വൈറൽ വീഡിയോ ദൃശ്യങ്ങൾ ഗുജറാത്തിൽ ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് വഴി കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റേതല്ല…

ദേശീയം

വിവരണം 

ട്രമ്പിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് വികസിത സംസ്ഥാനമായി മാറുന്നു…. വഴി കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.  പഴങ്ങളും പച്ചക്കറികളും വില്ക്കുന്ന കച്ചവടക്കാരുടെ ചെറിയ കൈവണ്ടികൾ അധികൃതർ ജെസിബി ഉപയോഗിച്ച് തട്ടിമറിച്ചുകളയുകയും  നാശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോസ്റ്റിനു ഇതുവരെ 30000 ലധികം ഷെയറുകൾ 24 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുണ്ട്.  ഡൊണാൾഡ് ട്രമ്പ് ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ഭാരതം സന്ദർശിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സന്ദർശന വേളയോടനുബന്ധിച്ച് പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങൾ വഴിയും വാർത്താ മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നുണ്ട്.  അതേ വിഭാഗത്തിൽ പെട്ട ഒരു വാർത്തയാണ് പോസ്റ്റിലുള്ളത്. 

archived linkFB Post

എന്നാൽ പോസ്റ്റിലെ വീഡിയോ 2020  ജനുവരിയിൽ ഒറീസയിലെ ഭുവനേശ്വറിൽ നടന്ന ഒരു സംഭവത്തിന്റേതാണ്. അല്ലാതെ ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഗുജറാത്തിൽ  നടത്തുന്ന കുടിയൊഴിപ്പിക്കലിന്റേത് അല്ല. കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒരെണ്ണം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ ഇതേ വീഡിയോയെ പറ്റിയുള്ള കൃത്യമായ വാർത്ത ലഭിച്ചു. ഒറീസയിലെ  ചാനലായ ഒഡിഷാറ്റിവി ഇതേ വീഡിയോ 2020  ജനുവരി 24 നാണ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 

archived link

“ഭുവനേശ്വറിലെ യൂണിറ്റ് 1 മാർക്കറ്റിന് സമീപമുള്ള കുടിയൊഴിപ്പിക്കൽ        നടപടിക്കിടെ പഴക്കൂടകൾ ഭുവനേശ്വർ കോർപ്പറേഷൻ അധികൃതർ നശിപ്പിച്ചു” എന്നാണു വീഡിയോയ്ക്ക് നൽകിയിട്ടുള്ള വിവരണം. ഇതേ ദൃശ്യങ്ങൾ മറ്റൊരു ആങ്കിളിൽ ചിത്രീകരിച്ചതാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ തെറ്റായ വിവരണവുമായി  പ്രചരിപ്പിക്കുന്നത്. 

വീഡിയോയെപ്പറ്റി ഒഡിഷ ബൈറ്റ്സ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനാണ് വീഡിയോയിൽ കാണുന്ന കുടിയൊഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.  

ജെസിബി ഉപയോഗിച്ച്‌ ചെറുകിട കച്ചവടക്കാരെ  രാജ് മഹൽ ചാക്ക് മുതൽ എജി സ്ക്വയർ വരെയുള്ള സ്ഥലങ്ങളിൽ നിന്നും  മാറ്റിയതായി കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു. കച്ചവടക്കാർ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി അവിടെ  ബിസിനസ്സ് നടത്തി വരുകയായിരുന്നു. പൊതുജനങ്ങൾക്ക് റോഡുകളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നതിനാണ് നടപടി  സ്വീകരിച്ചതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.”

ഒരേ സ്ഥലത്തുനിന്നുള്ള ഒരേ സംഭവത്തിന്റെ തന്നെ വീഡിയോ ആണ് എന്ന് രണ്ടു വീഡിയോകൾ തമ്മിൽ താരതമ്യം ചെയ്‌താൽ അനായാസം മനസിലാകും. ചില താരതമ്യ ചിത്രങ്ങൾ താഴെ കൊടുക്കുന്നു 

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ വീഡിയോ ഒറീസയിലെ ഭുവനേശ്വറിൽ വഴിയോര കച്ചവടക്കാരെ കുടിയൊഴിക്കിപ്പുന്ന കോർപ്പറേഷൻ നടപടിയുടേതാണ്. അല്ലാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇൻഡ്യ സന്ദർശിക്കുന്നതിന് ഭാഗമായി ഗുജറാത്തിൽ വഴിയോര കച്ചവടക്കാരെ ബലം പ്രയോഗിച്ച്  ഒഴിപ്പിക്കുന്നതിന്റെതല്ല.

Avatar

Title:വൈറൽ വീഡിയോ ദൃശ്യങ്ങൾ ഗുജറാത്തിൽ ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് വഴി കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റേതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

2 thoughts on “വൈറൽ വീഡിയോ ദൃശ്യങ്ങൾ ഗുജറാത്തിൽ ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് വഴി കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റേതല്ല…

Comments are closed.