
വിവരണം
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേർന്നു ഹരിയാനയിലെ അംബാല വ്യോമ താവളത്തിലാണ് റഫാൽ വിമാനങ്ങൾ എത്തിച്ചേർന്നത്. മൂന്നു ദിവസം മുമ്പ് ഫ്രാൻസിൽ നിന്നും വിമാനങ്ങൾ പുറപ്പെട്ടു. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിക്കും എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
റഫേൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ 330 ഫീനിക്സ് എം ആർ ടി ടാങ്കർ വിമാനത്തില്‍ നിന്ന് റഫാൽ വിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വാർത്തയും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഫ്രാൻസിലെ മെറിനിയാക്ക് വ്യോമതാവളത്തിൽ നിന്ന് നേരെ അബുദാബിയിലേയ്ക്കാണ് റഫേല്‍ പറന്നത്. ഈ യാത്രയ്ക്കിടയിലാണ് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തു വെച്ച് റഫാലില്‍ ഇന്ധനം നിറച്ചത്. ഇതിന്റെ ചില വൈറൽ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നമ്മൾ ഇപ്പോൾ പരിശോധിക്കാൻ പോകുന്നത് അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണ്.
പറന്ന് കൊണ്ടിരിക്കുന്ന റാഫേൽ ജെറ്റിന് ആകാശത്ത് നിന്ന് തന്നെ ഇന്ധനം നിറയ്ക്കുന്ന അപൂർവ്വ കാഴ്ച എന്ന പേരിൽ ഒരു ഹൃസ്വ വീഡിയോയാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
എന്നാൽ ഈ വീഡിയോ റഫാൽ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെയല്ല. ഇത് കുറച്ചു പഴയ വീഡിയോ ആണ്.
വാർത്തയുടെ യാഥാർത്ഥ്യം
എന്താണെന്ന് നമുക്ക് പരിശോധിക്കാം. ഞങ്ങൾ ഈ വീഡിയോ വിവിധ ഫ്രെയിമുകളായി വേര്‍തിരിച്ച ശേഷം അതിൽനിന്നും ഒന്നുരണ്ടെണ്ണം എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. എന്നാൽ ഈ വീഡിയോ കുറച്ചു പഴയതാണ് എന്നാണ് മനസ്സിലാക്കാനായത്.
എഫ് 22 വിമാനങ്ങളിൽ ഇന്ധനം നിറക്കുന്ന കാഴ്ച എന്ന അടിക്കുറിപ്പോടെ ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റഫേൽ വിമാനങ്ങളുടെ ഇന്ധനം നിറക്കുന്ന ചിത്രം ലഭ്യമാണോ എന്ന് ഞങ്ങൾ അന്വേഷിച്ചു. താഴെ നല്‍കിയിരിക്കുന്ന ഇന്‍ഡ്യന്‍ എംബസ്സിയുടെ ട്വീറ്റില്‍ റഫേല്‍ വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
Few shots from 30,000 feet! Mid air refuelling of #RafaleJets on their way to #India@IAF_MCC @French_Gov @FranceinIndia @MEAIndia @IndianDiplomacy @DDNewslive @ANI @DefenceMinIndia @Armee_de_lair @JawedAshraf5 pic.twitter.com/VE7lJUcZe7
— India in France (@Indian_Embassy) July 28, 2020
ഇന്ധനം നിറയ്ക്കുന്ന രീതി ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കാഴ്ചയിൽ സമാനത തോന്നുമെങ്കിലും ഇന്ധനം നിറയ്ക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്. റഫേല്‍ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് മുൻവശത്തുകൂടിയാണ്. അതിന്റെ കുഴല്‍ ഘടിപ്പിച്ചിട്ടുള്ള രീതി ശ്രദ്ധിക്കുക.
പോസ്റ്റിലെ വീഡിയോയില്‍ നല്‍കിയിട്ടുള്ള വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നത് മധ്യ ഭാഗത്ത് കൂടിയാണ്. റഫേല്‍ വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെയും പോസ്റ്റിലെ വീഡിയോയില്‍ നല്‍കിയിട്ടുള്ള വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ താഴെ നല്കിയിരിക്കുന്നു.
റഫേല്‍ വിമാനം
പോസ്റ്റിലെ വിമാനം
പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന വിമാനത്തിന്റെ മധ്യ ഭാഗത്താണ് ഇന്ധനം നിറയ്ക്കുന്നത്. അതിനാൽ ഇത് റഫേൽ വിമാനങ്ങളിൽ ഇന്ധനം നിറക്കുന്ന വീഡിയോ അല്ല എന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഈ വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ ഫ്രാൻസിൽ നിന്നും വാങ്ങിയ റാഫേൽ വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന്റേതല്ല. 2018 മുതൽ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്. എഫ് 22 വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെ 2018 മുതൽ വീഡിയോ ഇൻറർനെറ്റ് ലഭ്യമാണ്.

Title:ഇത് റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വീഡിയോയല്ല, പഴയതാണ്
Fact Check By: Vasuki SResult: False
