പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

അന്തര്‍ദേശീയം സാമൂഹികം

വിവരണം

നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടത്തില്‍ 72 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഞട്ടലോടെയാണ് ലോകം അറി‍ഞ്ഞത്. പൊഖാറ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നിടയിലായിരുന്നു യെതി എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍പ്പെട്ട് എരിഞ്ഞമര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ പേരും മരണപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗര്‍ വിമാനം അപകടത്തില്‍പ്പെട്ട അതെ ദിവസമായ ജനുവരി 15ന് അതെ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ടിക് ടോക്ക് വിഡീയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചു എന്ന തരത്തില്‍ ഒരു വീഡ‍ിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പെഹ്‌ല നഷാ എന്ന ഹിന്ദി ഗാനത്തിന്‍റെ പശ്ചാത്തല സംഗീതം ചേര്‍ത്താണ് ഒഷിന്‍ വീഡിയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചിട്ടുള്ളത്. നേപ്പാൾ വിമാനപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എയർഹോസ്റ്റസ് ഒഷിൻ മഗറിന്റെ TikTok ൽ ഇന്ന് പങ്കുവച്ച വീഡിയോ എന്ന തലക്കെട്ട് നല്‍കി അപകട നടന്ന ജനുവരി 15ന് എംനെറ്റ് വര്‍ക്ക് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അപകടം നടന്ന അതെ ദിവസം ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച് ടിക് ടോക്കില്‍ പങ്കുവെച്ച എയര്‍ ഹോസ്റ്റസ് ഒഷിന്‍ മാഗറിന്‍റെ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഒഷിന്‍ മാഗര്‍ പേര് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ ഒഷിന്‍ നാപ്പിളിലെ പൊഖാറ വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ഒഷിന്‍റെ മരണത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക. ഒഷിന്‍ ഒരു ടിക് ടോക്ക് ഇന്‍ഫ്ലൂവന്‍സറായതിനാലാണ് ഇതെ കുറിച്ച് പ്രത്യേക വാര്‍ത്ത തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യതി എയര്‍ലൈന്‍സ് അപകടത്തില്‍പ്പെട്ട ദിവസം പങ്കുവെച്ചതല്ലായെന്നതാണ് യതാര്‍ത്ഥ്യം.

ഇന്ത്യയില്‍ ടിക് ടോക് നിരോധനമുള്ളതിനാല്‍ വിപിഎന്‍ സഹായത്തോടെ ഒഷിന്‍ മാഗറിന്‍റെ  ടിക് ടോക്ക് അക്കൗണ്ട് ഞങ്ങള്‍ പരിശോധിച്ചു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒഷിന്‍റെ വിമാനത്തിനുള്ളില്‍ നിന്നും ചിത്രീകരിച്ച ടിക്ക് ടോക്ക് വീഡിയോ യഥാര്‍ത്ഥത്തില്‍ 2022 സെപ്റ്റംബര്‍ 11നാണ് ഒഷിന്‍ പങ്കുവെച്ചിട്ടുള്ളത്.

ഒഷിന്‍ മാഗര്‍ ടിക്ക് ടോക്കില്‍ പങ്കുവെച്ച യഥാര്‍ത്ഥ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് (തീയതി കാണാം)-

നിഗമനം

കഴിഞ്ഞ ദിവസം നാപ്പിളില്‍ തകര്‍ന്ന യതി എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗറിന്‍റെ ഫ്ലൈറ്റിനുള്ളില്‍ നിന്നുമുള്ള ടിക്ക് ടോക്ക് വീഡിയോ അപകട ദിവസം ചിത്രീകരിച്ചതല്ലെന്നും 2022 സെപ്റ്റംബര്‍ 11ന് ഒഷിന്‍ തന്‍റെ ടിക്ക് ടോക്കില്‍ പങ്കുവെച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം ഭാഗികമായി തെറ്റാമെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False