Russia-Ukraine War: സൈനികനെ ക്രൂരമായി പീഡിപ്പിച്ച് ജീവനോടെ കുരിശിലേറ്റുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…

അന്തര്‍ദേശിയ൦ | International

റഷ്യ ഉക്രയിൻ യുദ്ധം ആസന്നമായതോടെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. റഷ്യ ഉക്രൈൻ യുദ്ധമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ എന്ന മട്ടിൽ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു 

പ്രചരണം 

പട്ടാളക്കാർ എന്ന് തോന്നിക്കുന്ന ഏതാനും പേർ ചേർന്ന് മറ്റൊരു പട്ടാളക്കാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കുരിശിലേറ്റി ചുവട്ടിൽ തീ കൊളുത്തി ജീവനോടെ അയാളെ കൊലപ്പെടുത്തുന്ന അതിക്രൂര ദൃശ്യങ്ങളുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.

Video of crucifixion alive

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ റഷ്യക്കും ഉക്രയിനും ഇടയിൽ ഇപ്പോള്‍ രൂപപ്പെട്ട പ്രശ്നങ്ങളുമായോ സംഘർഷവുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി.

വസ്തുത അന്വേഷണം 

ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകൾ  ആക്കിയ ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ 2015 മുതൽ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു എന്ന സൂചനകൾ ലഭിച്ചു. റഷ്യയിലെ വാർത്താ മാധ്യമമായ ടോപ് ന്യൂസ്  വീഡിയോയെ കുറിച്ച് 2015 ഏപ്രിൽ 24 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്:

“നാഷണലിസ്റ്റ് വോളണ്ടറി റെജിമെന്‍റായ “അസോവ്” എന്ന ഉക്രേനിയൻ സൈനികരില്‍ നിന്നും സൈബര്‍ ബെര്‍കുട്ട് എന്ന ഹാക്കര്‍മാര്‍ക്ക്  നോവോറോസിയ സൈന്യത്തിലെ ഒരു സൈനികനെ കൂട്ടക്കൊല ചെയ്യുന്നതിന്‍റെ വീഡിയോ ഇ-മെയിലായി ലഭിച്ചു. രാത്രി ചിത്രീകരിച്ച ദൃശ്യങ്ങളില്‍, അസോവ് നാഷണൽ ഗാർഡ് ബറ്റാലിയനിൽ നിന്നുള്ള ആയുധധാരികളായ പട്ടാളവേഷം ധരിച്ച ആളുകള്‍ ഒരാളെ ജീവനോടെ കുരിശിലേറ്റി ചുവട്ടില്‍ തീ കൊളുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

വീഡിയോ പകര്‍ത്തിയ വ്യക്തി പറയുന്നതു പ്രകാരം ഉക്രേനിയൻ ദേശീയവാദ യൂണിറ്റിന്‍റെ ചിഹ്നങ്ങളുള്ള നാല് പേർ അജ്ഞാതനെ പീഡിപ്പിക്കുന്നത് ഷിറോകിനോ ഗ്രാമത്തിന് സമീപത്താണ് ചിത്രീകരിച്ചതെന്നാണ്.” 

എന്നാല്‍ അസോവ് റെജിമെന്‍റ് ഈ സംഭവത്തിന്‍റെ ഉത്തരവാദിത്തം നിഷേധിച്ചു. ഈ വീഡിയോ ദൃശ്യങ്ങളില്‍ തങ്ങള്‍ അല്ലെന്നും ദൃശ്യങ്ങളുമായി അസോവിന് യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതാണോ അല്ലെങ്കില്‍ ചിത്രീകരിച്ച് ഉണ്ടാക്കിയതാണോ എന്നു ഇതുവരെ വ്യക്തതയുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടത്തുമില്ല. 

2015 ഏപ്രില്‍ മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ ആണ് റഷ്യയ്ക്കും ഉക്രയിനും ഇടയില്‍ ഇപ്പോള്‍ സംജാതമായ യുദ്ധ സാഹചര്യവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:Russia-Ukraine War: സൈനികനെ ക്രൂരമായി പീഡിപ്പിച്ച് ജീവനോടെ കുരിശിലേറ്റുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False