
വിവരണം
Vahab Edakulam എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: “നാലു വയസ്സുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.” ഇതോടൊപ്പം ഇതേ മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ വാർത്തയുടെ വിശദമായ റിപ്പോർട്ടുണ്ട്.
അതായത് പോസ്റ്റിലൂടെ അറിയിക്കുന്നത് നാലുവയസ്സുള്ള കുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ചു എന്നാണ്.

Archived Link |
നമുക്ക് ഈ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിക്കാം. ഈ സംഭവം എപ്പോഴാണ് നടന്നത്..? ഈ വ്യക്തിക്ക് ഡിവൈഎഫ്ഐയുമായുള്ള ബന്ധം എന്താണ്..? എന്നുള്ള കാര്യങ്ങൾക്കൊക്കെ നമുക്ക് ഉത്തരം തേടാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്ത ഓൺലൈനിൽ തിരഞ്ഞു നോക്കി. കേരള ഓൺലൈൻ ടുഡേ എന്ന മാധ്യമം ഇതേ വാർത്ത നൽകിയിട്ടുണ്ട്. വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ഡിസംബർ 22 നാണ്. എന്നാൽ മറ്റൊരു മാധ്യമവും ഈ വാർത്ത നൽകിയിട്ടില്ല.


Kerala News Today | Archived Link |
വാർത്തയുടെ കൂടുതൽ വിശദീകരണത്തിനായി ഞങ്ങൾ കൊളവല്ലൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.”ഇതൊരു പഴയ വാർത്തയാണ്. കഴിഞ്ഞ വര്ഷം ഡിസംബറിലാണ് കേസ് എടുത്തത്. എസ് ഐ രാജഗോപാൽ ഇവിടെ നിന്ന് ട്രാൻസ്ഫെർ ആയി പോയിട്ട് തന്നെ ആറുമാസം കഴിഞ്ഞു. ഈ ലിനേഷിന്റെ പേരിൽ പീഡനത്തിന്റെ രണ്ടു കേസുകൾ ഉണ്ട്. കേസിൽ ഇയാൾക്ക് പിന്നീട് ജാമ്യം കിട്ടുകയും ചെയ്തു. കേസ് ഇപ്പോഴും കോടതിയിലുണ്ട്. ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകനല്ല. അങ്ങനെ ആരും പറഞ്ഞു കേട്ടില്ല.” സ്റ്റേഷനിലെ പോലീസ് ഓഫീസറായ സുനില് ഞങ്ങൾക്ക് തന്ന വിശദീകരണം ഇങ്ങനെയാണ്.
തുടർന്നു ഞങ്ങൾ ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പാനൂർ മേഖല സെക്രട്ടറി വിവേകുമായി ബന്ധപ്പെടാൻ അറിയിച്ചു. തുടർന്ന് ഞങ്ങളുടെ പ്രതിനിധിക്ക് വിവേക് നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു: “ഇയാൾ ഞങ്ങളുടെ സംഘടനയിൽ പ്രവർത്തിക്കുന്നില്ല. ഈ സംഭവം നടന്ന കാലത്ത് ഇത്തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഞങ്ങൾ പോലീസിൽ കേസ് ഫയൽ ചെയ്തിരുന്നു. സംഘടനയുടെ കീഴ്വഴക്കമനുസരിച്ച് ചില മാനദണ്ഡങ്ങൾ പ്രകാരമാണ് അംഗത്വ കൂപ്പൺ നൽകിയാണ് അംഗമാകുക. അല്ലാതെ ആരും ഡിവൈഎഫ്ഐയിൽ അംഗം ആകില്ല. ഈ വ്യക്തിക്ക് ഇതുവരെ ഞങ്ങൾ അംഗത്വ കൂപ്പൺ നൽകിയിട്ടില്ല. മാത്രമല്ല, ഇയാൾ വിളക്കോട്ടൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു എന്നതും വെറും വ്യാജ പ്രചാരണമാണ്.”
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. മാത്രമല്ല, 2018 ഡിസംബർ മാസം നടന്ന സംഭവം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വർഷം മുമ്പേ നടന്ന സംഭവമാണ്. ഇതിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനല്ല. സംഭവത്തിന്റെ വിശദാംശങ്ങൾ മുകളിൽ നൽകിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത മാന്യ വായനക്കാർ പ്രചരിപ്പിക്കാതിരിക്കുക

Title:നാല് വയസ്സുകാരിയെ പീഡിപ്പിച്ച പഴയ വാർത്തയിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണോ…?
Fact Check By: Vasuki SResult: False
