
യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചത് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച ശേഷമുള്ള ചേഷ്ടകള്‍ കാണിക്കുന്നതും ഗ്ലാസിൽ മദ്യം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പകർത്തുന്ന ആളെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നും വ്യക്തമാകുന്നു. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
“ജീപ്പിനുള്ളിലെ പോലീസുകാരുടെ ലീലാവിലാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു😱😱😱”
വീഡിയോ തുറന്നു നോക്കാതെ അടിക്കുറിപ്പ് മാത്രം വായിച്ചാൽ ചിലപ്പോൾ കേരളത്തിലെ പോലീസുകാരെ കുറിച്ചുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുമെങ്കിലും ഇത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകൾ ആക്കിയ ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയെ കുറിച്ച് വാർത്താമാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ ലഭിച്ചു.
സംഭവം തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ 2018 ഏപ്രിലില്‍ നടന്നതാണ്. ന്യൂസ് മിനിറ്റ് എന്ന മാധ്യമം ഇതേക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉള്ളടക്കം ഇങ്ങനെ:

“യൂണിഫോമിൽ മദ്യപിച്ചതിന് തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു.
വൈറലായ ഒരു വീഡിയോയിൽ, വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിന്‍റെ സീറ്റിൽ ഇരുന്നുകൊണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്നതായി കാണാം. തന്‍റെ പുരുഷ സുഹൃത്തിനോട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിർത്താൻ ആവശ്യപ്പെടുന്നുണ്ട്. അയാള്‍ കണ്ണുകൾ തുറക്കാൻ അവളോട് ആവശ്യപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥ മദ്യം കുടിക്കുന്നത് കാണാം. അവരുടെ സുഹൃത്ത് ചിരിച്ചുകൊണ്ട് പറയുന്നു, “ഏട്ടു(ഹെഡ് കോൺസ്റ്റബിൾ) അമ്മ പൂർണ്ണമായി മദ്യപിച്ചിരിക്കുന്നു.”
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് തടയാൻ ക്യാമറയിൽ കൈ വയ്ക്കുവാന്‍ ഉദ്യോഗസ്ഥ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സുഹൃത്ത് അത് തുടരുന്നു. അയാളെ ശാന്തനാക്കാനുള്ള ശ്രമത്തിൽ അവൾ അയാള്‍ക്കു മദ്യം വാഗ്ദാനം ചെയ്യുന്നു. “നമ്മൾ വെള്ളം കുടിച്ചാലും ഇല്ലെങ്കിലും എന്ത് വ്യത്യാസമാണ് ഉള്ളത്?” എന്ന് അദ്ദേഹം ചോദിക്കുന്നതായി കേൾക്കാം. “ഏട്ടു(ഹെഡ് കോൺസ്റ്റബിൾ) അമ്മ മദ്യപിക്കുന്നു.” വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. എന്നാൽ, മദ്യപിച്ച സമയത്ത് ഉദ്യോഗസ്ഥ ഡ്യൂട്ടിയിൽ ആയിരുന്നില്ല.
ഡിണ്ടിഗൽ എസ്പി ആർ ശക്തിവേൽ പറഞ്ഞതിങ്ങനെ, “ഉദ്യോഗസ്ഥ ബന്ധുവിന്‍റെ കാറിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതിനാണ് സസ്‌പെൻഷന്‍. ഉദ്യോഗസ്ഥ യൂണിഫോമിലായിരുന്നു. ഇത് മാന്യമല്ലാത്ത പെരുമാറ്റമാണ്.”
തമിഴ്‌നാട് പോലീസ് സബോർഡിനേറ്റ് ഓഫീസർമാരുടെ പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച്, “ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരാകുമ്പോഴോ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോഴോ മദ്യപിച്ചായിരിക്കരുത്.”
വിവിധ മാധ്യമങ്ങൾ ഇക്കാര്യം വാർത്ത ആക്കിയിരുന്നു. ഉണ്ട് 2018 തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കേരള പോലീസുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങൾ 2018ലെതാണ്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥ മദ്യപിച്ച ദൃശ്യങ്ങളാണിത്. ദൃശ്യങ്ങൾ അന്ന് വൈറലായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതും രണ്ടു വര്‍ഷം പഴയതുമാണ്…
Fact Check By: Vasuki SResult: Missing Context
