
വിവരണം
അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇതുവരെ 431376 ആണ്. ഇതിനോടകം 14787 പേര് അവിടെ മരിച്ചു കഴിഞ്ഞു. ചൈന, ഇറാൻ, ഇറ്റലി, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി നാശം വിതച്ചത്. ലോകം മുഴുവൻ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തിയിട്ടും വൈറസിനെ നിയന്ത്രണത്തിലാക്കാനായിട്ടില്ല. രോഗബാധിതർ ഐസൊലേഷൻ പോലുള്ള പ്രതിരോധ മാർഗങ്ങൾക്ക് വിധേയരാകുന്നത് മൂലം മാനസികമായ ചില ബുദ്ധിമുട്ടുകൾ അവർക്കുണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടയിലാണ് അമേരിക്കയിൽ കൊറോണ ബാധിതൻ ഉയരമുള്ള കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു എന്ന വിവരണമുള്ള ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയത്.
വീഡിയോയുടെ വിവരണം ഇതാണ്: “#അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചരോഗി പടുകൂറ്റൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു ലോക പോലീസ് ചമഞ്ഞു അഹങ്കരിച്ച അമേരിക്കയുടെ കയ്യിൽനിന്ന് കാര്യങ്ങൾ കൈവിട്ട അവസ്ഥയിലേക്ക് ആ രാജ്യo പോയിരിക്കുന്നു.”
ചികിത്സയുടെ കാര്യത്തിൽ ലോകത്ത് എപ്പോഴും മികച്ച സ്ഥാനം നിലനിർത്തുന്ന അമേരിക്ക ഇപ്പോൾ വൈറസ് ബാധയുടെ കാര്യത്തിൽ ഹോട്ട്സ്പോട്ട് ആയിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും അവിടെ ഇങ്ങനെ കൊറോണ ബാധിതൻ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടില്ല. ഇത് ഒരു പഴയ വീഡിയോ ആണ്. യാഥാർത്ഥമെന്താണെന്ന് താഴെ കൊടുക്കുന്നു
വസ്തുതാ വിശകലനം
ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒരെണ്ണം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയെ പറ്റിയുള്ള കൃത്യമായ വസ്തുതകൾ ലഭിച്ചു.
ആത്മഹത്യയുടെ വീഡിയോ 2015 മുതൽ ഇന്‍റര്‍നെറ്റില്‍ വിവിധ വിവരണങ്ങളോടെ ലഭ്യമാണ്. വീഡിയോയില്‍ ഫിലാഡൽഫിയ നഗരത്തിൽ നിന്നുള്ള ടാക്സിയും ലഭ്യമാണ്. ഫിലാഡൽഫിയയിലെ ഒരു കെട്ടിടത്തിൽ നിന്ന് 2015 ൽ ചാടി ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ അന്വേഷിച്ചു നോക്കി.
ഞങ്ങള്‍ക്ക് ഫില്ലി വോയ്സ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ദൃക്സാക്ഷിയുടെ വിവരണ പ്രകാരം എംബസ്സി സ്യൂട്ട്സ് ഹോട്ടലിന്‍റെ മുകളില്‍ നിന്നും അഞ്ജാതന്‍ ചാടി മരിച്ചു എന്നാണ് വാര്‍ത്ത.
ഇതേ വൈറല്‍ വീഡിയോയും വാർത്താക്കുറിപ്പും ബ്രേക്കിംഗ് 911 എന്ന വെബ്‌സൈറ്റില്‍ കണ്ടെത്തി. 2015 മെയ് 2 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഫിലാഡൽഫിയയിലെ സിറ്റി സെന്റർ ഏരിയയിലെ എംബസി സ്യൂട്ട്സ് ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
ഒരാള്‍ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയുമായിരുന്നു. സീൻ മക്ഗ്രെലിസ് എന്ന 37 കാരനാണ് ആത്മഹത്യ ചെയ്തതെന്ന് ഫില്ലി മാഗ് വെബ്‌സൈറ്റിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് ഔദ്യോഗിക വാർത്തകളൊന്നും ലഭ്യമല്ല.
അത്യഹത്യ നടന്നത് അമേരിക്കയില്‍ത്തന്നെയാണ്. എന്നാല്‍ 2015 മേയ് രണ്ടാം തിയതിയായിരുന്നു സംഭവം.
കൊറോണ വൈറസ് ബാധയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
നിഗമനം
ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. കൊറോണ ബാധയുമായോ യാതൊരു ബന്ധവുമില്ല.
ലേഖനം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ആദ്യം നല്കിയ നിഗമന പ്രകാരം വീഡിയോ അമേരിക്കയിലെതല്ല എന്നു നല്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് അമേരിക്കയില്‍ നടന്നതാണ് എന്ന വ്യക്തമായ തെളിവുകള്‍ ലഭ്യമായി. എന്നാല്‍ കൊറോണവൈറസ് ബാധയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് 2015ല്‍ നടന്ന സംഭവമാണ്.

Title:ഇത് അമേരിക്കയിൽ കൊറോണ ബാധിതൻ ആത്മഹത്യ ചെയ്യുന്നതിന്‍റെ വീഡിയോ അല്ല…
Fact Check By: Vasuki SResult: False
