FACT CHECK: താലിബാന്‍ ആക്രമണത്തിന്‍റെ ഈ വീഡിയോ ദൃശ്യങ്ങള്‍ തെരുവ് നാടകത്തിന്‍റെതാണ്… യഥാര്‍ത്ഥമല്ല…

അന്തര്‍ദേശിയ൦ | International

മത ഭീകരതയുടെ പ്രതിരൂപമായ താലിബാൻ സംഘം അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ അഫ്ഗാനിഅവിടെ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ് എന്ന് വാർത്തകൾ അറിയിക്കുന്നു. മൃദു നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് താലിബാൻ പ്രഖ്യാപനം നടത്തിയെങ്കിലും പ്രായോഗികതലത്തിൽ ഇതുവരെ നടപ്പിലാക്കി ആരും കണ്ടിട്ടില്ല. 

പ്രചരണം 

അതിനിടെ താലിബാന്‍കാര്‍ ജനങ്ങളെ നിഷ്‌കരുണം കൃമികീടങ്ങളെ പോലെ കൊല്ലുന്ന ദൃശ്യങ്ങൾ എന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു പോരുന്നുണ്ട്. വാഹനങ്ങൾ തടഞ്ഞു നിർത്തി ആളുകളെ ചോദ്യം ചെയ്യുന്നതും നിർത്താതെ പോയ വാഹനത്തിനു നേർക്ക് നിറയൊഴിക്കുന്നതും പിന്നീട് മൃതദേഹങ്ങൾ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമായ ദാരുണ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതിനിടയില്‍ ചിലര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും കാണാം.

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. ഒരു തെരുവ് നാടകത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തുകയാണ് എന്ന് വ്യക്തമായി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതില്‍ നിന്നും പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം. 

വീഡിയോയുടെ മുകളില്‍ ഒരു എഴുത്ത് കാണാം. ഞങ്ങള്‍ അത് ഗൂഗില്‍ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയപ്പോള്‍ അഫ്‌ഗാന്‍ ഇന്‍റര്‍നാഷണല്‍ എന്ന്‍ കണ്ടു. 

ഈ സൂചന വച്ച് തിരഞ്ഞപ്പോള്‍ അഫ്‌ഗാന്‍ ഇന്‍റര്‍നാഷണലിന്‍റെ യുട്യൂബ് ചാനല്‍ ലഭിച്ചു. ഇതേ വീഡിയോ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിട്ടുള്ള അടിക്കുറിപ്പോടെ ചാനലിൽ 2019 സെപ്റ്റംബർ 25 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അടിക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ  ഇങ്ങനെയാണ്:  ‘How the Taliban tie passengers to barges in Jalriz! Afghan International’ “ജാല്‍രിസിൽ താലിബാൻ ഗ്രൂപ്പ് യാത്രക്കാരെ എപ്രകാരം ആക്രമിക്കുന്നു! ജാല്‍റിസിൽ താലിബാൻ അക്രമം നടത്തുന്നതിന്‍റെ ആവിഷ്കരണം  കലാകാരന്മാര്‍  നടത്തിയപ്പോള്‍” എന്നൊരു വിവരണം കൂടി വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുണ്ട്.

youtube | archived link

തുടര്‍ന്ന് ഈ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വാര്‍ത്ത ലഭിച്ചു. ജൽറിസ് എന്ന ജില്ലയിൽ താലിബാൻ അഴിച്ചു വിടുന്ന ക്രൂരതയെ കുറിച്ചാണ് ലേഖനം പ്രതിപാദിക്കുന്നത്. കാബൂൾ-മർകസി ഹൈവേയിലെ മൈദാൻ വാർഡക് പ്രവിശ്യയിലെ ജൽറിസ് ജില്ല “മരണത്തിന്റെ വഴി” എന്നറിയപ്പെടുന്നു. 2012 ൽ റോഡ് സുരക്ഷിതമല്ലാതായപ്പോൾ മുതൽ തലസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയുള്ള ജൽറേസിന്റെ മധ്യമേഖലയിൽ താലിബാൻ ഏകദേശം 108 ജീവനുകൾ അപഹരിച്ചു. വഴിയിൽ യാത്ര ചെയ്യുന്നതിനിടെ ജൽറെസിൽ താലിബാൻ വെടിവെക്കുകയോ തലയറുത്ത് കൊല്ലപ്പെടുകയോ ചെയ്ത സാധാരണക്കാരാണ് ഇരകളിൽ അധികവും. ഈ വർഷങ്ങളിൽ ഡസൻ കണക്കിന് പേരെ ബന്ദികളാക്കുകയും ഉപദ്രവിക്കുകയും ചെയ്തു..

ഈ ലേഖനത്തില്‍ പോസ്റ്റിലെ വീഡിയോയില്‍ നിന്നുള്ള ഒരു ദൃശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഒപ്പം ഇങ്ങനെ വിവരണം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച (സെപ്റ്റംബർ 16), ഡസൻ കണക്കിന് തദ്ദേശീയരായ സാമൂഹ്യ പ്രവര്‍ത്തകരും കാബൂളിലെ നിവാസികളും പ്രതീകാത്മകമായി ജൽറസിൽ യാത്രക്കാരെ  തട്ടിക്കൊണ്ടുപോയി കൊല്ലുന്നതിനെ തെരുവ് നാടകത്തിലൂടെ ആവിഷ്ക്കരിച്ചു. ജൽറിസിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും കാബൂൾ-സെൻട്രൽ പ്രൊവിൻസസ് ഹൈവേയുടെ സുരക്ഷയ്ക്കും അവർ ആവശ്യപ്പെട്ടു

അതായത് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ജല്‍റാസ്‌ ജില്ലയില്‍ താലിബാന്‍ യാത്രക്കാരെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിനെതിരെ പ്രതിഷേധ സൂചകമായി സാമൂഹ്യ പ്രവര്‍ത്തകരും കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിച്ച തെരുവ് നാടകമാണ്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ അല്ല. 

നിഗമനം

പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത് യഥാര്‍ത്ഥ സംഭവമല്ല. താലിബാന്‍ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ തെരുവ് നാടകത്തിന്‍റെ ദൃശ്യങ്ങലാണിത്. 2019 സെപ്റ്റംബര്‍ മാസത്തിലേതാണ് വീഡിയോ. ഇപ്പോഴത്തെതല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:താലിബാന്‍ ആക്രമണത്തിന്‍റെ ഈ വീഡിയോ ദൃശ്യങ്ങള്‍ തെരുവ് നാടകത്തിന്‍റെതാണ്… യഥാര്‍ത്ഥമല്ല…

Fact Check By: Vasuki S 

Result: False