
വിവരണം
ഗുജറാത്തിലെ വഡോദരയിൽ സ്വാമിനാരയൻ ക്ഷേത്രത്തിൽ ആരംഭിച്ച കോവിഡ് കെയർ സെന്‍റര്‍…ആഹാരവും ചികിത്സയും സൗജന്യമാണ്.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒന്നില്‍ മൂന്ന് സന്യാസിമാര്‍ കോവിഡ് ആശുപത്രി കിടക്കകള്‍ക്ക് അരികിലൂടെ നടന്നു നീങ്ങുന്നതും മറ്റൊന്ന് നൂറ് കണക്കിന് കിടക്കകളുള്ള വിശാലമായ ഒരു ഹാളിന്‍റെ ചിത്രവുമാണ്. സന്ദീപ് വാര്യര്‍ ഫാന്‍സ് ക്ലബ്ബ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ നിഖില്‍ വിജയരാജ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,400ല്‍ അധികം റിയാക്ഷനുകളും 980ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്:
ചിത്രം 1-

ചിത്രം 2-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഗുജറാത്തിലെ വഡോദരയില്‍ സ്വാമിനാരായണ്‍ എന്ന ക്ഷേത്രത്തില്‍ ആരംഭിച്ച കോവിഡ് കെയര്‍ സെന്‍ററിന്‍റെ ചിത്രങ്ങള്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ സന്യാസിമാര്‍ ആശിര്‍വദിക്കുന്ന ചിത്രം ഞങ്ങള്‍ ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതപ്പോള്‍ ഔട്ട്ലുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. മുംബൈ മഹാലക്ഷ്മി റെയ്‌സ് കോഴ്സില്‍ ആരംഭിച്ച കോവിഡ് കെയര്‍ സെന്‍റര്‍ ആശിര്‍വദിക്കുന്ന സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ സ്വാമിമാര്‍ എന്നതാണ് ഔട്ട്‌ലുക്ക് നല്‍കിയരിക്കുന്ന ചിത്രത്തിന്‍റെ (309 ചിത്രങ്ങളില്‍ 13-ാം ചിത്രം) അടിക്കുറിപ്പ്. അതെ സമയം മുംബൈ മഹാലക്ഷ്മി റെയ്‌സ് കോഴ്‌സില്‍ ആരാണ് കോവിഡ് കെയര്‍ സെന്‍റര്‍ ആരംഭിച്ചിരിക്കുന്നതെന്ന് അറിയാന്‍ മഹാലക്ഷ്മി റെയ്‌സ് കോഴ്‌സ് കോവിഡ് കെയര്‍ സെന്‍റര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ 2020 ജൂലൈ 7ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് കണ്ടെതത്താന്‍ കഴിഞ്ഞത്. മുബൈ മെട്രോപോളിറ്റന്‍ റീജണല്‍ ഡെവലപ്മെന്‍റ് അതോറിറ്റി (എംഎംഡിആര്‍ഡിഎ), സിഡ്‌കൊ, മുംബൈ മെട്രോ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് മഹാലക്ഷ്മി റെയ്‌സ് കോഴ്സും അനുബന്ധ പ്രദേശങ്ങളിലും കോവിഡ് കെയര്‍ സെന്‍ററുകള്‍ ആരംഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്രെയാണ് ആശുപ്ത്രി സമുച്ഛയം ഉദ്ഘാടനം ചെയ്തതെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഔട്ട്‌ലുക്ക് ഇന്ത്യാ ഫോട്ടോ ഗ്യാലറിയിലെ ചിത്രം (സ്ക്രീന്‍ഷോട്ട്) –

മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത-

അടുത്തതായി രണ്ടാമത്തെ ചിത്രം ഞങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. അതായത് നൂറുകണക്കിന് കിടക്കകളുള്ള വലിയ ഹാളിന്‍റെ ചിത്രം സെര്‍ച്ച് ചെയ്തതില്‍ നിന്നും 2020 സെപ്റ്റംബറില്‍ ഡെല്‍ഹിയില്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍ററായ സര്‍ദാര്‍ പാട്ടേല്‍ കോവിഡ് കെയര്‍ ആശുപത്രിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ നിന്നും ഫെയ്‌സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ച അതെ ചിത്രവും വിശദവിവരങ്ങളും ലഭ്യമായി. സ്വാമി നാരായണ്‍ ക്ഷേത്രവുമായി യാതൊരു ബന്ധവും ഈ കോവിഡ് സെന്‍ററിനില്ലെന്നതാണ് വസ്‌തുത.
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

എന്‍ഡിടിവി വാര്‍ത്ത റിപ്പോര്‍ട്ട്-

നിഗമനം
പ്രചരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്കും ഗുജറാത്തിലെ സ്വാമിനാരായണ്‍ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഗുജറാത്തിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിൽ ആരംഭിച്ച കോവിഡ് കെയര്‍ സെന്‍ററിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
