FACT CHECK: അര്‍ജന്റീനയുടെ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് തായ്‌വാനില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…

അന്തര്‍ദേശിയ൦

പ്രചരണം 

കോപ അമേരിക്കയുടെ  ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച്  അർജന്റീന പതിനഞ്ചാമത് കോപ കിരീടം നേടിയപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആഹ്ലാദം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നിന്നുകൊണ്ട് ഇവിടെ കൊച്ചു കേരളത്തിൽ പോലും ഗംഭീരമായാണ് ആരാധകർ ആഘോഷം നടത്തിയത്. ഫുട്ബോള്‍ കളിക്കായി ഹൃദയം അർപ്പിച്ച ജനതയായ അർജന്റീനക്കാർ വിജയം ആഘോഷിച്ചതിന്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു വീഡിയോ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റോഡിന്‍റെ ഒരു വശം മുഴുവന്‍ അര കിലോമീറ്ററോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരു അറ്റത്തുനിന്നും തീ കൊളുത്തുമ്പോള്‍ പടക്കം പൊട്ടുന്ന  വീഡിയോയാണ് പ്രചരിക്കുന്നത്. നിരവധിപേർ ഇത് മൊബൈലിലും വീഡിയോ ക്യാമറയിലും  ചിത്രീകരിക്കുന്നതായി കാണാം ഒരുപാട് ഉയരത്തിൽ പുക ഉണ്ടാവുന്നതും കാണാം.  വീഡിയോ യോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 

അർജന്റീനയുടെ വിജയഘോഷം 👌👏❤

archived linkFB post

അതായത് കോപ്പ അമേരിക്ക വിജയാഘോഷം നടത്തുന്ന അർജൻറീന യിലെ ആരാധകരുടെ ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റിലെ അവകാശവാദം. ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു അപ്പോൾ തായ്‌വാനില്‍ നിന്നുമുള്ള വീഡിയോ ആണ് എന്ന് വ്യക്തമായി.

വസ്തുത ഇങ്ങനെ 

 ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായിവിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ ജൂലൈ 20 ന് നടന്ന കോപ 2021  ഫൈനലിന് വളരെ മുമ്പ് ഏപ്രിൽ മാസം മുതൽ ചൈനീസ് ഭാഷയിലെ ചില ഫേസ്ബുക്ക് പോസ്റ്റുകളിലും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പ്രചരിക്കുന്നുണ്ട് എന്ന് കാണാന്‍ കഴിഞ്ഞു.

 തായ്‌വാനിലെ വലിയ ഉത്സവമായ മസു തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ളതാണ് വീഡിയോ. തായ്‌വാനിലെ മസു തീർത്ഥാടനം ഏപ്രിൽ 11 ഞായറാഴ്ച രാത്രി 11:40 ന് മിയാവോലിയിലെ ബൈഷാതൂൺ ഗോങ്‌തിയൻ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. യുൻലിൻ കൗണ്ടിയിലെ ബീഗാങ്ങിലെ ചാവോത്തിയൻ ക്ഷേത്രത്തിലേക്ക് 70,000 പേർ തീർത്ഥാടനം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. 

വീഡിയോ വിശദമായി പരിശോധിച്ചാല്‍ റോഡില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഒന്നിലധികം ആളുകളുടെ വസ്ത്രങ്ങളില്‍ ചൈനീസ് ഭാഷയിലെ എഴുത്ത് കാണാം. 

ഇതേ ദൃശ്യങ്ങളുള്ള ഒരു വീഡിയോ യുട്യൂബില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു. ഏപ്രില്‍ 16 ന് അപ്ലോഡ് ചെയ്തതാണ് വീഡിയോ.

തീർത്ഥാടനത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകള്‍ മുൻ കാലങ്ങളിലേതും ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളിലും ഇതുപോലെ തന്നെ റോഡില്‍ പടക്കങ്ങള്‍ നിരത്തിയിട്ട് കത്തിക്കുന്ന രീതി കാണാന്‍ സാധിക്കും. ഓരോ പുതുവർഷത്തിനും ശേഷം മിയാവോലി കൌണ്ടിയിലെ ടോങ്‌സിയാവോയിലെ ബൈഷാതൂണിലെ ഗോങ്‌ഷ്യൻ ക്ഷേത്രത്തിന്റെ മസു വിഗ്രഹവുമായി മറ്റൊരു മസു ക്ഷേത്രം സന്ദർശിക്കാൻ ഘോഷയാത്ര നടത്തുകയാണ്. – യുൻലിൻ കൌണ്ടിയിലെ ബീഗാംഗ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചോട്ടിയൻ ക്ഷേത്രത്തില്‍ ആരംഭിച്ച്  ഗോങ്‌ഷ്യനിലേക്ക് മടങ്ങുന്നു. ഇവിടെയാണ്‌  തീർത്ഥാടനം പൂര്‍ണമാക്കുന്നത്.

പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തായ്‌വാനിലെ മിയാവോലി കൗണ്ടിയിൽ ജനുവരി മുതൽ ഏപ്രിൽ വരെ നടന്ന ബൈഷത്തൂൺ മസു തീർത്ഥാടനത്തിൽ നിന്നുള്ളതാണ് വീഡിയോ. വീഡിയോക്ക് അര്‍ജന്റീനയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അര്‍ജന്റീനയുടെ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് തായ്‌വാനില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •