
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈനികന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് നെറ്റിയിൽ ചിതാഭസ്മം അണിഞ്ഞുവെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യോഗി ആദിത്യനാഥ് പട്ടട പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തുനിന്നും കുനിഞ്ഞു നെറ്റിയിൽ ഭസ്മം പുരട്ടുന്നത് കാണാം. കുറച്ചുപേര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. കൂടെയുള്ളവരും ഇത്ഇന് ശേഷം കുനിഞ്ഞു ഭസ്മത്തില്‍ സ്പര്‍ശിക്കുന്നത് കാണാം. അടുത്തിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ അണിയുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നാണ് അടിക്കുറിപ്പ് വിവരിക്കുന്നത്: “#ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സൈനികൻ വീരമൃത്യു വരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ചിതാഭസ്മം സ്വന്തം നെറ്റിയിൽ ചാർത്തി യോഗി ആദിത്യനാഥ് . ഇത്തരക്കാരെ നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികളാക്കിയത് , നമ്മുടെ ഭാരതഭൂമിയുടെ മഹത്തായ ഭാഗ്യമാണ്.”
എന്നാല്‍ വസ്തുത പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് ഹോളി രക്ഷ നെറ്റിയിൽ അണിയുന്ന വീഡിയോയാണ് ഇതെന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ദൃശ്യങ്ങള്‍ ഒരു വർഷം മുമ്പുമുതല്‍ പ്രചരിക്കുന്നുണ്ടെന്നുള്ള സൂചനകള്‍ ലഭിച്ചു.
എംപി പ്രാചി സാധ്വി 2022 യോഗി ആദിത്യനാഥിന്‍റെ ഈ വീഡിയോ മാർച്ച് 22 ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് നെറ്റിയിൽ ഹോളിയുടെ ഭസ്മം പുരട്ടുകയായിരുന്നുവെന്ന് അതിൽ വിവരിക്കുന്നു.
TV-9 പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം, 2022 മാർച്ച് 17-ന് യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ ഹോളിക ആഘോഷിച്ചു. വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഹോളിക ദഹന്‍ ചടങ്ങില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തതിനെ കുറിച്ച് എഎന്‍ഐ ന്യൂസ് പ്രസിദ്ധീകരിച്ച https://twitter.com/ANINewsUP/status/1504434873721036806 ട്വീറ്റ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.
ദൃശ്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി ഗോരഖ്പൂരിൽ നിന്നുള്ള പ്രാദേശിക പത്രപ്രവർത്തകനായ മാർക്കണ്ഡേയ മണി ത്രിപാഠിയെ ഫാക്ട് ക്രെസെൻഡോ പ്രതിനിധി ബന്ധപ്പെട്ടു. വൈറലായ വീഡിയോ ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്നുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോളിക ദഹനിന്‍റെ രണ്ടാം ദിവസം ഇത്തരത്തില്‍ നെറ്റിയിൽ ഭസ്മം ചാർത്തിയാണ് യോഗി ആദിത്യനാഥ് ദർശനം നടത്തിയത്.
കൂടുതല്‍ വ്യക്തതയ്ക്കായി ഗോരഖ്പൂർ കളക്ടർ വിനീത് കുമാർ സിംഗിനോട് അന്വേഷിച്ചപ്പോള്‍ ഞങ്ങളുടെ പ്രതിനിധിയോട് അദ്ദേഹം സ്ഥിരീകരിച്ചത് ഇതേ കാര്യം തന്നെയാണ് . വൈറലായ വീഡിയോ സൈനികന്‍റെ ശവസംസ്‌കാര ചടങ്ങുകളല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിഗമനം
വീരചരമം പ്രാപിച്ച സൈനികന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ് നെറ്റിയിൽ ചിതാഭസ്മം പുരട്ടി എന്ന അവകാശവാദത്തോടെ വൈറലാകുന്ന വീഡിയോ ഗോരഖ്‌നാഥ് ക്ഷേത്ര ചടങ്ങില്‍ നിന്നുള്ളതാണ്. കഴിഞ്ഞ വർഷത്തെ ഹോളി ദഹന്‍ ചടങ്ങില്‍ പങ്കെടുത്ത് യോഗി ആദിത്യനാഥ് നെറ്റിയിൽ ഭസ്മം ചാർത്തിയ ദൃശ്യങ്ങളാണിത്. തെറ്റായ വിവരണത്തോടെ പഴയ വീഡിയോ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:യോഗി ആദിത്യനാഥ് സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ ചാര്‍ത്തിയോ…? ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…
Fact Check By: Vasuki SResult: Misleading
