
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ പുരുഷന്മാരുടെ ഒരു വലിയ ആൾക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തു വന്ന സമാനതകളില്ലാത്ത ദൃശ്യങ്ങൾ രാജ്യത്തുടനീളം ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണിപ്പൂരിൽ കുക്കി, മെയ്‌തേയ് എന്നീ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച്, രാജ്യത്തെ നിയമ-ക്രമസമാധാന സംവിധാനങ്ങളുടെ നേർക്ക് കൊഞ്ഞനം കാട്ടിക്കൊണ്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന സ്ഥിതിഗതികളുടെ നേർക്കാഴ്ചകൾ രാജ്യത്തെ മുഴുവൻ നിശ്ചലമാക്കാൻ കരുത്തുള്ളതാണ്.
സംഭവം നടന്നത് മെയ് മാസത്തിലാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് പ്രതികളിലൊരാളെ പിടികൂടിയതെന്നും മണിപ്പൂർ പോലീസ് വ്യക്തമാക്കി. വീഡിയോയിൽ കാണപ്പെടുന്ന, രക്ഷപ്പെട്ട പെൺകുട്ടികളിൽ ഒരാൾ മണിപ്പൂർ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവെ, തന്നെയും മറ്റ് ഇരകളെയും പോലീസ് ഭ്രാന്തുപിടിച്ച ജനക്കൂട്ടത്തിന് വിട്ടു കൊടുക്കുകയായിരുന്നുവെന്ന് അതിജീവിച്ച പെൺകുട്ടി ആരോപിക്കുന്നു.
ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെയുള്ള രോഷ പ്രകടനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളുടെ വാളുകൾ നിറയെ. ഇതിനിടെ മണിപ്പൂരില് ജനങ്ങൾ ബിജെപി പതാകകൾ കൂട്ടിയിട്ട് കത്തിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബിജെപിയുടെ ഭരണത്തിനെതിരായ പ്രതിഷേധ സൂചകമായി മണിപ്പൂരികൾ ഇപ്പോൾ ബിജെപിയുടെ പതാക കത്തിക്കുകയാണെന്നാണ് വാദിക്കുന്നത്. പതാകള് കതടിക്കുന്ന അവ്യക്തമായ ഒരു ചിത്രം പോസ്റ്റില് നൽകിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മണിപ്പൂർ ജനത ഒടുവിൽ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയുകയാണ് ബിജെപിയുടെ കുടികളും തോരണങ്ങളും തെരുവുകളിൽ കുട്ടിയിട്ടു കത്തിക്കുന്ന കാഴ്ചയാണ് എവിടെയും”

എന്നാൽ ഈ ചിത്രത്തിന് മണിപ്പൂരിലെ ഇപ്പോഴുള്ള സ്ഥിതിഗതികളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയമാക്കിയപ്പോൾ വീഡിയോ പഴയതാണെന്നും മണിപ്പൂരിലെ നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്നും സൂചിപ്പിക്കുന്ന ഫലങ്ങൾ ലഭ്യമായി. കഴിഞ്ഞ വർഷം മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് സേവാദളിന്റെ ഔദ്യോഗിക അക്കൗണ്ട് ഇതേ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.
വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് അതിനാൽ തന്നെ വ്യക്തമാണ്. ഒരു വർഷത്തിലേറെ പഴക്കമുള്ള സംഭവത്തിന്റെ ദൃശ്യമാണിത്. 2022 ജനുവരി 30 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നത്, “നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് ശേഷം മണിപ്പൂർ ബിജെപിയിൽ കലാപം.” ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കായി ഞങ്ങൾ തിരഞ്ഞപ്പോൾ ഒരു വർഷം പഴക്കമുള്ള സംഭവമാണിതെന്ന വസ്തുത സ്ഥിരീകരിക്കുന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്തി. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പാർട്ടിയുടെ പതാകകൾ കത്തിക്കുകയും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

വാർത്ത വായിക്കാൻ: ukhrultimes | archived link
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം പാർട്ടി ടിക്കറ്റിൽ മണിപ്പൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. ലിസ്റ്റിൽ നിരവധി സ്ഥാനാർത്ഥികളുടെയും മൂന്ന് സിറ്റിംഗ് എംഎൽഎമാരുടെയും പേരുകൾ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ സ്ഥാനാർത്ഥികളിൽ പലരും രാഷ്ട്രീയ ബന്ധം മാറ്റി, ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. വൈറലായ ചിത്രത്തിൽ കാണുന്ന പതാക കത്തിക്കുന്ന സംഭവം ഈ പ്രതിഷേധങ്ങളിൽ നിന്നുള്ളതാണ്.
ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലീഷിൽ വായിക്കാൻ:
നിഗമനം
മണിപ്പൂരിൽ അടുത്തിടെ നടന്ന അക്രമങ്ങൾക്ക് ശേഷം ബിജെപിക്കെതിരായ ജനരോഷമാണെന്ന് അവകാശപ്പെടുന്ന പതാക കത്തിക്കുന്ന ചിത്രം യഥാർത്ഥത്തിൽ പഴയതാണ്. 2022 ജനുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പാർട്ടിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിന്റെ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടാണ് ചിത്രത്തിൽ കാണുന്നത്. മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘മണിപ്പൂരിൽ സ്ത്രീകളുടെ നേർക്ക് നടന്ന അതിക്രമത്തിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് ബിജെപി പതാകകൾ കത്തിക്കുന്നു’ എന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് പഴയ ദൃശ്യങ്ങൾ..
Written By: Vasuki SResult: False
