ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?

സാമൂഹികം

വിവരണം

ചാവക്കാട് അഥിതി തൊഴിലാളിയെ നാട്ടുകാർ പൊക്കി… ഇനി മട്ടനും ചിക്കനും,, ആഥിതി ജയിലിൽ തീറ്റിപോറ്റും… എന്ന പേരില്‍ കറുത്ത ചായം മുഖത്ത് പൂശി കറുത്ത വസ്‌ത്രവും ധരിച്ച ഒരാളെ പോലീസ് ജീപ്പില്‍ ഇരുത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  സ്പ്രിങ് ഘടിപ്പിച്ച ചെരുപ്പിന്‍റെ ചിത്രവും നാട്ടുകാര്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രബീഷ് പ്രഭാകരന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 2,100ല്‍ അധികം ഷെയറുകളും 108ല്‍ അധികം റിയാക്ഷനുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

Archived LinkArchived Link

എന്നാല്‍ തൃശൂര്‍ ജില്ലയില്‍ ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുണ്ടോ? കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്രയും ജനക്കൂട്ടം റോഡില്‍ നില്‍ക്കുന്ന വീഡിയോ ഈ കഴിഞ്ഞ ദിവസത്തെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥയറിയാന്‍ ഞങ്ങളുടെ പ്രതിനിധി ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ടു. വിഷയത്തെ കുറിച്ചുള്ള പോലീസ് പ്രതികരണം ഇങ്ങനെ-

തൃശൂര്‍ ജില്ലയുടെ പാലഭാഗങ്ങളിലായി ബ്ലാക്ക് മാന്‍ എന്ന പേരില്‍ ചില സാമൂഹ്യവിരുദ്ധര്‍ കുറച്ച് ദിവസങ്ങളായി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് പ്രചരണം പോലെ ഇതുവരെ ആരെയും പോലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ശക്തമായ അന്വേഷണം നടന്നുവരുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് മുന്‍ എപ്പോഴോ നടന്ന സംഭവത്തിന്‍റേത് മാത്രമാണ്. ലോക്‌ഡൗണിന്‍റെ സാഹചര്യത്തില്‍ ഇത്തരം കൂട്ടം കൂടലുകള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും ഇങ്ങനെയൊരു സംഭവം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ചിത്രത്തിന്‍റെ ഉറവിടം അറിയാന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മാത്രമല്ല മുഖ്യധാരമാധ്യമങ്ങളിലോ തൃശൂരിലെ പ്രദേശിക മാധ്യമങ്ങളിലോ ഇത്തരത്തില്‍ ഒരു അറസ്റ്റിനെ കുറിച്ചോ സംഘര്‍ഷ സാഹചര്യത്തെ കുറിച്ചു ഒരു റിപ്പോര്‍ട്ടുകളും വന്നിട്ടെല്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

നിഗമനം

തൃശൂര്‍ ജില്ലയിലെ ചാവക്കാടോ പരിസര പ്രദേശത്തോ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ അന്യസംസ്ഥാനക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •