ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കുന്നു… പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

രാഷ്ട്രീയം

കോണ്‍ഗ്രസ്സ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയിൽ  പങ്കെടുക്കുന്നവര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വൈറലായ വീഡിയോയിൽ, ആളുകൾ കോൺഗ്രസ് പാർട്ടി പതാകകൾ ഏന്തി വരുന്നതും ഒരു വ്യക്തിയിൽ നിന്ന് പണം സ്വീകരിക്കുന്നതും കാണാം. രാഹുൽ ഗാന്ധിയുടെ പ്രസംഗം പശ്ചാത്തലത്തിൽ കേൾക്കാം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂലി നല്‍കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം  ഇങ്ങനെ: “ഇന്നു രൊക്കം നാളെയും വരണം .60 വർഷം. ഇന്റ്യ വിറ്റ് തുലച്ച് ലോകത്തെ 4ാം നമ്പർ കോടീശ്വരിയായ സോണിയയുടെ പുത്രൻ രാഹുലിന്റെ പരിപാടിക്ക് എത്തുന്നവർക്ക് കൂലി എത്ര കൃത്യമായിട്ടാണ് കൊടുക്കുന്നത്.”

FB postarchived link

എന്നാല്‍ പഴയ വീഡിയോ ആണിതെന്നും ഭാരത് ജോഡോ യാത്രയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രസ്‌തുത സംഭവത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്താൻ അനുബന്ധ കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍,  ഇതേ വീഡിയോ 2017 –ല്‍ പോസ്റ്റു ചെയ്ത ഒരു ട്വീറ്റില്‍ ‘കോണ്‍ഗ്രസ്സിന്‍റെ ഗുജറാത്തിലെ അവസ്ഥ’ എന്ന അടിക്കുറിപ്പില്‍  ഞങ്ങള്‍ കണ്ടെത്തി. 

ഇതേ വീഡിയോയുടെ യഥാർത്ഥ പതിപ്പ് 2017 മാർച്ച് 5 ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

“LIFTF 2017 – മണിപ്പൂരിലെ ഇംഫാലിൽ കോൺഗ്രസ് വോട്ടർമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നുണ്ടോ? വീഡിയോ വൈറലാകുന്നു!” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ദൃശ്യങ്ങള്‍ സമഗ്രമായി പരിശോധിച്ചപ്പോള്‍  വൈറലായ വീഡിയോയിൽ ഒരു സ്ത്രീ വാർഡ് 5 (കെഎംസി) എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് നിൽക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ ‘മണിപ്പൂര്‍ കെഎംസി’ എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സംസ്ഥാനത്തെ തൗബാൽ ജില്ലയിൽ കാക്ച്ചിംഗ് മുനിസിപ്പൽ കൗൺസിൽ എന്നതിന്‍റെ ചുരുക്കെഴുത്താണെന്ന് കണ്ടെത്തി. 2017 മാർച്ച് 4, മാർച്ച് 8 തീയതികളിലായിരുന്നു മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാല്‍ വീഡിയോ ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

2017-ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഒരു റാലിയിൽ കോൺഗ്രസ് നേതാവിന്‍റെ പ്രസംഗത്തിൽ നിന്നാണ് വൈറലായ വീഡിയോയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ഓഡിയോ എടുത്തതെന്നും ഞങ്ങൾ കണ്ടെത്തി. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2017 ഒക്ടോബർ 23നാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

വൈറൽ വീഡിയോയിൽ ഉൾപ്പെടുത്തിയ അതേ ഓഡിയോ  2:25 മിനിറ്റ് മുതല്‍ കേൾക്കാം.

2022 സെപ്റ്റംബർ 7 നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ ആരംഭിച്ചത്. റാലിയിൽ ബോളിവുഡ് താരങ്ങളായ അമോല്‍ പലേക്കര്‍, പൂജ ഭട്ട്, സ്വരാ ഭാസ്കര്‍, തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍, നിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍  ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. 150 ദിവസത്തിനുള്ളിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഇതുവരെ പദയാത്ര പൂര്‍ത്തീകരിച്ചു. 

വീഡിയോയ്ക്ക് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പഴക്കമുണ്ട്.  ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന കോൺഗ്രസ് റാലിയിൽ നിന്നുള്ള ദൃശ്യങ്ങളോടൊപ്പം രാഹുല്‍ ഗാന്ധിയുടെ പഴയ പ്രസംഗത്തിന്‍റെ ഓഡിയോ കൂട്ടിചേര്‍ത്ത്  ദുരുദ്ദേശ്യപരമായി പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പ്രചരിക്കുന്ന വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കുന്നു… പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *