
പ്രചരണം
ദളിത് പീഡനത്തിന്‍റെ നീറുന്ന കഥകൾ ഇന്ത്യയുടെ പലയിടത്തുനിന്നും പലപ്പോഴായി നമ്മൾ കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം സംഭവങ്ങൾക്ക് വളരെ പ്രചാരം ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.
ദളിത് ബാലന് ഇന്ന് ക്ഷേത്രത്തിൽ വെച്ച് പൂജാരിയിൽ നിന്നും നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കു വയ്ക്കുന്നതാണ് പോസ്റ്റ്. തലയിലെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്ന ചെറിയ ബാലന്‍റെ ചിത്രം കാണാം. ചിത്രത്തിന്‍റെ ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്. ബംഗളുരുവിൽ ക്ഷേത്രത്തിൽ കയറിയതിന് പൂജാരി ദളിത് ബാലന്‍റെ തല തൂണിലിടിച്ച് തകർത്തു. അയിത്തം ഇന്നും നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യത്തിൽ ഏറ്റവും പുതിയ വാർത്തയാണിത്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: അച്ഛേ ദിൻ ആഗയാ ..!
ബംഗളൂരുവിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ സവർണ്ണനായ പൂജാരി ദളിത്ബാലന്റെ തല തൂണിലിടിപ്പിച്ച് പരിക്കേൽപ്പിച്ചു .
ഞായറാഴ്ച ക്ഷേത്രത്തിൽ നിന്നും സൗജന്യമായി നൽകുന്ന പായസം കുടിക്കാനാണ് ബാലൻ ക്ഷേത്രത്തിൽ ചെന്നത്.
ദളിത ബാലനെ ക്ഷേത്രത്തിനകത്ത് കണ്ടതിൽ കോപാക്രാന്തനായ പൂജാരി “ക്ഷേത്രം അശുദ്ധമാക്കി” എന്ന് പറഞ്ഞ് ബാലനെ കടന്നു പിടിച്ച് തല തൂണിൽ ഇടിക്കുകയായിരുന്നു ..!

ദളിത് ബാലന്‍റെ തല പൂജാരി തൂണിലിടിച്ച് പരിക്കേൽപ്പിച്ച സംഭവം ബാംഗ്ലൂരിൽ അടുത്ത ദിവസങ്ങളിൽ നടന്നതാണ് എന്നമട്ടിലാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഞങ്ങൾ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. പഴയ വാർത്ത ഇപ്പോഴത്തെ മട്ടിൽ പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ കാര്യമായ സൂചനകള്‍ ലഭിക്കാത്തതിനാല്‍ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങൾ അന്വേഷണം തുടർന്നു. അപ്പോള്‍ നിരവധി മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുള്ളതായി കണ്ടു. ഹിന്ദുസ്ഥാൻ ടൈംസ് ഇതേ ചിത്രം തന്നെ ഉള്‍പ്പെടുത്തി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്ത പ്രകാരം സംഭവം നടന്നത് 2014 ഒക്ടോബറില്‍ ആയിരുന്നു. 7 വയസ്സുള്ള ഒരു ദളിത് ബാലൻ അമ്പലത്തിൽ കയറിയപ്പോള്‍ പൂജാരി തൂണിലിടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് നൽകിയിട്ടുള്ളത്. ക്ഷേത്രം അശുദ്ധമാക്കി എന്നാരോപിച്ചാണ് പൂജാരി കുട്ടിയെ ഉപദ്രവിച്ചത് എന്ന് വാര്‍ത്തകളില്‍ ഒരിടത്തുമില്ല. ഒരു ചെരുപ്പ്കുത്തിയുടെ മകനായ സന്തോഷ് പ്രസാദം കഴിക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിലെത്തിയത്. നിലമംഗാലയിലെ രുദ്രേശ്വര സ്വാമി അമ്പലത്തിലാണ് സംഭവം നടന്നത്.
ദളിത് ബാലനെ കള്ളൻ എന്ന് സംശയിച്ചാണ് പൂജാരി ഇപ്രകാരം മുറിവേൽപ്പിച്ചത് എന്ന് വാർത്തകൾ അറിയിക്കുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സതേടിയ കാര്യം അറിയിച്ച് ഡെക്കാൻ ഹെറാൾഡ് വാർത്ത നൽകിയിട്ടുണ്ട്.
ദേശീയ മാധ്യമങ്ങൾ അടക്കം പലരും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു സംഭവം ഇപ്പോള്‍ നടന്നതല്ല, 2014 നാല് ഒക്ടോബർ മാസം നടന്നതാണ്. ഇപ്പോൾ നടന്ന സംഭവം എന്ന മട്ടിലാണ് പോസ്റ്റിൽ പ്രചരണം നടത്തുന്നത്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന സംഭവം 2014 ഒക്ടോബറില്‍ നടന്നതാണ്. ഈ സംഭവം ഇപ്പോൾ നടന്നതാണ് എന്ന മട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ദളിത് ബാലന്‍റെ തല പൂജാരി തൂണിലിടിച്ച് പരിക്കേൽപ്പിച്ച സംഭവം 2014 ഒക്ടോബറിലെതാണ്…
Fact Check By: Vasuki SResult: Missing Context
