
വിവരണം
കര്‍ഷരുടെ പ്രതിഷേധം ഡല്‍ഹിയില്‍ ശക്തിയോടെ തുടരുകയാണ്. പഞ്ചാബിലെ കര്‍ഷകരാണ് ഏറെയും സമരത്തിന്‍റെ മുന്നില്‍ നയിച്ചു കാണുന്നത്. അതുകൊണ്ട് തന്നെ തലപ്പാവ് കെട്ടിയ സിഖുകാരുടെ നിരവധി ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും കര്‍ഷക സമരത്തിന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
ഇപ്പോള്‍ വൈറല്‍ ആകുന്ന സിഖ് വേഷധാരിയുടെ ഒരു ചിത്രത്തിന്‍റെ മുകളിലാണ് നമ്മള്‍ ഇന്ന് വസ്തുതാ അന്വേഷണം നടത്താന്‍ പോകുന്നത്. ചിത്രത്തില്‍ ഒരു സിഖ് വേഷധാരി ഇന്ത്യന്‍ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്നതും ഷൂസ് അതിലേയ്ക്ക് വയ്ക്കുന്നതുമായ ദൃശ്യമാണ്.
ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:
“കർഷക സമരം – കർഷക സമരം എന്ന് വലിയ വായിൽ പറയുന്നവരേ നിങ്ങൾ കാണുക സമരത്തിൽ നേർചിത്രങ്ങൾ ….
പവിത്രമായ രാജ്യത്തിൻ്റെ ദേശീയ പതാകയെ അപമാനിക്കുന്നവരെ നിങ്ങൾ കാണുക ,നിങ്ങൾ കേൾക്കുക സമരക്കാർ വിളിക്കുന്ന മുദ്രാവാക്യങ്ങൾ ….. പാകിസ്ഥാനെ തഴുകിയുള്ള മുദ്രാവാക്യങ്ങൾ ഉയരുന്ന സമരനിരയിൽ പ്രതിധ്വനിക്കുന്നത് എവിടയോ കേട്ട് മറന്ന മറ്റൊരു വിഭജനത്തിന് വേണ്ടിയുള്ള ശബ്ദങ്ങളും …
.
ഭരണം നേരായ മാർഗത്തിൽ കടന്ന് പോകുമ്പോൾ ഒരു പറ്റം ആൾക്കാർക്ക് വിറളി പൂണ്ട് ഉറക്കമില്ലാതാവുന്നുണ്ടെങ്കിൽ അതിലെന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു ഇടനിലക്കാർക്കും ,കള്ളക്കടത്ത് കാർക്കും, ഹവാല ഇടപാടുകാർക്കും, ദേശദ്രോഹികൾക്കും ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ച് ലോകത്തിൻ്റ നെറുകയിലെ കിരീടമാകട്ടെ നമ്മുടെ ഭാരതം .”
അതായത് പോസ്റ്റില്‍ വാദിക്കുന്നത് ഈ ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുമുള്ളതാണ് എന്നാണ്.
എന്നാല്‍ ചിത്രത്തിന് കാര്‍ഷിക സമരവുമായി യാതൊരു ബന്ധവുമില്ലെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. വിശദാംശങ്ങള്‍ അറിയൂ…
വസ്തുതാ വിശകലനം
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍, “ദാൽ ഖൽസ യുകെ” എന്ന ബ്ലോഗിൽ ഇതേ ചിത്രം ചിത്രം കണ്ടെത്തി. ഒപ്പം ദേശീയ പതാകയെ അവഹേളിക്കുന്ന ആളുകളുടെ സമാന ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് 2013 ഓഗസ്റ്റ് 17 നാണ്. ദാല്‍ ഖല്‍സ യുകെ യ്ക്ക് ഒരു യുട്യൂബ് ചാനലുണ്ട്. അതില്‍ സമാന പ്രതിഷേധ പ്രകടനങ്ങളുടെ വീഡിയോകള്‍ നല്‍കിയിട്ടുണ്ട്.
മധ്യ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് സമീപം “സിഖുകാർ, കശ്മീരികൾ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ” എന്നിവരുടെ ഒരു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിഖുകാർക്കെതിരായ ഇന്ത്യൻ അടിച്ചമർത്തലിനും പഞ്ചാബിലെ അധിനിവേശത്തിനും എതിരായിരുന്നു പ്രതിഷേധമെന്ന് ബ്ലോഗില്‍ അറിയിക്കുന്നു. ചിത്രം പകര്‍ത്തിയ സമയം രേഖപ്പെടുത്തിയ ആലേഖനം ചിത്രത്തിൽ കാണാം.
ദാല്‍ ഖല്‍സ യുകെ എന്നത് ഒരു സിഖ് കൂട്ടായ്മയാണ്. അലാമി പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് ചിത്രത്തില്‍ ദേശീയ പതാകയെ അവഹേളിക്കുന്ന സിഖ് വേഷധാരിയുടെ പേര് സര്‍ദാര്‍ മന്‍മോഹന്‍ സിംഗ് ഖല്‍സ എന്നാണ്.
യഥാര്‍ത്ഥ ചിത്രവും പോസ്റ്റിലെ ചിത്രവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. പോസ്റ്റിലെ ചിത്രത്തില്‍ സമയം ആലേഖനം ചെയ്ത ഭാഗം സ്മൈലി ചിഹ്നങ്ങള്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
ഈ ചിത്രത്തിന് ഏതായാലും ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. പോസ്റ്റിലെ ചിത്രം 2013 ല്‍ ബ്രിട്ടനില്‍ ഒരു സിഖ് കൂട്ടായ്മ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്നുള്ളതാണ്. ഈ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല

Title:2013 ല്‍ ബ്രിട്ടനില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളത് എന്ന് തെറ്റായി പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
