ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

സാമൂഹികം

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ   നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ച അരിക്കൊമ്പൻ  എന്ന പേരിൽ പ്രസിദ്ധനായ ആനയെ ഇക്കഴിഞ്ഞ ദിവസം പ്രത്യേക ദൌത്യ സംഘം പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയിരുന്നു. ഏതാനും മാസങ്ങളായിമലയാള മാധ്യമങ്ങളിൽ വാർത്തകളിൽ എന്നും ഇടംനേടിയ വന്യജീവിയാണ് അരിക്കൊമ്പൻ.  ആന ഉള്‍ക്കാട്ടിലേക്ക് പോയി എന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. അരിക്കൊമ്പനെ പിടികൂടാൻ രൂപീകരിച്ച ദൌത്യ സംഘം രണ്ടു ദിവസം പരിശ്രമിച്ചാണ്  മയക്കുവെടി വച്ച് ആനയെ നിയന്ത്രണത്തിലാക്കിയത്. പിന്നീട് ലോറിയില് കയറ്റിയാണ് പെരിയാർ റീസർവിലേക്ക് കൊണ്ടുപോയത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന രംഗമാണ് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മുൻ കാലുകളിൽ വടം കെട്ടി ഒരു ആനയെ ലോറിയിലേക്ക് ബലം പ്രയോഗിച്ച്  വലിച്ചു കയറ്റുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ആന ലോറിയിലേക്ക് കയറാൻ കൂട്ടാക്കുന്നില്ല. പിന്നിൽ നിന്ന് രണ്ട് ആനകൾ കൊമ്പുകൾ കൊണ്ട് കുത്തി മുന്നിലേയ്ക്ക് നീക്കുന്നതും അടുത്ത് നിൽക്കുന്ന ആളുകൾ കമ്പ് ഉപയോഗിച്ച് ആനയെ കുത്തി ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പീഡനം അനുഭവിക്കുന്ന ആന വേദനയും പരിഭ്രമവും മൂലം ഉച്ചത്തിൽ ചിന്നം വിളിക്കുന്നുണ്ട്. 

ഈ ആന അരിക്കൊമ്പനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പാവം. നാളെ മനുഷ്യന്റെ ഗതിയും ഇതു തന്നെയാവും. സ്വന്തം ആവാസ വ്യവസ്ഥയിൽ നിന്നും ബലമായി കൊണ്ടുപോകാൻ പ്രകൃതി പണിയൊരുക്കും. ആ കരച്ചിൽ പ്രകൃതി കേൾക്കാതിരിക്കുമോ ? കടപ്പാട് വീഡിയോ കാണുക…”

FB postarchived link

എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് അരിക്കൊമ്പൻ അല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

വീഡിയോയിലുള്ളത് പിടിയാനയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. അരിക്കൊമ്പന് കൊമ്പുകളുണ്ട്. ദൃശ്യങ്ങളിലേത് അരിക്കൊമ്പൻ അല്ലെന്നും ദൃശ്യങ്ങൾ കേരളത്തിൽ  നിന്നുള്ളതല്ലെന്നും പലരും കമന്റ് ബോക്സിൽ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ദൃശ്യങ്ങളുള്ള ഒരു യുട്യൂബ് ചാനൽ ലഭ്യമായി. വീഡിയോയിൽ ഒരു വാട്ടർമാർക്ക് കാണാം. ഇതേ പേരിലാണ് യുട്യൂബ് ചാനൽ ഉള്ളത്. പ്രചാരത്തിലുള്ള വീഡിയോയിലെ അതേ ലോഗോ തന്നെയാണ് ചാനലിലുള്ളത്. വൈല്‍ഡ് ടസ്‌ക്കര്‍ സാക്രിബൈലു (Wild Tusker Sacrebylu) എന്നാണ് ചാനലിന്റെ പേര്. കര്‍ണ്ണാടകയിലെ ശിവമോഗയിലുള്ള ആന പരിശീലന കേന്ദ്രത്തിന്റെ ചാനലാണിത്. ഇതിൽ സമാനമായ വീഡിയോകള്‍ കൊടുത്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യമുള്ള പതിപ്പ് ഇവിടെ കാണാം: 

വീഡിയോയുടെ വിവരണമനുസരിച്ച് സാക്രിബൈലു എലിഫന്റ് ക്യാമ്പില്‍ നിന്ന് യുപിയിലെ ദുദ്വ ടൈഗര്‍ റിസര്‍വിലേക്ക് (Dudwa Tiger Reserve) ആനയെ മാറ്റുന്ന ദൃശ്യമാണിത്. 2018 മെയ് ഒന്നിനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  

കൂടുതല്‍ വിശദാംശങ്ങൾക്കായി ഞങ്ങള്‍ ശിവമോഗ ടസ്‌ക്കര്‍ സാക്രിബൈലു കോ-ഓര്‍ഡിനേറ്ററായ പി.യേശുദാസുമായി സംസാരിച്ചു. “ഈ ദൃശ്യങ്ങൾ ഞങ്ങളുടെ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതാണ്.  യൂപിയിലെ ദുദ്വ റിസര്‍വിലേക്ക് അമൃത എന്ന പിടിയാനയെ  മാറ്റിയിരുന്നു. അപ്പോഴുള്ള വീഡിയോ ആണിത്.  പരിശീലനത്തിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ കൊണ്ടുപോയത്. ഇതിന്റെ മുഴുവൻ വീഡിയോ ഞങ്ങളുടെ യുട്യൂബില്‍ കൊടുത്തിട്ടുണ്ട്.” 

വീഡിയോ ദൃശ്യങ്ങൾക്ക് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അരിക്കൊമ്പനെ ദൌത്യസംഘം പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.  

നിഗമനം  

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങൾ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ റിസർവിലേക്ക്  മാറ്റുന്ന ദൃശ്യങ്ങൾ അല്ല. കര്‍ണ്ണാടകയിലെ ശിവമോഗ സാക്രിബൈലു ആനപരിശീലനകേന്ദ്രത്തിൽ നിന്നും അമൃതയെന്ന പിടിയാനയെ ഉത്തര്‍പ്രദേശിലെ ദുദ്വ ടൈഗര്‍ റിസര്‍വിലേക്ക് കൊണ്ടുപോകുന്നതാണെന്ന് ആനപരിശീലന കേന്ദ്രം അധികൃതർ അറിയിച്ചിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *