
വിവരണം
സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുകയാണ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. എൻഐഎ അടക്കം വിവിധ ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. ഇതിടയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അവതാരകനായ വിനു വി ജോണിന്റെ ചോദ്യങ്ങൾക്ക് മറുപടി ആയിട്ടാണ് ഈ സ്പീക്കർ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത്. വീഡിയോ ശ്രദ്ധിക്കുക.
നമ്മുടെ സ്പീക്കർ മുഖ്യനെതിരെ ആഞ്ഞടിക്കുന്നു🙄 എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
എന്നാൽ ഇത് ദുഷ്പ്രചാരണത്തിനായി എഡിറ്റു ചെയ്തു പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വസ്തുത ഇങ്ങനെയാണ്
ഞങ്ങൾ ഈ ചാനൽ ചർച്ചയുടെ യാഥാർഥ്യം മനസ്സിലാക്കാനായി ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടർ ആർ അജയഘോഷുമായി സംസാരിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ ഭരണ കാലത്ത് സോളാർ ആരോപണം വന്ന സന്ദർഭത്തിൽ അന്ന് പ്രതിപക്ഷ എംഎൽഎ ആയിരുന്ന പി ശ്രീരാമകൃഷ്ണൻ ചാനൽ ചർച്ചയിൽ പങ്കെടുത്ത ചാനൽ ചർച്ചയിൽ നിന്നുമുള്ള ദൃശ്യങ്ങളാണിത്. ഇതിൽ സരിതയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്തശേഷം പ്രചരിപ്പിക്കുകയാണ് എന്ന മറുപടി ലഭിച്ചു.
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ വാർത്താ അവതാരകൻ ചോദിക്കുന്നത് “എങ്ങനെ ഈ കേസ് അന്വേഷണം കേരളാ സർക്കാരിന്റെ ബാധ്യതയാകും..? എങ്ങനെ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കും എന്നാണ് ആഭ്യന്തര മന്ത്രി ചോദിക്കുന്നത്..” എന്നാണ്.
കേരളത്തിൽ നിലവിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണ്. ഇതിനായി മറ്റൊരു മന്ത്രിയില്ല. ചാനൽ അവതാരകൻ ഇതറിയാത്തയാളല്ല. യഥാർത്ഥത്തിൽ ഈ ചർച്ച സോളാർ വിഷയത്തെ പറ്റി ആയിരുന്നു. നിലവിലെ സ്വർണ്ണ കടത്തുമായി ഈ ചാനൽ ചർച്ചയ്ക്ക് യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയെ പിണറായി വിജയനെയാണ് പി ശ്രീരാമകൃഷ്ണന് വിമര്‍ശിക്കുന്നത് എന്ന പ്രചരണത്തിനായി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിരിക്കുകയാണ്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ സ്പീക്കർ ശ്രീരാമകൃഷ്ണനോട് സംസാരിച്ചിരുന്നു. ഇത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തായിരുന്നപ്പോൾ പങ്കെടുത്ത ചാനൽ ചർച്ചയിലെ ദൃശ്യങ്ങളാണ്. തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്. അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതാണ് അദ്ദേഹം നല്കിയ മറുപടി.
പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ ചാനൽ ചർച്ചയിലെ ദൃശ്യങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സോളാർ അഴിമതിയെ പറ്റിയുള്ളതാണ്. ഇപ്പോഴത്തെ സ്വർണ്ണ കടത്തു കേസുമായി ഈ ചാനൽ ചർച്ചയ്ക്ക് യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെയല്ല പി ശ്രീരാമകൃഷ്ണൻ വിമർശിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയാണ്. വസ്തുതയറിയാതെ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:പഴയ ഈ ചാനൽ ചർച്ചയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിമർശിക്കുന്നത് ഉമ്മൻ ചാണ്ടിയെയാണ്… പിണറായി വിജയനെയല്ല
Fact Check By: Vasuki SResult: False
