രാജസ്ഥാനിലെ ഒരു പഴയ വീഡിയോ വെച്ച് സ്വകാര്യ ആശുപത്രിയില്‍ കോവിഡിന്‍റെ മറവില്‍ അവയവ മോഷണം നടക്കുന്നുവെന്ന് വ്യാജപ്രചരണം…

Coronavirus ആരോഗ്യം

പ്രചരണം

കോവിഡിന്‍റെ മറവില്‍ സ്വകാര്യ ആശുപത്രിയിലെ ‘മെഡിക്കല്‍ മാഫിയ’ നടത്തുന്ന അവയവ മോഷണം എന്നാരോപിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയും പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും താഴെ കാണാം.

FacebookArchived Link

വീഡിയോ-

പോസ്റ്റിന്‍റെ മുഴുവന്‍ അടികുറിപ്പ് ഇപ്രകാരമാണ്: “#കോവിഡ്_മരണങ്ങൾക്ക്
#പിന്നിലെ_മെഡിക്കൽ_മാഫിയ. ഇന്നലെ ബാംഗ്ലൂരിൽ നിന്നും പ്രസിദ്ധീകരിച്ച DEKKAN HERALD ലെ ഒരു വാര്‍ത്തയാണിത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ബാംഗ്ലൂർ നഗരത്തിൽ 350 കോവിഡ് മരണങ്ങൾ നടന്നിട്ടുണ്ട്. അതിൽ 67% മരണങ്ങൾ നടന്നിരിക്കുന്നത്,. അഥവാ 235 മരണങ്ങൾ നടന്നിട്ടുളളത് സ്വകാര്യ ആശുപത്രികളിലാണ്. കോവിഡ് -19 ബാധിധരായ വ്യക്തികളെ സ്വകാര്യ ആശുപത്രികളിലേക്ക് 10 ദിവസത്തെ താമസത്തിനായി റഫർ ചെയ്യുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ആശുപത്രികൾ 10,000 രൂപ നൽകുന്ന കിക്ക്ബാക്ക് പദ്ധതികളെ കുറിച്ചും വാര്‍ത്തയിൽ പറയുന്നുണ്ട്.

മരണപ്പെട്ട വ്യക്തി കോവിഡ് രോഗിയാണെങ്കിൽ പിന്നെ അയാളുടെ മൃതശരീരം കുളിപ്പിക്കാനോ സംസ്കരിക്കാനോ ബന്ധുക്കൾക്ക് പോലും അവകാശമില്ല. ആശുപത്രിയിൽ നിന്നും പൊതിഞ്ഞു കെട്ടി തരുന്ന മൃതദേഹത്തിൽ നിന്നും എന്തെല്ലാം ആന്തരീകാവയവങ്ങൾ ആശുപത്രി അധികൃതർ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയാനുളള എല്ലാ പഴുതുകളേയും അടച്ചുളളതാണ് കോവിഡ് രോഗികളുടെ ശവസംസ്കാര പ്രോട്ടോക്കോളുകൾ. ഇത് മെഡിക്കൽ മാഫിയക്ക് കോവിഡ് പോസിറ്റീവായവരെ കൊന്ന് ആന്തരികാവയവങ്ങൾ അടിച്ചെടുക്കാനുളള സൗകര്യങ്ങൾ നൽകുന്നു.

ഈ കോവിഡ് പ്രോട്ടോകോളൂകളുടെ മറവിൽ ഭരണവർഗ്ഗവും ഉദ്യോഗസ്ഥ, മെഡിക്കൽ മാഫിയയുമെല്ലാം അവസരം മുതലാക്കി ജനങ്ങളെ വിഡ്ഢികളാക്കി അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും അതിന്റെ മറവിൽ കോടികൾ സമ്പാദിക്കുകയുമാണ് ചെയ്യുന്നത്.

(ഇതോടൊപ്പം മറ്റൊരു സുഹൃത്ത്
അയച്ചു തന്ന, കോവിഡിന്റെ മറവിൽ മെഡിക്കൽ മാഫിയ നടത്തുന്ന അവയവ മോഷണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സംഭവത്തിന്‍റെ വീഡിയോയും ചേർക്കുന്നു)

ഈ യാഥാര്‍ത്ഥ്യങ്ങൾക്കു നേരെ മുഖം തിരിച്ചാൽ നാളെ ഈ ദുരന്തത്തിനിരയാക്കപ്പെടുന്നത് നമ്മളോ നമ്മുടെ മക്കളോ മാതാപിതാക്കളോ ആയിരിക്കും. അതു കൊണ്ട് കോവിഡ് പ്രോട്ടോക്കോളുകൾക്കെതിരെ ലോക വ്യാപകമായി ഉയർന്നു വന്നിട്ടുളള പ്രതിഷേധങ്ങളുടെ ചുവട് പിടിച്ച് ഇവിടേയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

അതല്ലെങ്കിൽ വലിയൊരു ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്..!!

കടപ്പാട്.”

പക്ഷെ ഇത് സത്യമല്ല! പോസ്റ്റിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്-

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍ സത്യമാണ്. ഡെക്കാന്‍ ഹെറാള്‍ഡ  ബാംഗ്ളൂരിലെ സ്വകാര്യ ആശുപത്രികളില്‍ മരണ നിരക്ക് അധികമാണ് എന്ന് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മെഡിക്കല്‍ മാഫിയയെ കുറിച്ചുള്ള ആരോപണങ്ങളും ഈ വാര്‍ത്ത‍യില്‍ കാണാം വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Deccan HeraldArchived Link

പക്ഷെ സത്യമായ വാര്‍ത്ത‍യുടെ മറവില്‍ ഈ വീഡിയോയെ കുറിച്ച് പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നത് ഇങ്ങനെയാണ് : “ഇതോടൊപ്പം മറ്റൊരു സുഹൃത്ത്അയച്ചു തന്ന, കോവിഡിന്റെ മറവിൽ മെഡിക്കൽ മാഫിയ നടത്തുന്ന അവയവ മോഷണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സംഭവത്തിന്റെ വീഡിയോയും ചേർക്കുന്നു”

എന്നാല്‍ ഈ വാദം പൂര്‍ണമായി തെറ്റാണ്. വീഡിയോ 2018ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. കോവിഡുമായി ഇതിന് യാതൊരു ബന്ധവുമില്ല. രാജസ്ഥാനിലെ കോട്ടയില്‍ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ ഒരു വ്യക്തി വീഡിയോ എടുത്ത് ആശുപത്രിയില്‍ ശസ്ത്രക്രിയ പരാജയപ്പെട്ടു മരിച്ച ഒരു വ്യക്തിയുടെ കിഡ്നീ എടുത്ത് വിറ്റു എന്ന് ആരോപിച്ച് ഇട്ട വീഡിയോയാണിത്‌.  പക്ഷെ ഈ ആരോപണം തെറ്റായിരുന്നു എന്ന് പിന്നിട് പോലീസ് അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞു.

ഞങ്ങളുടെ ഹിന്ദി ടീം ഈ സ്വകാര്യ ആശുപത്രിയും രാജസ്ഥാന്‍ പോലീസുമായി ബന്ധപ്പെട്ടു. ആശുപത്രിയിലെ ഡോ. സുധ ആഗ്രവാല്‍ പറയുന്നത് ഇങ്ങനെ-“ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ്. വീഡിയോ ശ്രദ്ധിച്ചാല്‍ കാണാം ആരും വീഡിയോയില്‍ മാസ്ക് ധരിച്ചിട്ടില്ല. കോവിഡുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. 2 കൊല്ലം മുമ്പേ വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ ക്രാനിയോടോമി നടത്തിയിരുന്നു. ഈ വ്യക്തിയുടെ തലയോടിന്‍റെ ഒരു ഭാഗം എടുത്ത് വയറ്റിന്‍റെ മുകളില്‍ വെച്ചിരുന്നു. ഗുരുതരമായി അസുഖം ബാധിച്ചിരുന്ന ഈ വ്യക്തി പക്ഷെ മരിച്ചു. ഇതിന് ശേഷം ഈ വ്യക്തിയുടെ ബന്ധുക്കള്‍ വീഡിയോ എടുത്ത് ഈയാളുടെ കിഡ്നീ ആശുപത്രി അടിച്ചു മാറ്റി എന്ന ആരോപിച്ചിരുന്നു. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയപ്പോള്‍ ഈ ആരോപണം പൊളിഞ്ഞു.”

ഞങ്ങള്‍ക്ക് രാജസ്ഥാന്‍ പോലീസില്‍ നിന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ ഒരു കോപ്പി ലഭിച്ചു. റിപ്പോര്‍ട്ട്‌ പ്രകാരം മരിച്ച ആളുടെ കിഡ്നീ ശരീരത്തില്‍ തന്നെയുണ്ടായിരുന്നു.

ഈ സംഭവത്തിനെ കുറിച്ച് വിശദമായി ഹിന്ദിയില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക.

राजस्थान में कोरोनावायरस के मरीजों के अंग तस्करी के नाम से फैलाई जा रहा वीडियो फर्जी है |

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോക്ക് വാര്‍ത്ത‍യുമായി അതെ പോലെ കോവിഡുമായി യാതൊരു ബന്ധമില്ല. വീഡിയോ രാജസ്ഥാനിലെ ഒരു സംഭവത്തിന്‍റെ പഴയ വീഡിയോയാണ്. കിഡ്നീ മോഷണം ആരോപിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ച ഒരു പേഷ്യന്‍റിന്‍റെ ബന്ധുകള്‍ ഉണ്ടാക്കിയ വീഡിയോയാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം ഈ വ്യക്തിയുടെ കിഡ്നീക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമായി.

Avatar

Title:രാജസ്ഥാനിലെ ഒരു പഴയ വീഡിയോ വെച്ച് സ്വകാര്യ ആശുപത്രിയില്‍ കോവിഡിന്‍റെ മറവില്‍ അവയവ മോഷണം നടക്കുന്നുവെന്ന് വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False