മഹാരാഷ്ട്രായില്‍ നിന്നുള്ള പഴയ വീഡിയോ കാണ്‍പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ദേശീയം രാഷ്ട്രീയം | Politics

മേയ് 27-ന് ഒരു ടിവി ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന ഉത്തർപ്രദേശിലെ കാൺപൂരിൽ വർഗീയ സംഘർഷത്തിലേക്ക് എത്തിച്ചിരുന്നു. എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ എന്ന പ്രാദേശിക സംഘടന പ്രസ്താവനയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.  പിന്നീട് ബന്ദ് കലാപത്തിലേയ്ക്ക് എത്തുകയായിരുന്നു. കലാപത്തിലെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നുണ്ട്. 

 പ്രചരണം

കലാപകാരികളെ പോലീസ് നേരിടുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വേദനകൊണ്ട് നിലവിളിക്കുമ്പോഴും പോലീസുകാർ ചൂരൽ ഉപയോഗിച്ച്  അടിക്കുന്നത് കാണാം. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് അടിക്കുറിപ്പ് വ്യക്തമാക്കുന്നത്. 

FB postarchived link

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ രണ്ടു കൊല്ലം മുമ്പത്തെ വീഡിയോ കാണ്‍പൂര്‍ സംഭവവുമായി തെറ്റായി   ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോയിൽ നിന്നുള്ള കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ മഹാരാഷ്ട്രയിൽ 2020 ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു.

2020 മാർച്ച് 29-ന് GallinewsIndia എന്ന യുട്യൂബ് ചാനലിൽ വൈറലായ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

വീഡിയോയ്‌ക്കൊപ്പം ഹിന്ദിയിൽ വിവരണം ‘രണ്ടു സംഘങ്ങൾ തമ്മിലുള്ള വഴക്ക് കാണുന്ന കാഴ്ചക്കാർ- പോലീസുകാരുടെ ചൂരൽ പ്രയോഗം’ എന്നാണ് വിവർത്തനം ചെയ്യുന്നത്. മുംബ്ര പോലീസ് എന്ന ഹാഷ്ടാഗും വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. 

മാർച്ച് 27 ന് ശ്രീലങ്കയിലെ കൗസയിലാണ് സംഭവം നടന്നതെന്ന് വാദിച്ച് മറ്റൊരു വീഡിയോ റിപ്പോർട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. 

പല സ്ഥലത്ത് നടന്ന സംഭവങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ന്യൂസ് ബുള്ളറ്റിനാണിത്. അതിനാല്‍ വീഡിയോ ശ്രീലങ്കയില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. പ്രസ്തുത ദൃശ്യങ്ങളെ കുറിച്ച്  വ്യക്തത ലഭിക്കുന്നതിനായി ഞങ്ങളുടെ ശ്രീലങ്കൻ ടീമുമായി ബന്ധപ്പെട്ടിരുന്നു. അവിടെ നിന്നും ലഭിച്ച മറുപടി ഇങ്ങനെയാണ്: “ദൃശ്യങ്ങള്‍ ശ്രീലങ്കയില്‍ നിന്നുള്ളതല്ല. ഇവിടെ ഇത്തരത്തിലുള്ള യൂണിഫോമല്ല പോലീസുകാര്‍ ഉപയോഗിക്കുന്നത്. കൂടാതെ ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന രീതിയും ഇവിടെ പതിവില്ല.”

മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള വീഡിയോ ആണിത്. രണ്ടു കൊല്ലം പഴയതുമാണ്.

ഇതേ ഫാക്ട് ചെക്ക് ഇംഗ്ലിഷില്‍ വായിയ്ക്കാം: 

Viral Video Of Police Using Force Is Not From Kanpur

നിഗമനം 

പോസ്റ്റിലെ വീഡിയോ കാണ്‍പൂരില്‍ നിന്നുള്ളതല്ല. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ 2020 മെയ് മാസം നടന്ന ഒരു സംഭവത്തിന്‍റെതാണ്. കാണ്‍പൂരില്‍ സമീപ ദിവസം നടന്ന കലാപവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മഹാരാഷ്ട്രായില്‍ നിന്നുള്ള പഴയ വീഡിയോ കാണ്‍പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False