കാണാതായയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ കുട്ടിയുടെ ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ത്?

സാമൂഹികം

വിവരണം

ഈ കുഞ്ഞുമോനെ രണ്ട് മണി മുതല്‍ ചേരൂരില്‍ നിന്നും കാണാതായിരിക്കുന്നു. എല്ലാവരും എത്രയും പെട്ടെന്ന് എല്ലാടത്തും എത്തിക്കുക.. നിങ്ങള്‍ ഒരു സെക്കന്‍റ് ഈ കുട്ടിക്ക് വേണ്ടി ഉപയോഗിക്കു.. ചിലപ്പോള്‍ നിങ്ങളുടെ കൈവിരല്‍ കൊണ്ട് ഈ കുട്ടിയെ തിരികെ കിട്ടും.. എന്നയൊരു വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു ആണ്‍കുട്ടിയുടെ ചിത്രവുമായി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വില്‍സണ്‍ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 69,000ല്‍ അധികം ഷെയറുകളും 572ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. 2018 ഒക്‌ടോബര്‍ 18 മുതല്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റ് ഇപ്പോഴും വൈറലാണ്. ഒരോ മിനിറ്റിലും പോസ്റ്റിന്‍റെ തീയതി പോലും ശ്രദ്ധിക്കാതെ ആളുകള്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ കുട്ടിയെ 2018ല്‍ ചേരൂരില്‍ നിന്നും കാണാതയതാണോ? 2020ലും ഈ കുട്ടിയെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലേ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ചേരൂര്‍ എന്ന സ്ഥലപ്പേര് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ കുട്ടിയെ കാണാതായതിനെ കുറിച്ചുള്ള മനോരമ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ സംഭവം നടന്നത് 2018ല്‍ അല്ലയെന്നും 2017 സെപ്റ്റംബറിലാണെന്നും വ്യക്തമായി. കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള ചേരൂരില്‍ 2018 സെപ്റ്റംബര്‍ മാസത്തിലാണ് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന രണ്ടര വയസുകാരന്‍ ഷഹ്ബാബിനെ കാണാതാകുകയായിരുന്നു. എന്നാല്‍ പിന്നീട് വീടിന് മുന്നിലെ പുഴയില്‍ വീണാണ് കുട്ടിയെ കാണാതായതെന്നും സെപ്റ്റംബര്‍ 4ന് തളങ്കര ഹാര്‍ബറിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയെന്നും മനോരമ ഓണ്‍ലൈനിന്‍റെ വാര്‍ത്തിയില്‍ വിശദമാക്കുന്നു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

Manorama OnlineArchived Link

ഇതെ കുട്ടിയുടെ ചിത്രവും വിവരങ്ങളുമാണോ ഫെയ്‌സ്ബുക്ക് സന്ദേശിത്തില്‍ നല്‍കിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ ചേരൂര്‍ പ്രദേശം ഉള്‍പ്പെട്ട കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. 2017ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസ് തന്നെയാണിതെന്നും കുട്ടി മരണപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി.

നിഗമനം

2017ല്‍ കാണാതാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തതായും കണ്ടെത്തിയ കുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ് 2018ല്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. 2020ലും തീയതി പോലും നോക്കാതെ ആളുകള്‍ വ്യാപകമായി പോസ്റ്റ് പ്രചരിപ്പിക്കുന്നു. അതുകൊണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുഴയില്‍ വീണ് മരിച്ച കുട്ടിയുടെ ചിത്രം ഉപയോഗിച്ച് പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കാണാതായയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ കുട്ടിയുടെ ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •