
വിവരണം
ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കാൻ തോക്കുമായി പോകുന്ന സുഡാപികളെ പൊലീസ് വളഞ്ഞിട്ട് പൊക്കുന്നൂ.. എന്ന വിവരണത്തോടെ ഒരു വൈറൽ വീഡിയോ പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനം മറ്റൊരു വാഹനത്തെ മറികടന്ന് മുന്നിൽ നിർത്തുമ്പോൾ അതിലുള്ളവർ പുറത്തിറങ്ങി പൊലീസിന് നേരെ തോക്ക് ചൂണ്ടുന്നതും പോലീസ് അതി സമർത്ഥമായി സംഘത്തെ കീഴ്പ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
archived link | FB post |
ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടന്നുവന്ന സമരം കഴിഞ്ഞ ഒരു മാസമായി അക്രമാസക്തമാകുകയും പോലീസുകാരടക്കം 50 ത്തോളം പേർ മരിക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത വാർത്തകൾ നാം കണ്ടിരുന്നു. ഡൽഹിയിലെ അക്രമങ്ങളുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ അവയിൽ പലതിനും ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്ക് തുറന്ന് വായിക്കാം
ഈ വീഡിയോയും അത്തരത്തിൽ ഒന്നാണ്. ഇത് ഡൽഹി കലാപത്തിൽ നിന്നുള്ളതല്ല. വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വീഡിയോ വിവിധ കീ ഫ്രയിമുകളാക്കി വിഭജിച്ചശേഷം അതിൽ പ്രസക്തമായ ഒരെണ്ണം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോ നിരവധി ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. ഈ വീഡിയോ യഥാർത്ഥത്തിൽ ഇന്റർനെറ്റിൽ പ്രചരിച്ചു തുടങ്ങിയത് 2019 മാർച്ച് മാസം മുതലാണ്.

ഡൽഹി പോലീസും കൊള്ളസംഘവുമായി നടന്ന ഏറ്റുമുട്ടൽ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലല്ലാതെ വാർത്താ മാധ്യമങ്ങളൊന്നും ഈ വീഡിയോയെ പറ്റി വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ഡൽഹി പോലീസിന്‍റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ തിരഞ്ഞെങ്കിലും വീഡിയോയെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. പോലീസും കൊള്ളസംഘവും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റുമുട്ടലിന്‍റേതാണ് വീഡിയോ എന്ന് കരുതുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. വീഡിയോയ്ക്ക് അടുത്തിടെ ഡൽഹിയിൽ നടന്ന കലാപവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ വീഡിയോയിലെ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിനു ഈയിടെ ഡൽഹിയിൽ നടന്ന കലാപവുമായി യാതൊരു ബന്ധവുമില്ല. ഈ വീഡിയോ 2019 മാർച്ച് മുതൽ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതാണ്. തെറ്റിധാരണ സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Title:പഴയ വീഡിയോ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: False

sorry/ My fault