പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചോ?

രാഷ്ട്രീയം

വിവരണം

ബിജെപി യിൽ പൗരത്വ ബില്ല് നടപ്പാക്കരുത് എന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം.. ലഖ്നൗവില്‍ ബിജെപി എം. പി ശരത് ത്രിപാഠി ബിജെപി എം.എല്‍.എ രാകേഷ് ബഗേലിനെ തല്ലുന്ന കൗതുകകരമായ കാഴ്ച 😃😃😂😂👇👇 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു യോഗത്തിനിടിയില്‍ രണ്ട് നേതാക്കള്‍ തമ്മില്‍ അടിയുണ്ടാകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ലീഡര്‍ പി.കെ.ഫിറോസ് എന്ന ഗ്രൂപ്പില്‍ എം.ഷഫീഖ് പി.ടി എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

FacebookArchived Link

ഇത് പോലെ പല പ്രോഫിലുകള്‍ നിന്ന് ഈ വീഡിയോ ഇതേ വിവരണം വെച്ച് പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ഥത്തില്‍ വീഡിയോയില്‍ തമ്മില്‍ അടിക്കുന്നത് ബിജെപി എംപിയും എംഎല്‍എയുമാണോ? പൗരത്വം ബില്ല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണോ ഇരുകൂട്ടരും തമ്മിലടിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

എന്താണ് യഥാര്‍ഥത്തില്‍ ആ യോഗത്തിനിടയില്‍ സംഭവിച്ചതെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തമ്മിലടിക്കുന്നത് ബിജെപിയുടെ എംപിയും എംഎല്‍എയും തന്നെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഉത്തര്‍ പ്രദേശിലെ സന്ത് കബിര്‍ എംപി ശരദ് ത്രിപാദിയും എംഎല്‍എയായ രാകേഷ് സിങ് ബഗേലും തമ്മിലുണ്ടായ സംഘട്ടനത്തിന്‍റെ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലിയായിരുന്നില്ല എന്നതാണ് വസ്‌തുത. പ്രദേശിക റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം സ്ഥാപിച്ച ശിലാഫലകത്തില്‍ എന്തുകൊണ്ട് എംപിയുടെ പേരില്ല എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ശരദ് ത്രിപാദി ചെരുപ്പുകൊണ്ട് എംഎല്‍എയെ മര്‍ദ്ദിക്കാന്‍ കാരണമായത്. എംപിയുടെ അടികൊണ്ട എംഎല്‍എയും തിരികെ അടിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ഈ സംഭവം നടക്കുന്നത് 2019 മാര്‍ച്ചിലാണ്. അതായത് 9 മാസങ്ങള്‍ക്ക് മുന്‍പ്. അതായത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയുടെയും സാഹചര്യത്തിലല്ലെന്നതും വ്യക്തം. എഎന്‍ഐ ന്യൂസ് ഏജെന്‍സിയും തേജസ് ന്യൂസും ഉള്‍പ്പടെയുള്ള നിരവധി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും വിഷയവുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

എഎന്‍ഐ ന്യൂസ് ഏജെന്‍സി സംഭവത്തെ കുറിച്ച് പങ്കുവെച്ച വീഡിയോ വാര്‍ത്ത റിപ്പോര്‍ട്ട് (യൂ ട്യൂബ്)-

തേജസ് ന്യൂസ് മലയാളത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍-

നിഗമനം

പ്രദേശിക റോഡ‍് നിര്‍മ്മാണത്തെ തുടര്‍ന്ന് ശിലാഫലകം സ്ഥാപിച്ചപ്പോള്‍ എംപിയുടെ പേരില്ലെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് എംപിയും എംഎല്‍എയുമായി അടിപിടിയില്‍ കലാശിച്ചത്. ഇത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി നടക്കുന്ന ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നും തെളിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •