
വിവരണം
ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബിജെപി-ആര്‍എസ്എസ് സഹയാത്രികനും ചലച്ചിത്ര സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെയെന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ റിലീസ് ചെയ്തു. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ ജനത്തിരക്കാണ് സംസ്ഥാനത്തെ പല തീയറ്ററുകളിലും അനുഭവപ്പെടുന്നതെന്ന അവകാശവാദം ഉന്നയിച്ച് സംവിധായകന്‍ രാമസിംഹന്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. മലബാര്‍ കലാപത്തിന്‍റെ യഥാര്‍ത്ഥ നേര്‍ക്കാഴ്ച്ചയാണ് സിനിമയുടെ ഉള്ളടക്കമെന്നതാണ് രാംമസിംഹന്‍ അവകാശപ്പെടുന്നത്. ഒരു തീയറ്ററില്‍ സിനിമ കാണാന്‍ കയറാന്‍ കാത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിന്‍റെ ചിത്രമാണ് രാമസിംഹന്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇന്ന് റിലീസായ പുഴ മുതല്‍ പുഴ വരെയെന്ന സിനിമ കാണാന്‍ ക്യൂ നില്‍ക്കുന്ന കാസ (ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) പ്രവര്‍ത്തകര്‍.. അഭിമാനം ഈ പ്രസ്താനം.. എന്ന തലക്കെട്ട് നല്‍കി അദ്ദേഹത്തിന്‍റെ ആരോ വാട്‌സാപ്പില്‍ അയച്ചു നല്‍കിയ ചിത്രം പുഴ സമൂഹം ഏറ്റെടുക്കുന്നു എന്ന പേരിലാണ് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. പോസ്റ്റിന് 7,500ല്‍ അധികം റിയാക്ഷനുകളും 493ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുഴ മുതല്‍ പുഴ വരെയെന്ന സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയവരുടെ തിരക്കിന്‍റെ ചിത്രം തന്നെയാണോ സംവിധായകനായ രാമസിംഹന്‍ അബൂബക്കര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വസ്‌തുത വിശകലനം
രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ ചിത്രം ഷട്ടര്‍ സ്റ്റോക്ക് വെബ്‌സൈറ്റില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പങ്കുവെച്ചിട്ടുണ്ടെന്ന വസ്‌തുത കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ ഡെഡ്‌ലൈന്‍ എന്ന സിനിമ വാര്‍ത്ത വെബ്‌സൈറ്റ് 2016ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ചിത്രത്തിന്‍റെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. ഈ ചിത്രത്തില്‍ വ്യക്തമായി തീയറ്ററിന്‍റെ പേര് ഗാലക്സി എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുള്ളതായും തീയറ്ററില്‍ ജനങ്ങള്‍ കാണാന്‍ ക്യൂ നില്‍ക്കന്ന സിനിമ ആഷിക്കി 2 ആണെന്നും ഡിസ്പ്ലേ ചെയ്തിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു.
ഫാക്‌ട് ക്രെസെന്‍ഡോ നടത്തിയ അന്വേഷണത്തില്‍ ഇത് മുംബൈയിലെ ഗെയറ്റി ഗാലക്സി എന്ന തീയറ്ററാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. 2013ലാണ് ഹിന്ദി ബോളിവുഡ് ചിത്രം ആഷിക്കി 2 റിലീസായത്. ആതായത് 10 വര്‍ഷം മുന്‍പ് ഇറങ്ങിയ ആഷിക്കി 2 എന്ന സിനിമ കാണാന്‍ മുംബൈയിലെ തീയറ്ററിന് മുന്നില്‍ കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ രാമസിംഹന്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെയെന്ന സിനിമ കാണാന്‍ എത്തിയ ജനക്കൂട്ടമെന്ന പേരില്‍ പ്രചരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ഡെഡ്‌ലൈന്‍ വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട്-

യഥാര്‍ത്ഥ ചിത്രത്തിന്‍റെ പൂര്‍ണ്ണരൂപം-

നിഗമനം
2013ല്‍ ആഷിക്കി 2 എന്ന ബോളിവുഡ് സിനിമ കാണാന്‍ മുംബൈയിലെ ഗെയറ്റി ഗാലക്‌സി തീയറ്ററില്‍ എത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കാണാന്‍ എത്തിയ ആരാധകരുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കാണാന്‍ എത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
