FACT CHECK: ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ വിവിപാറ്റ് ക്രമക്കേടിന്‍റെ ഈ വാര്‍ത്ത 2017 ലേതാണ്…

ദേശീയം രാഷ്ട്രീയം

വിവരണം 

ഗുജറാത്തിലെ എട്ടു മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി  എട്ടു സീറ്റുകളും നേടി. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗുജറാത്തി ഭാഷയിലുള്ള ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: “ഗുജറാത്തില്‍ ബിജെപിക്ക് മാത്രം വോട്ടു വീഴുന്ന 138 വോട്ടിംഗ് മെഷീന്‍ പിടികൂടി. വിവരം പുറത്തറിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെഷീനുകള്‍ രഹസ്യമായി നീക്കം ചെയ്തു. സുരേന്ദ്ര നഗര്‍ മണ്ഡലത്തിലെ വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടൊപ്പം “ബിജെപിയുടെ വിജയരഹസ്യം കണ്ടെത്തി എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.”

archived linkFB post

എന്നാല്‍ ഈ വാര്‍ത്തയ്ക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ കീ വേര്‍ഡ്സ് ഉപയോഗിച്ച് വാര്‍ത്തയെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഇത് സംബന്ധിച്ച ചില വാര്‍ത്തകള്‍ ലഭിച്ചു. ഈ സ്ക്രീന്‍ ഷോട്ട് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെതാണ്. ഇപ്പോള്‍ ഗുജറാത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പുമായി ഈ വാര്‍ത്തയ്ക്ക് യാതൊരു ബന്ധവുമില്ല. 

2017 ല്‍ ഇടിവി ന്യൂസ്‌ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിവിപാറ്റ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ട് എന്നും വോട്ടിംഗ് കൃത്യമല്ല എന്നുമാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഈ വിവിപാറ്റ് മെഷീനുകള്‍ കമ്പനിയിലേയ്ക്ക് തിരിച്ചയയ്ക്കുകയുണ്ടായി എന്നും വാര്‍ത്തയിലുണ്ട്. രഹസ്യമായി മെഷീനുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു എന്ന് സമർത്ഥിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ഞങ്ങള്‍ക്ക് ലഭിച്ചില്ല.  ഇടിവി അല്ലാതെ മറ്റ് മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം കാര്യമായി  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

twitter | archived link

അവരുടെ ചാനലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ട്വിട്ടര്‍ പേജില്‍ പലരും പോസ്റ്റ്  ചെയ്തു. 

twitter | archived link

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എത്തിച്ച വിവിപാറ്റുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്   നല്‍കിയ ഹര്‍ജി  സുപ്രീം കോടതി തള്ളിയതായി ANI ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ANI News | archived link

കൂടാതെ ചില ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. 

timesofindia | archived link

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ ഷോട്ട് 2017 ലേതാണ്. വിവിപാറ്റ്  ക്രമക്കേട് എന്ന പേരില്‍ വന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഗുജറാത്തിലെ സുരേന്ദ്ര നഗറില്‍ 138 വിവിപാറ്റ് യന്ത്രങ്ങളില്‍ വോട്ടിംഗ് കൃത്യമല്ല എന്നാ ആരോപണം ഉയര്‍ന്നത് യഥാര്‍ത്ഥത്തില്‍ 2017 ലേ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു. ഇപ്പോള്‍ നടന്ന ഉപതെരെഞ്ഞെടുപ്പുമായി ഈ ആരോപണത്തിന് യാതൊരു ബന്ധവുമില്ല.

Avatar

Title:ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ വിവിപാറ്റ് ക്രമക്കേടിന്‍റെ ഈ വാര്‍ത്ത 2017 ലേതാണ്…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •