
വിവരണം
ഡല്‍ഹിയില്‍ തുടരുന്ന കാര്‍ഷിക സമരത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നുവരുന്നു. പോസ്റ്റുകളില്‍ പല രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടും. അത്തരത്തില്‍പ്പെട്ട ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്.
പോസ്റ്റില്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ചിത്രവും ഒപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി കാർഷിക കടങ്ങൾ എഴുതി തള്ളുന്നു എന്ന വാചകങ്ങളുമുണ്ട്. കൂടാതെ കേരളത്തിലെ മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നില്ല എന്ന് അദ്ദേഹത്തെ പരിഹസിക്കുന്ന വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്.
ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്തുതാപരമായി തെറ്റാണ്. വിശദാംശങ്ങള്‍ പറയാം.
വസ്തുതാ വിശകലനം
ഞങ്ങള്‍ പോസ്റ്റിലെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ 2018 ല്‍ ഇതേ ചിത്രം ചേര്‍ത്ത് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു.
അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കമല്‍ നാഥ് പ്രഖ്യാപിച്ചതായാണ് വാര്‍ത്ത.
ഞങ്ങള്‍ പ്രസ്തുത വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓണ്‍ ലൈനില്‍ തിരഞ്ഞപ്പോള്‍ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ സര്‍ക്കാര്‍ എഴുതി തള്ളുന്നതിനെ കുറിച്ച് 2018-19 കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ച ചില വാര്‍ത്തകള്‍ ലഭിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസ് 2019 ഡിസംബര്‍ 14 ന് പ്രസിദ്ധീകരിച്ച ഒരു ലേഖന പ്രകാരം “മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് സംസ്ഥാനത്ത് രണ്ടാം ഘട്ട കാർഷിക വായ്പ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. 11,675 കോടി രൂപയുടെ കടം എഴുതിത്തള്ളുന്നതിലൂടെ 12 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിക്കും.
എന്നാൽ, സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരുമായി ഹ്രസ്വമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല….”
hindustantimes | archived link
കൂടാതെ ബിസിനസ് ടുഡേ മാധ്യമം 2018 ഡിസംബര്‍ 18 ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അറിയിക്കുന്നത് “തിങ്കളാഴ്ച ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രണ്ട് ലക്ഷം രൂപ വരെ കാർഷിക വായ്പകൾ എഴുതിത്തള്ളാനുള്ള നിർദ്ദേശം പാസാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ വാഗ്ദാനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി.
15 വർഷം നീണ്ടുനിന്ന ബിജെപി ഭരണം അവസാനിപ്പിച്ച സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്ന 10 ദിവസത്തിനുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു…”
മധ്യപ്രദേശില്‍ 2020 മാര്‍ച്ചില്‍ ശിവരാജ് ചൌഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. അതിനു മുമ്പാണ് കമല്‍ നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശ് ഭരിച്ചത്. അക്കാലത്താണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത്. ഈയടുത്ത കാലത്തൊന്നും മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതായി വാര്‍ത്തകളില്ല. പോസ്റ്റിലെ ചിത്രത്തിലുള്ളത് മുന്‍മുഖ്യമന്ത്രി കമല്‍ നാഥാണ്. 2018 ഡിസംബര്‍ 17 മുതല്‍ 2020 മാര്‍ച്ച് 20 വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി.
ഈ വാര്‍ത്ത പഴയതാണ്. നിലവില്‍ മധ്യപ്രദേശില്‍ പൊതുവായി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പഴയ വാര്‍ത്തയാണ്. നിലവില്‍ മധ്യപ്രദേശില്‍ പൊതുവായി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നില്ല. പോസ്റ്റിലെ ചിത്രത്തിലുള്ളത് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍ നാഥാണ്. അദ്ദേഹം അധികാരമേറ്റപ്പോള്‍ രണ്ടു തവണ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. അദ്ദേഹത്തിന്‍റെ കാലാവധി ഒരു വര്‍ഷം മുമ്പ് തീര്‍ന്നതിനെ തുടര്‍ന്ന്‍ 2020 മാര്‍ച്ച് 20 ന് ശിവരാജ് ചൌഹാന്‍ സ്ഥാനമേറ്റു. ഇപ്പോള്‍ ശിവരാജ് ചൌഹാനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി.

Title:മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതി തള്ളിയ പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
