
അഫ്ഗാനിസ്ഥാനില്‍ സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് താലിബാൻ രാജ്യം പിടിച്ചെടുത്തു. തുടര്‍ന്ന് താലിബാനുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന സംഭവങ്ങൾക്കിടയില്‍ താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വൈറൽ വീഡിയോയിൽ ഏഴെട്ടു പേര് നിരന്നുനിന്ന് ഇന്ത്യയ്ക്കെതിരെ വെല്ലുവിളിപോലെ പറയുന്നത് കേൾക്കാം. ഉർദു ഭാഷയിൽ അവർ പറയുന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്, “ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ പാകിസ്താൻ സൈന്യത്തിനും രാജ്യത്തിനും ഒപ്പമാണെന്ന് ഇന്ത്യയിലെ ഹിന്ദു സർക്കാരിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളോട് എന്തും ചെയ്യാന്‍ നിങ്ങൾക്ക് കഴിയില്ല. ഞങ്ങൾ അമേരിക്കയെ കരയിപ്പിച്ചതുപോലെ, നിങ്ങളോടും അങ്ങനെ ചെയ്യും.”
പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും കാശ്മീർ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് താലിബാൻ തീവ്രവാദികൾ. പ്രഖ്യാപനം വന്നു…… എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ രണ്ടു വര്‍ഷം പഴക്കമുള്ള ഒരു വീഡിയോ ആണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോയില്‍ നിന്നും ചില ഫ്രെയിമുകള്‍ വേര്‍തിരിച്ചെടുത്ത ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോ 2019 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി. 2019 ഫെബ്രുവരി 27 ന് ഉര്‍ദു ഭാഷയില്‍ തന്നെ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. ഇന്ത്യയില്‍ എത്തുന്നതുവരെ ഷെയര്‍ ചെയ്യൂ എന്ന ആഹ്വാനത്തോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്. “ഇന്നത്തെ വലിയ വാർത്ത, അഫ്ഗാനിസ്ഥാൻ മുജാഹിദ്ദീൻ ഇന്ത്യയെ ഭീഷണിപ്പെടുത്തി- നിങ്ങൾ പാകിസ്താന്‍റെ നേര്‍ക്ക് നോക്കിയാല്‍….” എന്ന അടിക്കുറിപ്പോടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ലഭിച്ചു. ചില യുട്യൂബ് ചാനലുകള്‍ ഇതേ കാലത്ത് തന്നെ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
വാസ്തവത്തിൽ, അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിൽ, ഒരു രാജ്യത്തിനും ഒരു ഭീഷണിയും താലിബാൻ ഉണ്ടാക്കില്ലെന്ന് അവരുടെ വക്താവ് പ്രസ്താവിച്ചിരുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്‍റെ ഭാഗമാകാൻ തങ്ങളുടെ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. വീഡിയോ രണ്ട് വർഷമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ നിന്നും വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് വ്യക്തമാണ്. ഇതുവരെ താലിബാൻ ഇന്ത്യയ്ക്ക് ഒരു ഭീഷണിയും പരസ്യമായി നൽകിയിട്ടില്ല.
ഈ വീഡിയോ എവിടെ നിന്നുള്ളതാണ്, ഇതു സംഘടനയിലെ അംഗങ്ങളാണ് ഇതില്‍ സംസാരിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തെങ്കിലും വിശദാംശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ ലേഖനത്തില്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് പഴയ ഒരു വീഡിയോ ആണ്. ഇവര്‍ താലിബാനികള്‍ ആണെന്ന് യാതൊരു തെളിവുമില്ല. പഴയ വീഡിയോ താലിബാന്‍റെ പേരില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:രണ്ടു വര്‍ഷം പഴയ വീഡിയോ ഉപയോഗിച്ച് താലിബാന്‍ ഇന്ത്യയെ ഇപ്പോള്‍ ഭീഷപ്പെടുത്തുന്നു എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
