വിദ്യാര്‍ഥികള്‍ എസ് എഫ് ഐ നേതാക്കളെ വിമര്‍ശിക്കുന്ന ഈ വീഡിയോ 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ളതാണ്…

രാഷ്ട്രീയം

ഇടുക്കിയിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ.  സാമൂഹ്യ മാധ്യമങ്ങളിൽ  ഇതേ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്. എസ്എഫ്ഐ അനുഭാവികൾ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

പ്രചരണം

മാധ്യമപ്രവർത്തകരോട് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ ഉൾപ്പെടെ എസ്എഫ്ഐനേതാക്കളെ കുറിച്ച് ആരോപണങ്ങൾ തുറന്നുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് എന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മുകളിൽ ചില എസ്എഫ്ഐ നേതാക്കള്‍ അമിതമായി കടക്കുകയാണെന്നും അവർ ആരോപിക്കുന്നു.  കൊലപാതകത്തിൽ അതിശയിക്കാനില്ല എന്ന് സൂചിപ്പിച്ച്  വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “SFI ക്കാരുടെ വാക്കുകൾ..

കാണുക കേൾക്കുക വിലയിരുത്തുക. ഇതാണ് sfi എന്ന ക്രിമിനൽ വിദ്യാർത്ഥി പ്രസ്ഥാനം…ഇരന്ന് വാങ്ങിയ കൊലപാതകം തന്നെ..

ഒരു സംശയവുമില്ല.. “

archived linkFB post

വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് രണ്ടു വർഷം വർഷം പഴയ സംഭവമാണെന്നും ധീരജിന്‍റെ കൊലപാതകവുമായി ഈ ദൃശ്യങ്ങളെ തെറ്റായി ബന്ധപ്പെടുത്തുകയാണെന്നും എന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസങ്ങളിലും എസ്എഫ്ഐക്കാര്‍ എസ്എഫ്ഐ കാരെ തന്നെ വിമര്‍ശിക്കുന്നു എന്നു വാദിച്ച് ഒരു വീഡിയോ പ്രചരിച്ചിരുന്നു.  പഴയ വീഡിയോ കൊലപാതകവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്.  ഈ പ്രചരണത്തിനു മുകളിൽ ഞങ്ങൾ  വസ്തുത അന്വേഷണം നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എസ്എഫ്ഐ പ്രവർത്തകൻ സഹപ്രവർത്തകരെ വിമർശിക്കുന്ന ഈ ന്യൂസ് വീഡിയോ ഇപ്പോഴത്തെതല്ല, പഴയതാണ്…

പ്രസ്തുത വീഡിയോ ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പലരും കമന്‍റ് ബോക്സില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർഥിക്ക് കുത്തേറ്റ സംഭവം 2019 ല്‍ നടന്നിരുന്നു. കോളജ് കാന്‍റീൻ ഭാഗത്ത് പാട്ട് പാടിയതിനെ ചൊല്ലിയുണ്ടായ ചില വാഗ്വാദങ്ങള്‍  സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

ഈ സന്ദർഭത്തിൽ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് പങ്കുവെച്ച് കാര്യങ്ങളാണിത്.  2019ലെതാണ് വീഡിയോ. വീഡിയോ മുഴുവനായി കണ്ടു നോക്കിയാല്‍ കുട്ടികള്‍ കുത്തേറ്റ അഖിലിന്‍റെ കാര്യം പരാമര്‍ശിക്കുന്നുണ്ട് എന്നു കാണാം.  രണ്ടോമൂന്നോ വാർത്താചാനലുകളുടെ വീഡിയോ  ഒരുമിച്ച്  ചേർത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്.  ഇതിലെ വീഡിയോ ദൃശ്യങ്ങള്‍  2019 മുതൽ യൂട്യൂബിൽ ലഭ്യമാണ്.  ഏഷ്യാനെറ്റ് ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 

പ്രസ്തുത വീഡിയോയ്ക്ക് എസ്എഫ്ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ട സംഭവവുമായി യാതൊരു ബന്ധവുമില്ല. ധീരജിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതി സ്ഥാനത്ത് പോലീസ് പേര് ചേര്‍ത്തിരിക്കുന്നവര്‍ കെ എസ് യു പ്രവര്‍ത്തകരാണെന്നും വാര്‍ത്തകള്‍   വന്നിരുന്നു. 

നിഗമനം 

പോസ്റ്റിലെ വീഡിയോ രണ്ട് വർഷം പഴക്കമുള്ളതാണ്. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവമായി വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. അന്നത്തെ വാർത്താ ചാനലുകൾ ടെലികാസ്റ്റ് ചെയ്ത വാർത്തകളുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വിദ്യാര്‍ഥികള്‍ എസ് എഫ് ഐ നേതാക്കളെ വിമര്‍ശിക്കുന്ന ഈ വീഡിയോ 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •