പെരിന്തല്‍മണ്ണ ഓടമലയില്‍ പുലിയിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍… പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…

സാമൂഹികം

കേരളത്തിലെ വനയോര മേഖലയുടെ സമീപ പ്രദേശങ്ങളില്‍ വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കുന്ന വാർത്തകൾ കൂടെക്കൂടെ മാധ്യമങ്ങളില്‍  കാണാറുണ്ട്. പുലി നാട്ടിൽ ഇറങ്ങി ഇറങ്ങി നായയെ പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഈയിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. 

പ്രചരണം 

പെരിന്തൽമണ്ണക്കടുത്ത് ഓടമല റോഡിൽ പുലി നാട്ടിലിറങ്ങി നായയെ ആക്രമിക്കുന്നു എന്ന് അവകാശപ്പെട്ട് സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം നടക്കുന്നത് പെരിന്തൽമണ്ണയ്ക്കടുത്താണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “പെരിന്തൽമ്മണ്ണയ്ക്ക് അടുത് വളാം ക്കുളം. ഒടമല റോഡിൽ പുലി ഇറങ്ങിരക്കുന്നു. ശ്രദ്ധികുക.”

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ഈ ദൃശ്യങ്ങള്‍  കേരളത്തിൽനിന്നുള്ളതല്ലെന്നും പഴയ വീഡിയോ ആണിതെന്നും വ്യക്തമായി.  

വസ്തുത  ഇങ്ങനെ

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2014 ല്‍ നിന്നുള്ള വൈല്‍ഡ് ലൈഫ് ഇന്ത്യയുടെ യൂട്യൂബ് വീഡിയോ ലഭിച്ചു. 

ഇതേ ദൃശ്യങ്ങള്‍ തന്നെയാണ് വീഡിയോയില്‍ കാണുന്നത്.  വീഡിയോയുടെ വിവരണ പ്രകാരം ദൃശ്യങ്ങള്‍ ഹിമാലയത്തിന്‍റെ സമീപത്തുള്ള ഏതോ പ്രദേശത്ത് നിന്നുള്ളതാണ്. വീഡിയോ കോപ്പി റൈറ്റ് ഉള്ളതാണെന്നും ദൃശ്യങ്ങള്‍ വേണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണമെന്നും വിവരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “നവംബർ 18, 2014

ഹിമാലയത്തിന്‍റെ താഴ്‌വരയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്. ഒരു റിസോർട്ടിന് നായയെ നഷ്ടപ്പെട്ടു, അവർ എങ്ങനെയെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചു, അവർ സിസിടിവി ദൃശ്യങ്ങളിലൂടെ കടന്നുപോകുന്നതുവരെ…

ആക്രമണത്തിന് മുമ്പ് തന്നെ പുള്ളിപ്പുലിയെ അടുത്ത് കണ്ടപ്പോള്‍ നായ തന്‍റെ വിധി തിരിച്ചറിഞ്ഞു. ഹിമാലയത്തിനു ചുറ്റുമുള്ള വനങ്ങളിലും പട്ടണങ്ങളിലും വസിക്കുന്ന നായ്ക്കൾക്ക് പുള്ളിപ്പുലിയുടെ സാന്നിധ്യത്തെക്കുറിച്ച് നന്നായി അറിയാം – പുലി അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ വിധി മുദ്രകുത്തപ്പെട്ടുവെന്ന് അവൻ മനസ്സിലാക്കി.

ദക്ഷിണേഷ്യയിൽ നിന്നുള്ള ഏറ്റവും വലിയ HD ഇമേജറി ശേഖരമായ വൈൽഡർനെസ് ഫിലിംസ് ഇന്ത്യ ലിമിറ്റഡിന്‍റെ പ്രൊഫഷണലായി ചിത്രീകരിച്ച ബ്രോഡ്കാസ്റ്റ് സ്റ്റോക്ക് ഫൂട്ടേജ് ആർക്കൈവിന്‍റെ ഭാഗമാണ് ഈ ഫൂട്ടേജ്. വൈൽഡർനെസ് ഫിലിംസ് ഇന്ത്യയുടെ ശേഖരത്തിൽ 50,000 ലധികം ഉയർന്ന നിലവാരമുള്ള ബ്രോഡ്കാസ്റ്റ് ഇമേജറി ഉൾപ്പെടുന്നു, കൂടുതലും HDCAM / SR 1080i ഹൈ ഡെഫനിഷൻ, Alexa, SR, XDCAM, 4K എന്നിവയിൽ ചിത്രീകരിച്ചിരിക്കുന്നു. നിങ്ങളുടെ ഉപയോഗത്തിനായി, ഈ ഫൂട്ടേജിന് ലൈസൻസ് നൽകുന്നതിന് ഞങ്ങൾക്ക് എഴുതുക! ദക്ഷിണേഷ്യയിലുടനീളമുള്ള ബ്രോഡ്കാസ്റ്റ് ക്രൂവിംഗും പ്രൊഡക്ഷൻ സൊല്യൂഷനുകളും നിങ്ങൾക്കായി ചെയ്യാൻ നിയോഗിക്കപ്പെട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു…”

പെരിന്തൽമണ്ണ ഒടമല ഭാഗത്ത് പുലി ഇറങ്ങി എന്ന വാർത്തയുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ നിലമ്പൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവിടെനിന്നും ഡിഎഫ്ഒ നൽകിയ വിശദീകരണം ഇങ്ങനെയാണ്: “കഴിഞ്ഞ ആഴ്ച പുലി വന്നുവെന്നും ഒരു നായയെ പി പിടിച്ചുവെന്നുമുള്ള കാര്യം സത്യമാണ്. എന്നാൽ രാത്രി നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ ഒന്നും ഇതുവരെ ഇവിടെ ആരും പകർത്തിയതായി അറിവില്ല.“

പെരിന്തല്‍മണ്ണ ഓടമല ഭാഗത്ത് പുലി ഇറങ്ങി എന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് 2014 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ 2014 മുതൽ പ്രചരിക്കുന്നതാണ് പെരിന്തൽമണ്ണ ഓടമല ഭാഗത്ത് പുലി ഇറങ്ങിയ സംഭവവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. പഴയ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പെരിന്തല്‍മണ്ണ ഓടമലയില്‍ പുലിയിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍… പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…

Fact Check By: Vasuki S 

Result: Misleading