
വിവരണം
വാവ സുരേഷിന് പാമ്പ് കടിയേറ്റു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായ വാര്‍ത്ത. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഇതെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും അദ്ദേഹത്തെ മാറ്റി പ്രവേശിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു സുരേഷെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്‍റെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തിന്‍റെ നില മെച്ചപ്പെടുകയും വെന്‍റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ പുറത്ത് വന്നു. പ്രാർത്ഥനകളും ചികിത്സയും സഫലം… വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക് എന്ന തലക്കെട്ട് നല്‍കി അദ്ദേഹം ഒരു ആശുപത്രി കിടക്കിയില്‍ കിടന്നുകൊണ്ട് ക്യാമറയില്‍ നോക്കി ചിരിച്ചു കൊണ്ട് കൈ ഉയര്‍ത്തി കാണിക്കുന്ന ചിത്രം പ്രചരിക്കാന്‍ തുടങ്ങി. ആലപ്പിയന്‍സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,500ല്‍ അധികം റിയാക്ഷനുകളും 77ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് വാവ സുരേഷിന്‍റെ ഏറ്റവും പുതിയ ചിത്രം തന്നെയാണോ? കോട്ടയം മെഡിക്കല്‍ കോളജിലെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമുള്ള ചിത്രമാണോ ഇത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ ചിത്രം തന്നെ മറ്റൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ലഭിച്ചു. എന്നാല്‍ വാവ സുരേഷ് ഫോര്‍ പദ്മശ്രീ എന്ന പ്രൊഫൈലില്‍ നിന്നും ഈ ചിത്രം പങ്കുവെച്ചിരിക്കുന്ന 2020 ഫെബ്രുവരി 16നാണ്. ഇത് സംബന്ധിച്ച് ചന്ദ്രിക 2020 ഫെബ്രുവരി 17ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വാര്‍ത്തയില്‍ ഇതെ ചിത്രം ഉപയോഗിച്ചിട്ടുമുണ്ട്. 2020 ഫെബ്രുവരി 13ന് പത്തനാപുരത്ത് വെച്ച് അദ്ദേഹത്തെ അണലി കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണിതെന്നാണ് വാര്‍ത്തയില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്. മാത്രമല്ല വാവ സുരേഷിനെ വലത് കാലിന്‍റെ തുട ഭാഗത്താണ് മൂര്‍ഖന്‍ കടിച്ചത്. പ്രചരിക്കുന്ന ചിത്രത്തില്‍ ഇടത് കയ്യിലാണ് മുറിവ് കെട്ടിയിരിക്കുന്നതെന്നത് തന്നെ ശ്രദ്ധച്ചില്‍ ഇത് പഴയ ചിത്രമാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും.
2020 ഫെബ്രുവരി 16ന് പങ്കുവെച്ചിട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചിത്രം (അദ്ദേഹത്തിന്‍റെ ഇടത് കയ്യിലാണ് മുറിവ്) –

ചന്ദ്രിക ഫെബ്രുവരി 17ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത-

വാവ സുരേഷിന് കോട്ടയം കുറിച്ചിയില്‍ വെച്ച് പാമ്പ് കടിയേറ്റപ്പോള്‍-
മന്ത്രി വി.എന്‍.വാസന്‍ 2022 ഫെബ്രുവരി 5ന് വാവ സുരേഷിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലില്‍ പങ്കുവെച്ചിട്ടുണ്ട്. സുരേഷിനെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമുള്ള യഥാര്‍ത്ഥ ചിത്രം ഇതാണ്-
നിഗമനം
രണ്ട് വര്‍ഷം മുന്‍പ് പത്തനാപുരത്ത് വെച്ച് അണലി കടിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ വാവ സുരേഷിന്‍റെ ചിത്രമാണ് പുതിയ ചിത്രമെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വാര്‍ഡിലേക്ക് മാറ്റിയ ശേഷമുള്ള വാവ സുരേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
