കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ പഴയതാണ്.. വിശദമായി വായിക്കാം..

സാമൂഹികം

വിവരണം

ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡ‍ിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂൾ ഏതാണെന്ന് അറിയില്ല.  എന്നാൽ യൂണിഫോം കേന്ദ്രീയ വിദ്യാലയം പോലെയാണ്.  ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നത് വരെ വീഡിയോ ഷെയർ ചെയ്യുക.  അത് എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ആകട്ടെ.  കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അത് മാധ്യമങ്ങളിൽ തുറന്നുകാട്ടണം, അങ്ങനെ മറ്റ് വിദ്യാർത്ഥികൾ ഇത്തരം റാഗിംഗ് ചെയ്യാൻ ധൈര്യപ്പെടില്ല.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വൈറലായിരിക്കുന്നത്. മാഹിന്‍ കൊച്ചുമുഹമ്മദ് വല്ലിക്ക എന്ന വ്യക്തിയുടെ പ്രൊഫൈിലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  നിരവധി ലൈക്കുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥില്‍ ഈ സംഭവം എപ്പോള്‍ നടന്നതാണ്? അടുത്തിടയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന അക്രമത്തിന്‍റെ വീഡിയോയാണോ ഇത്? വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലേ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം

വസ്‌തുത വിശകലനം

യൂട്യൂബില്‍ കേന്ദ്രീയ വിദ്യാലയം, അക്രമം എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ സംഭവുവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്‌തുത എന്താണെന്നതിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ആജ് ത‌ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്ത 2016 ഒക്‌ടോബര്‍ 14ല്‍ ആണ്. അതായത് ഏകദേശം ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ബീഹാറിലെ മുസാഫര്‍പുറിലെ കേന്ദ്രീയ വിദ്യായലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കൊപ്പം ഒരേ ക്ലാസില്‍ പഠിക്കുന്ന സഹപാഠിയെ ക്രൂരമായി മര്‍ദ്ദിച്ചതാണ് സംഭവം. 2016 ഓഗസ്റ്റിലാണ് യഥാര്‍ത്ഥത്തില്‍ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അക്രമിച്ച വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീഡിയോ പുറത്ത് വരുന്നത് രണ്ട് മാസത്തിന് ശേഷമാണ്. സ്കൂള്‍ മാനേജ്മെന്‍റ് വിഷയത്തില്‍ ഇടപെടാത്തതിനെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പിളിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന സമര്‍ധനായ ദളിത് വിദ്യാര്‍ത്ഥിയെയാണ് ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്‍റെ മക്കള്‍ മര്‍ദ്ദിച്ചത്. രാഷ്ട്രീയമായും വലിയ വിവദം സൃഷ്ടിച്ച കേസാണിത്.

ആജ് തക് വാര്‍ത്തയുടെ വീഡിയോ-

മലയാളത്തില്‍ ദേശാഭിമാനി അന്ന് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Deshabhimani News Report

നിഗമനം

2016ല്‍ ഏറെ വിവാദമായ വിഷമായിരുന്നു ബിഹാറിലെ മുസാഫര്‍പുര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. ഇതെ തുടര്‍ന്ന് പോലീസും അധികാരികളും കൃത്യമായ ഇടപെടല്‍ നടത്തി നടപടിയും സ്വീകരിച്ചിരുന്നു. ഇപ്പോഴും ഇതെ വിഡിയോ അധികാരികളിലെത്തിക്കുക എന്ന പേരില്‍ പ്രചരിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ പോസ്റ്റിലൂടെ അപൂര്‍ണ്ണമായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ പഴയതാണ്.. വിശദമായി വായിക്കാം..

Fact Check By: Dewin Carlos 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •