‘അലഹാബാദില്‍ ഗംഗയിൽ നിന്ന് മേഘം ജലം കൊണ്ടുപോകുന്ന അത്ഭുത ദൃശ്യങ്ങളുടെ’ സത്യമിതാണ്…

കാലാവസ്ഥ

ഗംഗ യമുന, സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം. ഹിന്ദുമത വിശ്വാസികള്‍ ഇവിടം പവിത്രമായി കരുതുന്നു. കൂടാതെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചരിത്രപരമായ കുംഭമേളയുടെ സൈറ്റുകളിലൊന്നാണിത്.

പ്രയാഗ്‌രാജ് എന്ന് പുതുതായി നാമകരണം ചെയ്ത അലഹബാദിലെ ത്രിവേണി സംഗമത്തിൽ നിന്ന് മേഘങ്ങൾ ഗംഗാജലം വലിച്ചെടുക്കുന്ന പുണ്യ സംഭവമുണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

നദീജലോപരിതലത്തിലൂടെ മുകളിലേക്ക് മഞ്ഞുപോലെയോ പുക പോലെയോ  വായുവിന്‍റെ ഒരു സ്തംഭം നീങ്ങുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍ കാണുന്നത്. മേഘം ജലം ഉയര്‍ത്തി കൊണ്ട് പോകുന്ന കാഴ്ച്ചയാണിത് എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “അലഹബാദിലെ സംഗമത്തിൽ ഗംഗയിൽ നിന്ന് മേഘം ജലം കൊണ്ടുപോകുന്നത് കാണുക…ആദ്യമായി ഇത് സംഭവിക്കുന്നത്..25-7-22 ന് വൈകുന്നേരമാണ് ഇത് സംഭവിച്ചത്, പ്രകൃതിയുടെ അതിശയകരമായ കാഴ്ച..”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും 2018-ൽ മഹാരാഷ്ട്രയിലെ പൂനെയിലെ ജെജുരിയിൽ കണ്ട പ്രതിഭാസമാണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഇത് ഒരു വാട്ടർ സ്‌പൗട്ട് (ഒരു ചുഴലിക്കാറ്റിന്‍റെ ഉപവിഭാഗം), ഭ്രമണം ചെയ്യുന്ന, മേഘം നിറഞ്ഞ കാറ്റിന്‍റെ ഒരു നിരയാണിതെന്ന്  ഞങ്ങൾ കണ്ടെത്തി. പ്രതിഭാസത്തിന്‍റെ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകനും കാലാവസ്ഥാ ശാസ്ത്ര തല്‍പരനുമായ  ഡോ. എന്‍. ഷാജിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചത് ഇങ്ങനെ: “ചെറിയ ഒരു വാട്ടര്‍ സ്പൌട്ട് ആണിത്. ജലാശയത്തിന് മുകളിലൂടെ കറങ്ങുന്ന മേഘം നിറഞ്ഞ കാറ്റിന്‍റെ നിരയാണ് വാട്ടർ സ്‌പൗട്ട്. പേര് വാട്ടര്‍ സ്പൌട്ട് എന്നാണെങ്കിലും, ഇത് സ്പര്‍ശിക്കുന്ന ഒരു സമുദ്രത്തിൽ നിന്നോ തടാകത്തിൽ നിന്നോ ഉള്ള വെള്ളം ഇതില്‍ കയറുന്നില്ല. ഒരു ക്യുമുലസ് മേഘത്തിൽ നിന്ന് ഒരു വാട്ടർ സ്‌പൗട്ട് ഉല്‍ഭവിക്കുന്നു. വാട്ടർ സ്‌പൗട്ടിനുള്ളിലെ ജലം മേഘത്തിൽ ഘനീഭവിച്ചാണ് രൂപപ്പെടുന്നത്.”

വൈറല്‍ വീഡിയോയില്‍ കാണുന്നത് 2018-ൽ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ജെജുരിയിൽ കണ്ട പ്രതിഭാസമാണ്.

ഈ സൂചന ഉപയോഗിച്ച്, ഞങ്ങൾ കീവേഡ് അന്വേഷണം നടത്തിയപ്പോള്‍, 2018 ല്‍ നടന്ന ഈ പ്രതിഭാസത്തെ പറ്റി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. ജൂൺ 8 ന് നടന്ന പൂനെയിലെ രാമല്ല ഗ്രാമത്തിൽ നിന്നുള്ളതാണ് വീഡിയോയെന്ന് 2018 ജൂൺ 10-ലെ NDTV റിപ്പോർട്ട് പറയുന്നു.

സീനിയർ മെറ്റീരിയോളജിസ്റ്റ് ഡോ.ജെ.ആർ കുൽക്കർണിയുടെ നേതൃത്വത്തിൽ പൂനെ ആസ്ഥാനമായുള്ള സെന്‍റർ ഫോർ സിറ്റിസൺ സയൻസിന്‍റെ (സിസിഎസ്) മൂന്നംഗ സംഘം പ്രതിഭാസങ്ങൾ വിശകലനം ചെയ്തതായും മഹാരാഷ്ട്രയിൽ ആദ്യമായി ഒരു ചുഴലിക്കാറ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.

2018 ല്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ വാട്ടര്‍ സ്പൌട്ട് പ്രതിഭാസത്തിന്‍റെ വീഡിയോ ആണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. അടുത്തിടെ പ്രയാഗ്‌രാജിൽ നടന്ന പുണ്യ പ്രതിഭാസം എന്ന തെറ്റായ അവകാശവാദത്തോടെ പങ്കിടുന്നത്  2018 ല്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ വാട്ടര്‍ സ്പൌട്ട് പ്രതിഭാസത്തിന്‍റെ വീഡിയോ വീഡിയോ ആണ്. തൃവേണി സംഗമവുമായോ അലഹബാദുമായോ ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘അലഹാബാദില്‍ ഗംഗയിൽ നിന്ന് മേഘം ജലം കൊണ്ടുപോകുന്ന അത്ഭുത ദൃശ്യങ്ങളുടെ’ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •