന ഒരു പത്രവാര്‍ത്ത കട്ടിങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന ശര്‍ക്കരയില്‍ അതിമാരകമായ രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപപ്പ് അസി. കമ്മീഷണര്‍ സി.എ.ജനാര്‍ദ്ദനന്‍ നിരോധനത്തിന് ഉത്തരവിട്ടു എന്നതാണ് പത്രവാര്‍ത്തയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ പത്രവാര്‍ത്ത വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ഓസ്റ്റിന്‍ ചെറുപുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 30ല്‍ അധികം റിയാക്ഷനുകളും 31ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കരയുടെ വിപണനത്തിനും ഉത്തരവിനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? എപ്പോഴാണ് ജില്ലയിലെ ശര്‍ക്കരയില്‍ നിന്നും രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്തെന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

വെല്ലം നിരോധിച്ചു എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ 2019 ജനുവരി 13നാണ് മാതൃഭൂമി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് 2019ലെ വാര്‍ത്തയുടെ പത്രകട്ടിങാണെന്ന് വ്യക്തമായി കഴി‍ഞ്ഞു.

നിലവില്‍ കണ്ണൂരില്‍ ശര്‍ക്കരയ്ക്ക് വീണ്ടും നരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോയെന്നും അറിയാന്‍ ഞങ്ങളുടെ പ്രതനിധി കണ്ണൂര്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് (എഫ്എസ്ഒ) ഓഫിസറായ ജിതിനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇപ്പോള്‍ പ്രചരിക്കുന്നത് 2019ലെ വാര്‍ത്ത തന്നെയാണെന്നും ഇത് ശ്രദ്ധിയില്‍പ്പെട്ടിരുന്നു എന്നും നിലവില്‍ ജില്ലയില്‍ ഇത്തരത്തിലൊരു നിരോധനം നിലവിലില്ലെന്നും 2019ല്‍ അസി. കണ്ണീഷണറായിരുന്ന സി.എ.ജനാര്‍ദ്ദനന്‍ സര്‍വീസില്‍ നിന്നും വിരമിച്ചെന്നും ഇപ്പോള്‍ വിനോദ് കുമാറാണ് കണ്ണൂര്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ എന്നും എഫ്എസ്ഒ പറഞ്ഞു.

2019ലെ മാതൃഭൂമി വാര്‍ത്ത-

Mathrubhumi News Report

നിഗമനം

2019ലെ ശര്‍ക്കര നിരോധനം സംബന്ധിച്ച വാര്‍ത്തയാണ് പുതിയതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രചരണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മാരക രാസവസ്‌തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •