ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

ദേശീയം

മാനസിക ദൗർബല്യം നേരിടുന്നു എന്ന് പറയപ്പെടുന്ന ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും ഒരു വ്യക്തി നിഷ്ക്കരുണം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.  വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നും  മൂത്രമൊഴിക്കുന്ന വ്യക്തിയുടെ പേര് പര്‍വേസ്  ശുക്ല എന്നാണെന്നും ഇയാളുടെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി എന്നും പിന്നീട് വാർത്തകൾ വരുകയുണ്ടായി.  ഇതിനുശേഷം മധ്യപ്രദേശിൽ ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. 

പ്രചരണം

ദളിതനായ ഒരു വ്യക്തി പുതിയ മോട്ടോർ ബൈക്ക് വാങ്ങിയതിനുള്ള പ്രതിഷേധമായി ഉയർന്ന ജാതിയിലുള്ള ഒരാൾ ചെരുപ്പിൽ മൂത്രം കുടിക്കാൻ നൽകി എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഒരാൾ ഒരു പാത്രത്തിൽ നിന്നും ചെരിപ്പിലേക്ക് വെള്ളം പകർന്നു താഴെ ഇരിക്കുന്ന ഒരു വ്യക്തിക്ക് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. മധ്യപ്രദേശിൽ ഇപ്പോൾ പുതുതായി മൂത്രം കുടിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എത്ര മനോഹരമായ സംഘി ആചാരങ്ങൾ….

ദേഹത്തു മൂത്രമൊഴിക്കുന്നത് പഴങ്കഥ.. ഇനി മൂത്രം ചെരുപ്പിൽ ഒഴിച്ച് കുടിപ്പിക്കുന്നതാണ്. മധ്യപ്രദേശിലെ (ഉത്തർ പ്രദേശ്) അതിർത്തിയോടടുത്തുള്ള ഗ്രാമത്തിൽ പുതിയ ബൈക്ക് വാങ്ങിയതിനുള്ള പാരിതോഷികം പ്രമാണിയുടെ വക.

ആദ്യം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തതാണ് ഇന്ത്യയിലെ ജാതികളുടെ വരമ്പുകൾ സൃഷ്ടിച്ച ന്യുനത. ഇതൊക്കെ ഇവിടെ അരങ്ങു വാഴുമ്പോഴാണ് ഏകീകൃത പാഷാണവുമായുള്ള എഴുന്നള്ളത്ത്”

FB post archived link

എന്നാൽ ഈ ദൃശ്യങ്ങൾ മധ്യപ്രദേശിൽ നിന്നുള്ളതല്ലെന്നും ദളിതനായ ഒരു വ്യക്തി മോട്ടോർ സൈക്കിൾ വാങ്ങിയതിന് സവർണർ ഇത്തരത്തിൽ ഉപദ്രവിച്ചതല്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് സംഭവം രാജസ്ഥാനില്‍ 2020 ജൂണിലാണ് നടന്നത്. രാജസ്ഥാനിലെ പാലി ജില്ലയിൽ സുമേര്‍പുര്‍  എന്ന സ്ഥലത്ത് നിന്നാണ് റിപ്പോര്‍ട്ടുകള്‍

വാര്‍ത്ത വായിക്കാന്‍: freepressjournal

“പാലി ജില്ലയിലെ സുമേർപൂരിൽ, ശിക്ഷ എന്ന പേരിൽ ഒരു യുവാവിന് നേരെ  മനുഷ്യത്വരഹിതമായ പീഡനം. സിരോഹിക്കടുത്തുള്ള സുപർണ (സർദാർപുര) ഭരുന്ദ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി ചിലർ മനുഷ്യത്വരഹിതതയുടെ അതിർവരമ്പുകൾ ലംഘിച്ചു. ഇരയുടെ ഗ്രാമത്തിലെ വിവാഹിതയായ യുവതിയുമായി പ്രണയബന്ധം പുലർത്തിയതാണ് പ്രതികളെ രോഷാകുലരാക്കിയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികൾ യുവാവിനെ മദ്യക്കുപ്പിയിൽ നിന്നും മൂത്രവും ഷൂവിൽ നിന്നും വെള്ളവും കുടിപ്പിച്ചു. പ്രതികൾ ഇരയുടെ അമ്മാവനെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി രാത്രി മുഴുവൻ മരത്തിൽ കെട്ടിയിട്ടു. രണ്ടാം ദിവസം രാവിലെ, ഇരയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ, ഇവരിൽ നിന്ന് പിഴയായി പ്രതികള്‍ ഈടാക്കിയ 5,000 രൂപ പോലീസുകാർ കണ്ടെടുത്തു. ജൂൺ 15ന് രാത്രി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സുമർപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലക്ഷ്മൺറാം ദേവസി, ജവനാറാം, ഭീമാറാം, നവരം, ദർഗാറാം ദേവസി എന്നീ അഞ്ച് പ്രതികളെ ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.”

രാജസ്ഥാനില്‍ നിന്നുള്ള മുന്‍ മാധ്യമ പ്രവര്‍ത്തക ഡോ. സംഗീത പ്രാണവേന്ദ്ര ഈ ദൃശ്യങ്ങള്‍ 2020 ജൂണ്‍ 16 നു ട്വീറ്റ് ചെയ്തിരുന്നു. 

പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എസ്പിയോട് ഡി‌ജി‌പി  ഇതേക്കുറിച്ച് വിശദീകരണം  ആവശ്യപ്പെട്ടതായും വാര്‍ത്തകളിലുണ്ട്. വീഡിയോ ദൃശ്യങ്ങൾ മധ്യപ്രദേശിലെതല്ല.  പുതിയ മോട്ടോർസൈക്കിൾ വാങ്ങിയതിനുമായിരുന്നില്ല. ഗ്രാമത്തിലെ വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധം പുലർത്തിയെന്ന് ആരോപിച്ചാണ് യുവാവിന് നേരെ അക്രമം നടന്നത്. ദളിത് പീഡനവുമായി ഈ സംഭവത്തിന് ബന്ധമൊന്നുമില്ല.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങൾ മധ്യപ്രദേശിലെതല്ല, രാജസ്ഥാനിലേതാണ്.  ഈ സംഭവം 2020 ജൂൺ 16നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  അതായത് മൂന്നുവർഷം പഴക്കമുള്ള സംഭവമാണിത്.  മോട്ടോര്‍ ബൈക്ക് വാങ്ങിയതിനല്ല,  വിവാഹിതയുമായ സ്ത്രീയുമായി പ്രണയബന്ധം ആരോപിച്ചാണ് ഏതാനുംപേര്‍  യുവാവിനെ മർദ്ദിച്ചത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

Written By: Vasuki S 

Result: False