
വിവരണം
സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച്ച തുറക്കും.. എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മനോരമ ന്യൂസിന്റെയും, ന്യൂസ് 18 കേരളയുടെയും വാര്‍ത്തയുടെ ഏതാനം സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയാണ് ഈ പേരില്‍ പ്രചരിക്കുന്നത്. വീഡിയോയിലെ ന്യൂസ് ഫ്ലാഷില്‍ സംസ്ഥാനത്ത് ബുധനാഴ്ച്ച മദ്യശാലകള്‍ തുറക്കുമെന്നും ക്ലബ്ബുകള്‍ക്കും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയേക്കും എന്നതാണ് ഫ്ലാഷ് ന്യൂസായി കാണാന്‍ കഴിയുന്നത്. 2021 മെയ് 23ന് കെ.സി.ഉത്തമന് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 244ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്ക്കുമ്പോള് മദ്യശാലകള്‍ തുറക്കാന്‍ എക്സൈസ് വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഏറ്റവും പുതിയ വാര്‍ത്തയുടെ വീഡിയോ തന്നെയാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ആദ്യം തന്നെ മദ്യശാല, മദ്യവില്‍പ്പന, ബിവറേജസ് എന്നിങ്ങനെയുള്ള കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഏതെങ്കിലും നിശ്ചിത ദിവസം ലോക്ക്ഡൗണിന് ശേഷം മദ്യവില്‍പ്പനശാലകള്‍ തുറക്കുമെന്ന തരത്തിലുള്ള ഒരു വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതെ സമയം തുറന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ബവ് ക്യു ആപ്പിന്റെ സേവനം വീണ്ടും പുനരാംരഭിക്കുമെന്ന വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ ബുധനാഴ്ച്ച തുറക്കുമെന്ന വാര്‍ത്തയുടെ അടിസ്ഥാനമെന്താണെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മനോരമ ന്യൂസ്, ന്യൂസ് 18 കേരള എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥന ഓഫിസുകളില്‍ ഫോണില്‍ ബന്ധപ്പെട്ട് വീഡീയോയെ കുറിച്ച് അന്വേഷിച്ചു. രണ്ട് സ്ഥാപനങ്ങളും നിന്നും ലഭിച്ച മറുപടി ഇങ്ങനെയാണ്-
2020ലെ ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറക്കുമെന്ന വാര്‍ത്ത ഫ്ലാഷ് ചെയ്തത് അന്ന് തന്നെ റിക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസായും ട്രോളായും പ്രചരിച്ചിരുന്നു. അതെ വീഡിയോ തന്നെയാണ് 2021ല്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നതെന്നാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. 2021ല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ അറിയിച്ചു.
കൂടാതെ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്ററിന്റെ ഓഫിസുമായി ബന്ധപ്പെട്ടും മദ്യവില്‍പ്പന പുനരാംരഭിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ലോക്ക്ഡൗണിന് ശേഷം തിരക്കൊഴിവാക്കി മദ്യവില്‍പ്പന പുനരാംരഭിക്കാനാണ് ആലോചനകള്‍ നടക്കുന്നതെന്നും ബവ്ക്യു ആപ്പിലൂടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് തിരക്ക് ഒഴിവാക്കാനാണ് നിര്‍ദേശങ്ങള്‍ വന്നിട്ടുള്ളതെന്നും ഓഫിസ് അറിയിച്ചു.
നിഗമനം
2020ലെ ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നപ്പോഴുള്ള വാര്‍ത്തയുടെ ഭാഗങ്ങളാണ് ഇപ്പോഴും പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കുന്നതിനെ കുറിച്ച് ഇതുവരെ അന്തിമ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സംസ്ഥാനത്ത് ബുധനാഴ്ച്ച മദ്യവില്‍പ്പനശാലകള്‍ തുറക്കുമെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: False
