രാഹുല്‍ ഗാന്ധി ബേക്കറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പഴയതാണ്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളില്‍ ഒന്ന്. വയനാട്ടില്‍ എസ്എഫ്ഐ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് തന്‍റെ മണ്ഡലത്തില്‍ അദ്ദേഹം എത്തുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ബേക്കറി സന്ദര്‍ശനത്തിനെ കുറിച്ചുള്ള ട്രോളുകളാണ് എതിര്‍പാര്‍ട്ടികള്‍ ആഘോഷമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിനും അദ്ദേഹം മുടങ്ങാതെ ബേക്കറിയില്‍ എത്തി എന്ന പേരില്‍ ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത വീഡിയോയാണ് വൈറലായി പ്രചരിക്കുന്നത്. പതിവ് തെറ്റിക്കാതെ രാഗാ ✌🏻 ഇത്തവണ പഴം പൊരീംബനാന ചിപ്സും പാർസൽ വാങ്ങിച്ചു കൂടിയാണ് സ്ഥലം വിട്ടത്.. എന്ന തലക്കെട്ട് നല്‍കിയാണ് ഈ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. പ്രോഗ്രസീവ് മൈന്‍ഡ്‌സ് എന്ന ഗ്രൂപ്പില്‍ ജാഫര്‍ ഷറീഫ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 788ല്‍ അധികം റിയാക്ഷനുകളും 45ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record 

എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ന് (2022, ജൂലൈ ഒന്ന്) വയനാട് സന്ദര്‍ശിച്ചപ്പോഴുള്ള വാര്‍ത്തയുടെ വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ ‘പതിവ് തെറ്റിക്കാതെ രാഗ’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ന്യൂസ് 18 കേരളയുടെ  യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഇതെ വീഡിയോ യഥാര്‍ത്ഥത്തില്‍ 2019 ഡിസംബര്‍ അ‍ഞ്ചിന് ന്യൂസ് 18 കേരള പങ്കുവെച്ചതാണ്. അന്ന് രാഹുല്‍ ഗാന്ധി വയാനാട്ടില്‍ എത്തിപ്പോള്‍ ഒരു ബേക്കറിയില്‍ ലഘുഭക്ഷണം കഴിക്കാന്‍ കയറിയതിനെ കുറിച്ചുള്ള വാര്‍ത്തയാണിത്. ഇപ്പോഴത്തെ രാഹുലിന്‍റെ സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധമുമില്ലയെന്നതാണ് വസ്‌തുത.

ന്യൂസ് 18 കേരളയുടെ യഥാര്‍ത്ഥ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം-

News 18 Kerala  

നിഗമനം

2019ല്‍ വയനാട് സന്ദര്‍ശിച്ചപ്പോഴുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി ഇപ്പോഴും പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധാരണാജനകമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:രാഹുല്‍ ഗാന്ധി ബേക്കറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പഴയതാണ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Missing Context