പർദ്ദ ധരിച്ച് മുസ്‌ലിം പള്ളിയിൽ മാരകായുധങ്ങൾ ഒളിപ്പിക്കാനെത്തിയ ‘സംഘി’ അല്ല ഇയാൾ. സത്യമിതാണ്….

രാഷ്ട്രീയം സാമൂഹികം

വിവരണം 

പള്ളിയിൽ പർദ്ദയിട്ട് വന്ന് മാരകായുധങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ച സംഘി പിടിയിൽ. ആയുധങ്ങൾ ആരും കാണാത്ത സ്ഥലത്ത് വെച്ച ശേഷം പോലീസിന് ഇൻഫർമേഷൻ കൊടുത്തു റെയ്ഡ് ചെയ്യിക്കാനായിരുന്നു പരിപാടി. ഇങ്ങനെ ചെയ്യാൻ സ്ത്രീകളെയും RSS നിയമിച്ചിട്ടുണ്ട്. പള്ളിയിൽ വരുന്ന അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കുക” എന്ന വിവരണത്തോടെ ഒരു വീഡിയോ 2020  ജനുവരി 8 മുതൽ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രചരിക്കുന്നുണ്ട്. പർദ്ദാ ധാരിയായ ഒരു യുവാവിനെ ഒന്നുരണ്ടു പേർ ചോദ്യം ചെയ്യുന്ന മട്ടിലുള്ള ദൃശ്യങ്ങളാണുള്ളത്. കന്നഡ ഭാഷയാണ് അവർ സംസാരിക്കുന്നത് എന്നാണു മനസ്സിലാക്കാൻ കഴിയുന്നത്.

archived linkFB post

വസ്തുത വിശകലനം

അതിനാൽ ഞങ്ങൾ വാർത്തയുമായി ബന്ധപ്പെട്ട കീ വേർഡ്‌സ്  ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ന്യൂസ് 18 വാർത്താ ചാനൽ 2018  മെയ് 27 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. വാർത്തയുടെ വിവരണം ഇങ്ങനെയാണ്: ഒരാള്‍ ബുർഖ ധരിച്ച് എച്ച്ബിആർ ലേ ഔട്ടില്‍ ഒരു പള്ളിക്ക് ചുറ്റും സംശയാസ്പദമായി കറങ്ങുന്നു. 2018 മെയ് മാസമാണ് സംഭവം നടന്നത്. ഇപ്പോഴല്ല. 

archived link

എച്ച്ബി‌ആർ ലേ ഔട്ടിലുള്ള ഒരു പള്ളിക്കു ചുറ്റും കറങ്ങി നടന്ന ഒരു യുവാവിനെ പൊതുജനം പിടികൂടി. വ്യക്തിയുടെ നീക്കങ്ങൾ നിരീക്ഷിച്ചപ്പോള്‍ ആളുകൾക്ക് സംശയം തോന്നുകയായിരുന്നു, കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ  പോലീസിന് കൈമാറി.  

ഡെക്കാൺ ഹെറാള്‍ഡ്  ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്തയുടെ വിവരണം ഇങ്ങനെയാണ് : 

പള്ളിയില്‍ നിസ്ക്കാരത്തിയവര്‍  ശിവരാജിനെ പിടികൂടി പോലീസിന് കൈമാറിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടക്കത്തിൽ, ബുർഖ ധരിച്ച ഒരു സ്ത്രീ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നുവെന്നാണ് അവർ കരുതിയത്. എന്നാൽ ആ വ്യക്തിയുടെ പാദരക്ഷകൾ ശ്രദ്ധയിൽപ്പെട്ടപ്പോള്‍ അവരുടെ സംശയം ഇരട്ടിച്ചു. 

അവർ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കയ്യുറകൾ ധരിച്ച് ബുർഖയ്ക്കുള്ളിൽ കത്തി മറച്ചു വച്ചിരിക്കുകയാണെന്ന് മനസ്സിലായതിനെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. റൈച്ചൂർ സ്വദേശിയായ ശിവരാജ് എന്നാണ് പോലീസ് ഇയാളുടെ ഐഡന്‍റിറ്റി വ്യക്തമാക്കിയത്. ജോലി തേടി നഗരത്തിലെത്തിയതായിരുന്നു ഇയാള്‍.  സുഹൃത്തിൽ നിന്ന് ശിവരാജ് പണം കടം വാങ്ങിയിരുന്നു. അത് തിരികെ സുഹൃത്ത് ആവശ്യപ്പെട്ടപ്പോള്‍ നിരാശനായ ശിവരാജ് സുഹൃത്തിനെ ആക്രമിക്കാൻ തീരുമാനിക്കുകയും സുഹൃത്തിനെ പിന്തുടർന്ന് ലേ ഔട്ടിൽ എത്തുകയുമായിരുന്നു. കടം തിരിച്ചടയ്ക്കാൻ തന്‍റെ പക്കൽ പണമില്ലെന്നും അത് തിരിച്ചടയ്ക്കാൻ സുഹൃത്ത് മതിയായ സമയം നൽകിയിട്ടില്ലെന്നും ശിവരാജ് അറിയിച്ചു. അതിനാൽ സുഹൃത്തിനെ ആക്രമിക്കാൻ തീരുമാനിച്ചു. തന്‍റെ വ്യക്തിത്വം മറച്ചുവെക്കാനാണ് ഇയാൾ ബുർഖ ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകശ്രമത്തിൽ കെജി ഹാലി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും കേസ് അന്വേഷിക്കുകയും ചെയ്യുന്നു.

കന്നഡ ഭാഷയിലുള്ള ചില പ്രാദേശിക മാധ്യമങ്ങളും വാർത്ത  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുർഖ ധരിച്ച ഒരാളെ മുസ്‌ലിം പള്ളിയിൽ നിന്ന് പിടികൂടി. കൈകളിൽ കൈയുറയും കാലുകളിൽ സോക്‌സും ഇയാൾ ധരിച്ചിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ പള്ളിയുടെ പരിസരത്ത് കറങ്ങിയ ഇയാളെ നമസ് ചെയ്യാനെത്തിയവരാണ് പിടികൂടിയത്. മുഖം പരിശോധിച്ചാണ് ഇയാൾ ഒരു പുരുഷനാണെന്ന് മനസ്സിലാക്കിയത്. ശിവരാജ് എന്നാണു പേരെന്നും ശിവാജി നഗറിൽ നിന്നാണ് ബുർഖ വാങ്ങിയതെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. ജഗന്നാഥ് എന്ന് പേരുള്ള ഒരു ടെക്കിയെ കൊല്ലാൻ പദ്ധതിയിട്ടതായി ഇയാൾ പോലീസിനെ അറിയിച്ചു. അതുപ്രകാരം പോലീസ് ജഗന്നാഥിനെ അന്വേഷണത്തിനായി വിളിച്ചു വരുത്തി. ഇത്രയും വിവരങ്ങൾ കന്നടയിൽ പ്രസിദ്ധീകരിച്ച തെലുഗു  പബ്ലിക്ക്റ്റിവി എന്ന മാധ്യമം നൽകിയ വാർത്തയിലുണ്ട്. സമാന വാർത്തകൾ തന്നെയാണ് മറ്റു മാധ്യമങ്ങളും നൽകിയിട്ടുള്ളത്. 

archived linktelugu.publictv

ഇയാൾ ഒരു ആർഎസ്എസ് പ്രവർത്തകനാണെന്നോ മുസ്‌ലിം പള്ളികളിൽ  ആയുധം നിക്ഷേപിച്ച് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഉപചാപത്തിനു വേണ്ടി നിയോഗിക്കപ്പെട്ടയാളാണെന്നോ പോലീസ് പറഞ്ഞതായി ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തിനു രണ്ടു വർഷത്തോളം പഴക്കമുണ്ട്. ഓള്‍ട്ട് ന്യൂസ് എന്ന വസ്തുതാ അന്വേഷണ വെബ്സൈറ്റ് ഈ വീഡിയോയുടെ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ഈ വാര്‍ത്തയുടെ അവകാശവാദം തെറ്റാണ് എന്ന നിഗമനത്തിലാണ് അവരും എത്തിച്ചേര്‍ന്നത്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. 2018 മെയ് മാസം കർണാടകയിലെ ഒരു മുസ്‌ലിം പള്ളിയുടെ പരിസരത്ത് കറങ്ങി നടന്നിരുന്ന ശിവരാജ് എന്ന വ്യക്തി മറ്റൊരാളോടുള്ള വൈരാഗ്യം മൂലം പ്രതികാരം തീർക്കാൻ വേഷം മാറി എത്തിയതാണെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു.  ഈ വീഡിയോ ദൃശ്യങ്ങൾക്ക് ആർഎസ്എസുമായോ വർഗീയ വിഷയങ്ങളുമായോ യാതൊരു ബന്ധവുമില്ല. 

Avatar

Title:പർദ്ദ ധരിച്ച് മുസ്‌ലിം പള്ളിയിൽ മാരകായുധങ്ങൾ ഒളിപ്പിക്കാനെത്തിയ ‘സംഘി’ അല്ല ഇയാൾ. സത്യമിതാണ്….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •