FACT CHECK – ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ കഴിഞ്ഞ 29 വര്‍ഷമായി ആശപുപത്രി സമിതി പ്രസിഡന്‍റായിരുന്നു. എന്നാല്‍ കെപിസിസി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നലിപാട് ദിവാകരന്‍ സ്വീകരിച്ചതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മമ്പറം ദിവകാരന്‍റെ വിമത പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഔദ്യോഗിക പാനല്‍ ഭരണം പിടിച്ചെടുക്കയും ചെയ്തു. ഇതെ കുറിച്ച് വലിയ വാര്‍ത്തകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ഭരണം പിടിച്ചു എന്ന അര്‍ധത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

ഇത്തരത്തില്‍ കോൺഗ്രസ്സിനെ തോൽപ്പിച്ച് തലശ്ശേരി ആശുപത്രി സ്വന്തമാക്കിയ കോൺഗ്രസ്സിന് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ… എന്ന തലക്കെട്ട് നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഷര്‍ട്ട് ധരിക്കാതെ പ്രകടനം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. KL 14 സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 630ല്‍ അധികം റിയാക്ഷനുകളും 50ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരുടെ പാനലിനെ തോല്‍പ്പിച്ച് ഔദ്യോഗിക പാനല്‍ വിജയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന്‍റെ ചിത്രമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രകടനത്തിന്‍റെ ചിത്രത്തെ കുറിച്ചറിയാന്‍ ഫെയ്‌സ്ബുക്കില്‍ ഷര്‍ട്ട്, കോണ്‍ഗ്രസ്, പ്രകടനം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ ചിത്രം  കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ 2019ല്‍ ബാബു പോള്‍ മറാച്ചേരി എന്ന വ്യക്തി പങ്കുവെച്ച ചിത്രമാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആക്ഷേപഹാസ്യ രൂപേണയാണ് ബാബു പോള്‍ മാറാച്ചേരിയുടെ പ്രൊഫൈലിലും ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കൂടാതെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തെ കുറിച്ചും ഞങ്ങള്‍ മുഖ്യധാരമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ചിത്രം ഇപ്പോള്‍ നടന്ന പ്രകടനത്തിന്‍റേതല്ലയെന്നും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവകാരന്‍ കോണ്‍ഗ്രസിന്‍റെ വിമതനായിട്ടാണ് ആശുപത്രി ഭരണ സമിതിയില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് കോണ്‍ഗ്രസിനെതിരെ മത്സരിച്ചു വിജയം നേടി എന്ന തലക്കെട്ടും അതുകൊണ്ട് തന്നെ തെറ്റാണ്.

2019 ജൂലൈ 25ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം-

യഥാര്‍ത്ഥത്തില്‍ എന്ത് കാരണം ഉന്നയിച്ചാണ് ഷര്‍ട്ട് ധരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ഈ പ്രതിഷേധ പ്രകടനം നടത്തിയതെന്ന് ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ലേഖനത്തില്‍ പിന്നീട് ചേര്‍ക്കുന്നതാണ്.

നിഗമനം

2019 മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്‍റെ ചിത്രമാണ് കഴിഞ്ഞ ദിവസം നടന്ന തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •