ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് അറസ്റ്റിലായത് RSS പ്രവർത്തകനാണോ..?

കുറ്റകൃത്യം ദേശീയം

വിവരണം 

Prabhakarn Varaprath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ  5000 ത്തിലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മുസ്‌ലിം പേരിൽ ഫോൺ വിളിച്ച് ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു  തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച RSS ക്രിമിനൽ അറസ്റ്റിൽ.” എന്ന തലക്കെട്ടിൽ ഒരു മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. 

“ഗുരുവായൂർ ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് പോലീസിനെയും നാട്ടുകാരെയും ഭീതിയുടെ നിഴലിൽ നിർത്തിയ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പിഎസ് അറസ്റ്റ് ചെയ്തു. കോട്ടയം പനച്ചിപ്പാറ പൂഞ്ഞാർ സ്വദേശി കള്ളാടിയിൽ വീട്ടിൽ സുബിൻ സുകുമാരനെയാണ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഹൌസ് ഓഫീസർ യുഎസ് സുനിൽ ദാസും സംഘവും രവിപുരത്ത് പ്രതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.10 നാണ് ഫാസിൽ തൃപ്രയാർ  എന്ന് സ്വയം പരിചയപ്പെടുത്തി ഗുരുവായൂർ ദേവസ്വം ഓഫീസിലേയ്ക്ക് ഇയാൾ ഫോൺ സന്ദേശം അയച്ചത്…” ഇങ്ങനെയാണ് സ്ക്രീൻഷോട്ടിലെ വാര്‍ത്തയുടെ വിവരണം. 

archived linkFB post

ഈ സംഭവം എപ്പോഴാണ് നടന്നത്..? മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നോ..? പോലീസ് അധികാരികൾ ഇതേപ്പറ്റി പറയുന്നത് എന്താണ്…? നമുക്ക് വാർത്തയുടെ വസ്തുതകൾ കൂടുതലായി അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ വാർത്തയുടെ വിശദാംശങ്ങൾ തിരഞ്ഞു നോക്കി. ഏതാനും മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ  2018 ജനുവരി മാസത്തിലാണ് ഈ വാർത്ത പുറത്തു വന്നിട്ടുള്ളത്. അതായത് ഈ സംഭവം ഈയടുത്ത് നടന്നതല്ല. പഴയ സംഭവം പുതിയത് എന്ന മട്ടിൽ പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

archived linkdeshabhimani

പോസ്റ്റിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടിലോ ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച മറ്റ് വാർത്തകളിലോ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ആർഎസ്എസ് പ്രവർത്തകനാണെന്ന പരാമർശമോ സൂചനകളോ ഇല്ല.

archived linksirajlive
archived linkchavakkadonline
archived linkmalayalamnewsdaily

ഒരു മാധ്യമ വാർത്തയിൽ പോലും പ്രതി ആര്‍‌എസ്‌എസ് കാരനാണ് എന്നു  പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് പോസ്റ്റിലെ ആരോപണത്തിന്‍റെ വാസ്തവമറിയാൻ ഞങ്ങൾ ഗുരുവായൂർ ടെംപിൾ  പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സിഐ പ്രേമാനന്ദ കൃഷ്ണന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇപ്രകാരമാണ് ഈ സംഭവം കഴിഞ്ഞ കൊല്ലത്തേതാണ്. പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സ്വന്തം പേര് മാറ്റി മുസ്ലീം പേരിലാണ് ഭീഷണി സന്ദേശം അയച്ചത്. സമുദായിക സംഘര്‍ഷം ഉണ്ടാക്കാനാകാം ഒരുപക്ഷേ ഇങ്ങനെ ചെയ്തത്. ഇയാള്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകനല്ലകേസില്‍ ഞങ്ങള്‍ ഇങ്ങനെ ചേര്‍ത്തിട്ടില്ല.”

ഈ പോസ്റ്റിൽ 2018 ജനുവരിയിൽ നടന്ന ഒരു സംഭവം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ പുതുതായി അവതരിപ്പിച്ചിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം എത്തിയതും ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ വർഷം  ജനുവരി മാസത്തിലാണ്. ഈയടുത്ത കാലത്തല്ല. കൂടാതെ ഈ വ്യക്തി ആർഎസ്എസ് ക്രിമിനലാണ് എന്നത് വെറും വ്യാജ പ്രചാരണമാണ്. 

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2018 ജനുവരിയിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് ഭീഷണി മുഴക്കി സന്ദേശമെത്തിയതും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതും. കൂടാദി സുബിൻ സുകുമാരൻ എന്ന പ്രതി ആർഎസ്എസ് പ്രവർത്തകനല്ല എന്ന് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന്  മാന്യ വായനക്കാരോ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് അറസ്റ്റിലായത് RSS പ്രവർത്തകനാണോ..?

Fact Check By: Vasuki S 

Result: False