മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഡാര്‍ജിലിംഗില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച്…

രാഷ്ട്രീയം | Politics

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കനത്ത ചൂടുകാലാവസ്ഥ അവഗണിച്ച് രാജ്യമെമ്പാടും പ്രചരണം നടത്തുകയാണ്. പ്രചരണത്തിനായി എല്ലാ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇതര രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്താനും സാമൂഹ്യ മാധ്യമങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ബി‌ജെ‌പി നേതാക്കളെയും പ്രവര്‍ത്തകരെയും ഏതാനും പേര്‍ ചേര്‍ന്ന് നടുറോഡില്‍ നിഷ്ക്കരുണം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മണിപ്പൂരില്‍ വോട്ട് ചോദിച്ചെത്തിയ ബി‌ജെ‌പി നേതാക്കളും പ്രവര്‍ത്തകരുമാണിതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*മണിപ്പൂരിൽ ബിജെപിക്ക് ഊഷ്മളമായ സ്വീകരണം. പൊതുജനം നന്നായി ബിജെപി സംസ്ഥാന നേതാക്കളെ അടക്കം പബ്ലിക് റോഡിൽ വെച്ചു കൈകാര്യം ചെയ്യുന്ന കാഴ്ച.*”

archived linkFB post

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി. ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല.

വസ്തുത ഇതാണ് 

വീഡിയോയുടെ വിശദാംശങ്ങള്‍ക്കായി കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  2017 ഒക്‌ടോബറിൽ, പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ഒരു ജനക്കൂട്ടം ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരെ മര്‍ദ്ദിക്കുന്നു എന്ന വിവരണത്തോടെ ഇതേ വീഡിയോ ലഭിച്ചു.  സംഭവം നടന്നത് 2017 ഒക്ടോബർ 5 നാണ്. ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ ഹിൽ സിറ്റിയിൽ എത്തിയതായിരുന്നു. അപ്പോള്‍ വിവിധ സംഘടനകളിൽ നിന്നുള്ള പ്രാദേശിക ഗൂർഖ നേതാക്കളുടെ ശക്തമായ പ്രതിഷേധം അവര്‍ക്ക് നേരിടേണ്ടി വന്നു.  

വീഡിയോയിലെ സംഭാഷണത്തില്‍ ഇങ്ങനെ കേള്‍ക്കാം, “ഗൂർഖകളെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” തുടര്‍ന്ന്  ‘ഗൂർഖകൾ ബിജെപി നേതാക്കളെ തല്ലുന്നു’ എന്ന കീവേഡുകൾ ഉപയോഗിച്ച് ഫാക്റ്റ് ക്രെസന്‍ഡോ തിരഞ്ഞപ്പോള്‍, സംഭവം റിപ്പോർട്ട് ചെയ്ത നിരവധി വാർത്താ ലേഖനങ്ങൾ ലഭിച്ചു. വാര്‍ത്തകള്‍ പ്രകാരം വീഡിയോ ഡാർജിലിംഗിൽ നിന്നുള്ളതാണ്. പോസ്റ്റുകളിൽ അവകാശപ്പെടുന്നതുപോലെ, സംഭവം നടക്കുമ്പോൾ ബിജെപി നേതാക്കൾ വോട്ട് തേടുകയായിരുന്നില്ല. 

ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, പ്രത്യേക ഗൂർഖാലാൻഡ് ആവശ്യപ്പെട്ട് ഡാർജിലിംഗ് പ്രക്ഷോഭം അലയടിക്കുന്നതിനിടെയാണ് സംഭവം. 

archived link 

“ഡാർജിലിംഗ് കുന്നുകളിലെ പര്യടനത്തിന്‍റെ രണ്ടാം ദിവസം, തിരക്കേറിയ ചൗക്ക് ബസാർ പ്രദേശത്ത് ഗൂർഖ ജനമുക്തി മോർച്ചയുടെ (ജിജെഎം) ബെനോയ് തമാംഗ് വിഭാഗത്തിൽ നിന്നുള്ള ആളുകൾ പൊതുയോഗം റദ്ദാക്കാൻ ദിലീപ് ഘോഷിനെ നിർബന്ധിതനാക്കിയതിന് ശേഷം ഘോഷിനെ അനുഗമിച്ച ബിജെപി പ്രവർത്തകരെ മര്‍ദ്ദിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ പിന്നീട് ഘോഷിനെ വിളിച്ച് ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചു.

ഘോഷിനും സംസ്ഥാന ബി.ജെ.പി നേതാവ് ജോയ്‌പ്രകാശ് മജുംദാറിനും ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. “ബിനോയ് തമാംഗ് നീണാൾ വാഴട്ടെ”, “ബിജെപി ഗോ ബാക്ക്” എന്നിങ്ങനെയുള്ള ആക്രോശങ്ങളാണ് സമരക്കാർ ഉയര്‍ത്തിയത്. ഘോഷും മജുംദാറും അവരുടെ ആളുകൾ അടി ഏൽക്കുന്നത് നിസ്സഹായരായി നോക്കിനിന്നു. 

തൃണമൂൽ കോൺഗ്രസും തമാങ്ങിന്‍റെ ആളുകളുമാണ് ആക്രമണം നടത്തിയത്. ആദ്യം അവർ കമ്മ്യൂണിറ്റി ഹാളിനുള്ളിൽ ബഹളം സൃഷ്ടിച്ചു, യോഗം റദ്ദാക്കാൻ ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങൾ ഹാളിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ ഞങ്ങളെ തെരുവിൽ ആക്രമിച്ചു. ഡാർജിലിംഗ് സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം ഘോഷ് പറഞ്ഞു.”

മറ്റ് മാധ്യമങ്ങളും സംഭവത്തെ കുറിച്ച് ഇതേ റിപ്പോര്‍ട്ട് തന്നെയാണ് നല്‍കിയിട്ടുള്ളത്. 

archived link 

ഡാര്‍ജിലിംഗില്‍ 2017 ല്‍ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേര്‍ക്ക് ഗൂര്‍ഖാലാന്‍റ് വാദികള്‍ നടത്തിയ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങളാണിത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ബി‌ജെ‌പി പ്രവര്‍ത്തകരെ ആക്രമിക്കുന്ന വീഡിയോ മണിപ്പൂരില്‍ നിന്നുള്ളതല്ല. ഡാര്‍ജിലിംഗില്‍ പ്രത്യേക ഗൂര്‍ഖാലാന്‍റ് വേണമെന്ന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ 2017 ഒക്ടോബര്‍ മാസത്തില്‍ അവിടെ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ ബി‌ജെ‌പി നേതാക്കളായ ദിലീപ് ഘോഷിനെയും ജോയ്‌പ്രകാശ് മജുംദാറിനെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും മറ്റ് ബി‌ജെ‌പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. നേതാക്കള്‍ വോട്ട് ചോദിക്കാന്‍ ചെന്നതായിരുന്നില്ല, പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഡാര്‍ജിലിംഗില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച്…

Fact Check By: Vasuki S 

Result: False